നവകേരള സദസ് അക്ഷരാർഥത്തിൽ വേസ്റ്റായിരുന്നുവെന്ന് വി.എം. സുധീരൻ

തിരുവനന്തപുരം : നവകേരള സദസ് അക്ഷരാർഥത്തിൽ വേസ്റ്റ് ആയിരുന്നുവെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ. ക്രിസ്തുമസ് ദിനത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ കെ റെയിൽ സിൽവർ ലൈൻ ജനകീയ സമര സമിതിയുടെ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നവകേരള സദസ് കൊണ്ട് കേരളത്തിന് പ്രയോജനമൊന്നും കിട്ടിയില്ല. സർക്കാരിനുതെല്ലെങ്കിലും ധാരണയുണ്ടായിരുന്നെങ്കിൽ ചിന്താശക്തിയുള്ളവരുമായി ചർച്ച ചെയ്യുമായിരുന്നു. അങ്ങനെ ആലോചന നടത്തിയിരുന്നുവെങ്കിൽ നവകേരള സദസ് ഇതേ രീതിയല്ല ആസൂത്രണം ചെയ്യുക. മന്ത്രിമാർ കൗണ്ടറുകളിൽ ഇരുന്നു ജനങ്ങളുടെ പരാതി സ്വീകരിച്ച് പരിഹാരം നിർദേശിച്ചുവെങ്കിൽ നവകേരള സദസ് ഗുണകരമായിരുന്നു.

സെക്രട്ടേറിയറ്റിലടക്കം സർക്കാർ ഓഫിസുകളിൽ എട്ടു ലക്ഷത്തിലധികം ഫയലുകൾ പരിഹാരമില്ലാതെ കെട്ടികിടക്കുമ്പോഴാണ് നവ കേരള സദസ് നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന് അധികകാലം കേരളീയരെ പറ്റിച്ച് മുന്നോട്ട് പോകാൻ സാധിക്കില്ല. എന്തിനായിരുന്നു നവകേള സദസ് എന്ന പാഴ് വേലയെന്ന് ആർക്കും അറിയില്ല. സദസിലൂടെ യാതൊന്നും നടന്നിട്ടില്ലെന്ന് ജനങ്ങൾ അറിയാം. യാത്ര കടന്നുപോയപ്പോൾ കലാപമുണ്ടാക്കാൻ മുഖ്യമന്ത്രി അഹ്വാനം ചെയ്തു. കലാപത്തിന് വഴിയെരുക്കിയെന്നതാണ് നവകേരള സദസിന്റെ സംഭവാനയെന്നും സുധീരൻ പറഞ്ഞു.

ജനങ്ങൾ തള്ളിക്കളഞ്ഞ കെ റെയിൽ പദ്ധതി നവകേരള സദസിൽ വീണ്ടും തല പൊക്കി. ഈ നാടിന് ഹിതകരമല്ലാത്ത പദ്ധതിയാണിത്. പദ്ധതിക്കെതിരെ വലിയ പ്രതികരണമാണ് സംസ്ഥാനത്തുണ്ടായത്. ഇത്രയേറെ ജനരോക്ഷം ഉയർന്ന മാറ്റൊരു പദ്ധതി വേറെയില്ല. അത്രമാത്രം വലിയ എതിർപ്പാണ് ഉയർന്നത്. ജനങ്ങളുടെ ജിവിതത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന പദ്ധതിയാണ്. സ്വന്തം ഭൂമിയിൽ ജീവിക്കാനുള്ള ജനങ്ങളുടെ അവകാശത്തെയാണ് സർക്കാർ ചോദ്യം ചെയ്യുന്നത്.

കെ റെയിൽ പദ്ധതിയിൽ നിന്ന് കമീഷൻ വാങ്ങുന്നതിനുള്ള അമിതാവേശമാണ് സർക്കാർ കാണിക്കുന്നത്. കേരളത്തിന് കുറുകെ വൻ മതിലുകൾ കെട്ടിപ്പൊക്കി അതിനകത്ത് കല്ലും മണ്ണും നിറക്കണം. വിഴിഞ്ഞം പദ്ധതിക്ക് പോലും ആവശ്യമായ പാറ ലഭിക്കുന്നില്ല. കെ റെയിൽ പദ്ധതിക്ക് അവശ്യമായ കല്ല് എവിടെനിന്ന് കിട്ടുമെന്ന ചോദ്യത്തിന് സർക്കാർ ഉത്തരം പറയണം. കേരളത്തെ രണ്ടായി മുറിച്ചുമാറ്റുന്ന വൻമതിലാണിത്. മഴക്കാലത്തെ വെള്ളപ്പൊക്കത്തിൽ വെള്ളം പടിഞ്ഞാറോട്ട് ഒഴുകണം. അതിന് തടസമായി വൻമതിൽ മാറുമെന്ന കാര്യമെങ്കിലും സർക്കാർ ഓർമ്മിക്കണമെന്നും സുധീകരൻ പറഞ്ഞു.

Tags:    
News Summary - V.M. Sudhiran said that the Navakerala audience was literally a waste.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.