തിരുവനന്തപുരം: ലോക്സഭ സെക്രട്ടേറിയറ്റിന്റെ വിശ്വാസ്യതയും നിഷ്പക്ഷതയും ചോദ്യം ചെയ്യാവുന്ന സാഹചര്യത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം സുധീരൻ. സൂറത്ത് കോടതിവിധിക്ക് തൊട്ടു പിന്നാലെ തന്നെ രാഹുൽ ഗാന്ധിയെ എം.പി. സ്ഥാനത്തിന് അയോഗ്യനാക്കി വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് അമിതാവേശവും അത്യുത്സാഹവും പ്രകടിപ്പിച്ച ലോക്സഭാ സെക്രട്ടേറിയറ്റ് സുപ്രീംകോടതി വിധി വന്നതിനുശേഷവും രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് വിജ്ഞാപനം കൈയോടെ പുറപ്പെടുവിക്കുന്നതിൽ വൈമുഖ്യം കാണിക്കുകയാണ്.
ഇക്കാര്യം സംബന്ധിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് അധീർ രഞ്ജൻ ചൗധരിയുടെ കത്ത് നേരിട്ട് സ്വീകരിക്കുന്നതിന് വൈമുഖ്യം കാണിച്ച ലോക്സഭാ സ്പീക്കറുടെയും സെക്രട്ടറി ജനറലിന്റെയും നടപടി എന്തോ കള്ളക്കളിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു എന്ന സൂചനയാണ് നൽകുന്നത്.
രാഹുൽ ഗാന്ധിയെ ലോക്സഭാംഗത്വത്തിൽ നിന്നും പുറത്താക്കുന്നതിൽ കാണിച്ച അതിവേഗത്തിലുള്ള നടപടി എന്തുകൊണ്ട് തിരിച്ചെടുക്കുന്നതിൽ കാണിക്കുന്നില്ലെന്ന ചോദ്യത്തിന് ലോക്സഭാ സെക്രട്ടറിയറ്റ് മറുപടി പറയാൻ ബാധ്യസ്ഥരാണ്.
രാഹുൽ ഗാന്ധിക്ക് എതിരെയുള്ള വർഗീയ-ഫാസിസ്റ്റ് ശക്തികളുടെ കൈയിലെ കരുവാകുന്ന അവസ്ഥ ലോക്സഭാ സെക്രട്ടേറിയറ്റിന് തീരാകളങ്കമാകും വരുത്തി വെക്കുക. രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം ഉടനടി പുനസ്ഥാപിച്ചേ മതിയാകൂവെന്നും സുധീരൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.