വയനാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ലക്കിടി ജി.എൽ.പി സ്കൂളിലെ ബൂത്ത് സന്ദർശിച്ച് മടങ്ങുന്നു

മുന്നണികളുടെ നെഞ്ചിടിപ്പേറ്റി വോട്ടുകണക്കിലെ ‘കയറ്റിറക്കം’

തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങൾ ആളിക്കത്തുകയും ഭരണനയങ്ങൾ വിചാരണ വിധേയമാവുകയും ചെയ്ത ഉപതെരഞ്ഞെടുപ്പിൽ വോട്ടുശതമാനത്തിലെ ‘കയറ്റിറക്കം’ മുന്നണികളുടെ നെഞ്ചിടിപ്പേറ്റുന്നു. വിധിയെഴുത്ത് ലോക്സഭയിലേക്കും നിയമസഭയിലേക്കുമാണെന്നതും വ്യത്യസ്ത സ്വഭാവങ്ങളുണ്ടെന്നതും മുൻനിർത്തി സമാധാനത്തിന് രാഷ്ട്രീയ ന്യായങ്ങൾ നിരത്തുകയാണ് മുന്നണികൾ. രണ്ടു മണ്ഡലങ്ങളിൽ ജനം വിധിയെഴുതുമ്പോൾ മൂന്നാമിടത്ത് തെരഞ്ഞെടുപ്പ് പ്രചാരണം പൊടിപാറുന്നെന്ന സവിശേഷതയും ഇക്കുറിയുണ്ട്.

ലോക്സഭ വോട്ടെടുപ്പ് ദിനത്തിലേതുപോലെ ഇ.പി. ജയരാജൻ സജീവ ചർച്ചയായതും ജനവിധിയെ എങ്ങനെ സ്വാധീനിക്കുമെന്നത് മുന്നണികൾ ഉറ്റുനോക്കുന്നു. പ്രിയങ്ക ഗാന്ധി കന്നിയങ്കം കുറിച്ച വയനാട്ടിൽ 2024 ലെ പൊതുതെരഞ്ഞെടുപ്പിനെക്കാൾ പോളിങ് ശതമാനം ഇടിഞ്ഞപ്പോൾ ചേലക്കരയിൽ 2024 ലെ കണക്കുകൾ മറികടന്നു. അതേ സമയം 2021 ലെ നിയമസഭ തെരഞ്ഞെടുപ്പുമായി (77.28 ശതമാനം) താരതമ്യം ചെയ്യുമ്പോൾ ചേലക്കരയിൽ വോട്ടുനില ഇക്കുറി കുറവുമാണ്. വിഷയങ്ങളും വിവാദങ്ങളും സമാനമെങ്കിലും രണ്ടിടത്തെയും പോളിങ് ഒരേ പാറ്റേൺ ഒരുപോലെയല്ലെന്ന് കൂടിയാണ് ഈ കണക്കുകൾ വിരൽചൂണ്ടുന്നത്.

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ മാത്രമായിരുന്നു യു.ഡി.എഫിലെ തർക്കം. അഞ്ചു ലക്ഷം പിന്നിടുമെന്ന അവകാശവാദങ്ങളുമായി തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും ആറു മാസം മുമ്പ് നടന്ന തെരഞ്ഞെടുപ്പിനെക്കാൾ എട്ടു ശതമാനത്തോളം കുറവുണ്ടായത് കോൺഗ്രസ് ക്യാമ്പിനെ കാര്യമായി അമ്പരിപ്പിക്കുന്നു. അതേസമയം, പ്രിയങ്കയുടെ വിജയം ഉറപ്പായതിനാൽ എതിരാളികൾ വോട്ടിനെത്താഞ്ഞതാണ് ശതമാനക്കണക്കിൽ കുറവ് വരാൻ കാരണമെന്നും ഒരു സാഹചര്യത്തിലും ഭൂരിപക്ഷം കുറയില്ലെന്നുമാണ് കോൺഗ്രസിന്‍റെ ആത്മവിശ്വാസം. എന്നാൽ, യു.ഡി.എഫിന് ലഭിക്കേണ്ട വോട്ടുകളാണ് പോൾ ചെയ്യാഞ്ഞതെന്നും രാഹുൽ ഗാന്ധിയുടെ പിന്മാറ്റം മൂലം വീണ്ടും ഉപതെരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ചതിലെ പ്രതിഷേധം വോട്ടിൽ നിഴലിക്കുന്നുണ്ടെന്ന് ഇടതുപക്ഷവും കരുതുന്നു.

പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞ ആറു മാസം പിന്നിടുമ്പോഴാണ് വീണ്ടും ഉപതെരഞ്ഞെടുപ്പ് എത്തിയെന്നതും ഒപ്പം ഫലപ്രഖ്യാപനം അധികാര നിർണയത്തെ സ്വാധീനിക്കുന്നില്ലെന്നതും വയനാട്ടിൽ പോളിങ് കുറയാൻ ഇടയാക്കി എന്ന പൊതുവിലയിരുത്തലുമുണ്ട്.

അതേ ഇരുമുന്നണികളും വലിയ വിജയ പ്രതീക്ഷ പുലർത്തുന്ന ചേലക്കരയിൽ വാശിയേറിയ പോരാട്ടവീര്യത്തിന്‍റെ പ്രതിഫലനമാണ് വോട്ടിങ് ശതമാനം. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന ചേലക്കരയില 72.01 ശതമായിരുന്നു പോളിങ്. ഇതു മറികടന്നുവെന്നതാണ് ഉപതെരഞ്ഞെടുപ്പിലെ പ്രത്യേകത. ഉറച്ച സി.പി.എം മണ്ഡലമെന്നതാണ് ഇടത് ആത്മവിശ്വാസം.

Tags:    
News Summary - Voter turnout's impact on party performance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.