തൊടുപുഴ: മൂന്നാറിൽ നിർമാണ നിയന്ത്രണം നിലവിൽ വരാൻ കാരണം വി.എസ് സർക്കാർ നടത്തിയ ഇടപെടൽ. മൂന്നാർ സംരക്ഷണം സംബന്ധിച്ച വൺ എർത്ത് വൺ ലൈഫ് സംഘടനയുടെ ഹരജിയിൽ ചീഫ് ജസ്റ്റിസ് എസ്.ആർ. ബന്നൂർമഠ്, ജസ്റ്റിസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ എന്നിവർ ഉൾപ്പെട്ട ഹൈകോടതി ഡിവിഷൻ ബെഞ്ച് 2010 ജനുവരി 21ന് പുറപ്പെടുവിച്ച വിധിയിൽ സംസ്ഥാന സർക്കാറിനുവേണ്ടി അന്നത്തെ അഡീഷനൽ അഡ്വക്കറ്റ് ജനറൽ മൂന്നാറിൽ കെട്ടിട നിർമാണത്തിന് റവന്യൂ വകുപ്പിന്റെ നിരാക്ഷേപ പത്രവും പഞ്ചായത്തിന്റെ അനുമതിപത്രവും നിർന്ധമാക്കും എന്നു കോടതിയെ അറിയിച്ചതായി പറയുന്നുണ്ട്. ഇതോടെയാണ് മൂന്നാറിൽ കെട്ടിട നിർമാണ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
അന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനായിരുന്നു. റവന്യൂ മന്ത്രി സി.പി.ഐയിലെ കെ.പി. രാജേന്ദ്രൻ. തദ്ദേശസ്വയം ഭരണമന്ത്രി സിപി.എമ്മിലെ പാലോളി മുഹമ്മദുകുട്ടി, വനംമന്ത്രി സി.പി.ഐയിലെ ബിനോയ് വിശ്വം. അന്ന് സർക്കാറിനുവേണ്ടി കോടതിയിലെത്തിയ അഡീഷനൽ അഡ്വക്കറ്റ് ജനറൽ രഞ്ജിത്ത് തമ്പാൻ തന്നെയാണ് നിലവിൽ മൂന്നാർ കേസിൽ ഹൈകോടതി നിയമിച്ച അമിക്കസ് ക്യൂറി. 2010ലെ വി.എസ് മന്ത്രിസഭയിൽ പി.ജെ. ജോസഫ് പൊതുമരാമത്ത് മന്ത്രിയുമായിരുന്നു.
മൂന്നാർ പ്രദേശത്ത് നിർമാണ നിരോധനം നിർദേശിക്കുമ്പോൾ പി.ജെ. ജോസഫ് (തൊടുപുഴ), എസ്. രാജേന്ദ്രൻ (ദേവികുളം), റോഷി അഗസ്റ്റിൻ (ഇടുക്കി), കെ.കെ. ജയചന്ദ്രൻ (ഉടുമ്പൻചോല), ഇ.എസ്. ബിജിപോൾ (പീരുമേട്) എന്നിവരായിരുന്നു ഇടുക്കിയിൽനിന്നുള്ള എം.എൽ.എമാർ. ഇതിൽ അഞ്ചുപേരും ഇടതു മുന്നണി പ്രതിനിധികളായിരുന്നു. 2010 ജനുവരിയിൽ ഹൈകോടതിയിൽ നിർദേശിക്കപ്പെട്ട മൂന്നാറിലെ നിർമാണ നിരോധനം സംബന്ധിച്ച ഉത്തരവിറക്കിയത് 2016 ജൂൺ ഒമ്പതിനാണ്. അനുബന്ധ ഉത്തരവ് പുറപ്പെടുവിച്ചത് 2016 ആഗസ്റ്റ് ഒന്നിനും. അതായത് വി.എസ് സർക്കാർ നിർദേശിച്ച നിർമാണ നിയന്ത്രണം നടപ്പാക്കിയത് പിന്നീടു വന്ന യു.ഡി.എഫ് സർക്കാറല്ല മറിച്ച് അതിനും ശേഷം വന്ന പിണറായി വിജയൻ സർക്കാറാണ്. ഏതൊക്കെ വില്ലേജുകളായിരിക്കണം മൂന്നാർ പ്രദേശത്തിൽ ഉൾപ്പെടുത്തേണ്ടതെന്ന് ഹൈകോടതി ഉത്തരവിലുണ്ടായിരുന്നില്ല. പിന്നീടു വില്ലേജുകളെ ഉൾപ്പെടുത്തിയത് സി.പി.ഐയിലെ ഇ. ചന്ദ്രശേഖരൻ ഭരിച്ച റവന്യൂ വകുപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.