തിരുവനന്തപുരം: സെബിയുടെ റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തില്‍ ചെമ്മണ്ണൂര്‍ ഇൻറര്‍ നാഷനല്‍ ജ്വല്ലേഴ്സ് നടത്തുന്ന നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് വി.എസ്. അച്യുതാനന്ദന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ചിട്ടിഫണ്ടുകളുടെയും സ്വര്‍ണ നിക്ഷേപങ്ങളുടെയും പേരിലുള്ള തട്ടിപ്പുകള്‍ സംസ്ഥാനത്ത് പെരുകുന്നു. സെൻറ് ജോസഫ് സാധുജനസംഘം, ചാലക്കുടി കേന്ദ്രമായ ഫിനോമിനല്‍ ഗ്രൂപ്, നിര്‍മല്‍ ചിട്ടിഫണ്ട് മുതലായ തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചുവരുകയാണ്. ഇതുമൂലം ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതമാണ് വഴിമുട്ടിനില്ക്കുന്നത്.
എന്നാൽ ഇതിനെക്കാളെല്ലാം ഭീമമായ തട്ടിപ്പാണ് ചെമ്മണ്ണൂര്‍ ഇൻറർ നാഷനൽ ജ്വല്ലറിയുടെ പേരില്‍ നടക്കുന്നത്. ഇതു സംബന്ധിച്ച് താന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിനും കേന്ദ്ര ധനകാര്യ ഏജന്‍സികള്‍ക്കും പരാതി നല്‍കിയിരുന്നു. പ്രതീക്ഷിച്ചതുപോലെ, യു.ഡി.എഫ് സര്‍ക്കാര്‍ ഇതിന്മേല് ഒരു നടപടിയും സ്വീകരിച്ചില്ല.
2012 മുതല്‍ 2015 വരെ 998.4 കോടി പൊതുജനങ്ങളില്‍നിന്ന് ഈ സ്ഥാപനം സ്വര്‍ണ നിക്ഷേപത്തിനുള്ള അഡ്വാന്‍സായി പിരിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ഇതേ കാലയളവിലെ വിറ്റുവരവ് വെറും 66.3 കോടിയാണ്.
വില്‍ക്കാനായി സൂക്ഷിച്ചിരുന്ന സ്വര്‍ണം വെറും 35.26 കോടിയുടേതും. ഇതുസംബന്ധിച്ച് ആധികാരിക വിവരം ഉത്തരവാദിത്തപ്പെട്ടവരില്‍നിന്ന് ലഭിച്ചിട്ടും ഈ തട്ടിപ്പിന് ജനങ്ങളെ വിട്ടുകൊടുക്കുന്ന പൊലീസ് നടപടി ശരിയല്ലെന്ന് വി.എസ് അഭിപ്രായപ്പെട്ടു.
കോഴിക്കോട്: ചെമ്മണ്ണൂർ ഇൻറർനാഷനൽ ജ്വല്ലേഴ്സ് പ്രവർത്തിക്കുന്നത് നിയമപ്രകാരമാണെന്നും സെബി, ആർ.ബി.ഐ തുടങ്ങിയവയുെട നിർദേശങ്ങൾ അനുസരിച്ചാണെന്നും ചെമ്മണ്ണൂർ ഗ്രൂപ് ചെയർമാൻ ബോബി ചെമ്മണ്ണൂർ. സ്ഥാപനം നിയമവിരുദ്ധമായി സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നുവെന്ന വി.എസ്. അച്യുതാനന്ദെൻറ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വി.എസിെൻറ ആരോപണത്തിൽ കഴമ്പില്ല. ചെമ്മണ്ണൂർ ഇൻറർനാഷനൽ ജ്വല്ലേഴ്സിെൻറ വിറ്റുവരവ് 2500 കോടിയാണ്, ആസ്തി 1550 കോടിയും. സെയിൽ ഓഫ് ഗുഡ്സ് ആക്ട് സെക്ഷൻ നാല് പ്രകാരവും ആർ.ബി.ഐയുടെ 45 ഐ.ബി.ബി 5ഡി ആക്ട് പ്രകാരവും നിയമാനുസൃതവുമായാണ് ഗോൾഡ് അഡ്വാൻസ് സ്കീം നടപ്പാക്കുന്നത്. ഇന്ത്യയിലെ എല്ലാ ജ്വല്ലറികളും ഇതേരീതിയിൽത്തന്നെയാണ് പ്രവർത്തിക്കുന്നത്.
ഗ്രൂപ്പിനുകീഴിൽ ഷെയർ ഹോൾഡേഴ്സ് ഉള്ള ഒരു ലിമിറ്റഡ് കമ്പനിയും പ്രവർത്തിക്കുന്നുണ്ട്. 2014 വരെ ലിമിറ്റഡ് കമ്പനികളിൽ എത്ര ഷെയർഹോൾഡേഴ്സിനുവേണമെങ്കിലും ചേരാമായിരുന്നു. എന്നാൽ ഒരു കമ്പനിയിൽ 200 പേരേ പാടുള്ളൂ എന്ന് 2014ൽ നിയമം വന്നതിനുശേഷം എണ്ണം 200 ആക്കിയെന്നും ബോബി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.