വീണ ജോർജിനെ ഒറ്റതിരഞ്ഞ് ആക്രമിക്കാനുള്ള നീക്കത്തെ ചെറുക്കുമെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: മന്ത്രി വീണ ജോർജിനെ ഒറ്റതിരഞ്ഞ് ആക്രമിക്കാനുള്ള നീക്കത്തെ ഒറ്റക്കെട്ടായി ചെറുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. സി.പി.എം വഞ്ചിയൂർ ഏരിയ കമ്മിറ്റി മാലിന്യ മുക്ത കേരളം ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അനാവശ്യ ആക്ഷേപങ്ങൾ ആണ് മന്ത്രി വീണ ജോർജിനെതിരെ ഉന്നയിക്കുന്നത്. അതിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനകളുമുണ്ട്. മുൻ മന്ത്രിമാർ ഇക്കാര്യത്തിൽ മത്സരിക്കുകയാണ്. ദാരുണമായ ഒരു സംഭവത്തെ അപലപിക്കുകയല്ല ഇവരുടെ ലക്ഷ്യം.

മറിച്ച് ആ സംഭവത്തെ ഇടതുപക്ഷത്തെ എതിർക്കാനുള്ള കാരണം ആക്കുകയാണ് പ്രതിപക്ഷം. ഏറ്റവും ദുഃഖകരമായ അന്തരീക്ഷത്തെ പോലും ആരോപണങ്ങളുടെ അന്തരീക്ഷം ആക്കി മാറ്റുന്ന ഏറ്റവും നീചവും നികൃഷ്ടവുമായ പ്രവൃത്തിയാണ് ഇവർ ചെയ്യുന്നത്. വീണ ജോർജിനെ അപമാനിക്കുന്നതിലൂടെ കേരളത്തിലെ സ്ത്രീത്വത്തെ തന്നെ അപമാനിക്കുകയാണ് പ്രതിപക്ഷം.

മരണ വീട്ടിലെ കണ്ണീരിന് പോലും രാഷ്ട്രീയ വ്യാഖ്യാനം നൽകുന്നു. ദുരാരോപണങ്ങളുടെ പേമാരിയെ ചെറുത്താണ് ജനം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിച്ചത്. സ്ത്രീ സുരക്ഷ സർക്കാരിന് പരമപ്രധാനമാണ്. ഇക്കാര്യത്തിൽ കേരളം മുന്നിലാണെന്ന് നാഷണൽ ക്രൈം റെകോർഡ്സ് ബ്യൂറോയുടെ കണക്കുകൾ തന്നെ തെളിയിക്കുന്നു.

ഒരു പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ട ദുഖകരമായ സാഹചര്യത്തിലെ വാക്കുകളെ വളച്ചൊടിച്ച് വിവാദമാക്കാന്‍ ശ്രമിക്കുന്നത് ക്രൂരതയാണ്. അത് കേരള ജനത തിരിച്ചറിയുന്നുണ്ട്. കേരളം ഒറ്റക്കെട്ടായി കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തോടൊപ്പം ഉണ്ട്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ സർക്കാർ പരമാവധി ശ്രമിക്കും. ഇതിനിടയിലെ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉന്നം വച്ചുള്ള പ്രവർത്തനങ്ങൾ കേരള ജനത തിരിച്ചറിയും എന്നത് തീർച്ചയെന്നും വി. ശിവൻകുട്ടി പ്രസ്താവനയിൽ അറിയിച്ചു.

Tags:    
News Summary - V.Shivankutty said that he will resist the move to single-handedly attack Veena George.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.