പൊതു വിദ്യാഭ്യാസ മേഖലയിൽ കേരളം പുതിയ ഉയരങ്ങൾ കീഴടക്കുന്നുവെന്ന് വി. ശിവൻകുട്ടി

കൊച്ചി: പൊതു വിദ്യാഭ്യാസ മേഖലയിൽ കേരളം പുതിയ ഉയരങ്ങൾ കീഴടക്കുകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. എറണാകുളം ഗവൺമെൻറ് ഗേൾസ് എൽ.പി സ്കൂളിൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

പൊതു വിദ്യാഭ്യാസ മേഖലയിലെ ഈ വളർച്ച രാജ്യാന്തരതലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടതാണ്. സാങ്കേതികതയെ വിദ്യാഭ്യാസവുമായി കൂട്ടിച്ചേർക്കുന്നതിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഏറെ മുന്നേറി. യുനെസ്കോയുടെ ഗ്ലോബൽ എജ്യുക്കേഷൻ മോണിറ്ററിംഗ് റിപ്പോർട്ട് 2023 ഈ മേഖലയിലെ കേരളത്തിന്റെ ശ്രമങ്ങളെ അംഗീകരിച്ചിട്ടുണ്ട്. സർക്കാർ വിദ്യാലയങ്ങളിലേക്ക് വിദ്യാർഥികളുടെ പ്രവേശനം, തുല്യത, ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്തുന്ന കാര്യത്തിൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ സംസ്ഥാനം പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയിൽ ഏറ്റവും ഉയർന്ന ഇന്റർനെറ്റ് കണക്ടിവിറ്റി നിരക്കുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കോവിഡ് സമയത്തും വിദ്യാർഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം നൽകി. നിരവധി നൂതന ഡിജിറ്റൽ ലേണിംഗ് പ്ലാറ്റ്‌ഫോമുകൾ സംസ്ഥാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ പ്ലാറ്റ്‌ഫോമുകൾ പാഠപുസ്തകങ്ങൾ, വീഡിയോകൾ, മൂല്യനിർണ്ണയങ്ങൾ എന്നിവയുൾപ്പെടെ വിപുലമായ വിദ്യാഭ്യാസ ഉറവിടങ്ങളിലേക്കാണ് പ്രവേശനം നൽകുന്നത്.

ക്ലാസ് മുറിയിൽ സാങ്കേതികവിദ്യ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നതിനെക്കുറിച്ച് അധ്യാപകരെയും നമ്മൾ പരിശീലിപ്പിച്ചിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ അധ്യാപനത്തിന്റെയും പഠനത്തിന്റെയും ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സ്കൂൾ വിദ്യാഭ്യാസത്തിൽ സാങ്കേതിക വിദ്യ ഉൾപ്പെടുത്തുന്നതിൽ കേരളം കൈവരിച്ച നേട്ടങ്ങൾ എല്ലാ വിദ്യാർത്ഥികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാനുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണ്. കേരളം ഈ രംഗത്ത് കൂടുതൽ പുരോഗതി കൈവരിക്കുമെന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാകുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ സംസ്ഥാനം ഏറെ മുന്നേറിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ ഹാജർ, പ്രകടനം, മൂല്യനിർണ്ണയ ഡാറ്റ എന്നിവ ട്രാക്ക് ചെയ്യുന്നതിന് നിരവധി ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ കാര്യക്ഷമതയും ഫലപ്രാപ്തിയും മെച്ചപ്പെടുത്താൻ ഇത് സഹായിച്ചു.

സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ ഈ വളർച്ചക്ക് കാരണം കഴിഞ്ഞ കുറെ വർഷങ്ങളായി സംസ്ഥാന സർക്കാർ വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവന്ന ഡിജിറ്റൽ വിപ്ലവമാണ്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും വിദ്യാകിരണം പദ്ധതിയും വഴി ആയിരക്കണക്കിന് കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങളാണ് നമ്മുടെ പൊതു വിദ്യാലയങ്ങളിൽ നടന്നത്. ഇതിന്റെ ഭാഗമായി 45,000 ക്ലാസ് മുറികൾ ഹൈടെക് ആക്കി. എല്ലാ മണ്ഡലങ്ങളിലും വിവിധ ഫണ്ടുകൾ ഉപയോഗിച്ച് പുതിയ സ്കൂൾ കെട്ടിടങ്ങൾ സ്ഥാപിച്ചു. ആ വികസനത്തിന്റെ മാതൃകയാണ് എറണാകുളം ഗവ.ഗേൾസ് എൽപി സ്കൂളും. പുതിയ സ്കൂൾ കെട്ടിടം സ്കൂളിന്റെ അക്കാദമിക പ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ അനുവദിച്ച ഒരുകോടി രൂപയുടെ പ്ലാൻ ഫണ്ടും സമഗ്ര ശിക്ഷ കേരളയുടെ 28.5 ലക്ഷ്യം രൂപയുടെ സിവിൽ വർക്ക് ഫണ്ടും ഉപയോഗിച്ചാണ് സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ആറ് ക്ലാസ് മുറികൾ, രണ്ട് ശുചിമുറികൾ, ഒരു ഊണ് മുറി എന്നിവയാണ് പുതിയ കെട്ടിടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിദ്യാലയത്തിൽ പൂർത്തിയാക്കിയ ഒന്നാം തരം ക്ലാസ് മുറിയുടെ ഉദ്ഘാടനം കൊച്ചി കോർപ്പറേഷൻ മേയർ എം.അനിൽകുമാർ നിർവഹിച്ചു. ടി.ജെ വിനോദ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

Tags:    
News Summary - V.Shivankutty that Kerala is conquering new heights in the field of public education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.