തിരുവനന്തപുരം: അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പേരിൽ എന്തുമാകാമെന്ന് വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർ കരുതരുതെന്ന് മന്ത്രി വി. ശിവൻകുട്ടി. മുന്നറിയിപ്പില്ലാതെ ഫോക്കസ് ഏരിയയിൽ മാറ്റം വരുത്തിയുള്ള പരീക്ഷ നടത്തിപ്പിനെതിരെ ഫേസ്ബുക്കിലൂടെ വിമർശനം നടത്തിയ പയ്യന്നൂർ ഗവ. ഗേൾസ് എച്ച്.എസ്.എസിലെ അധ്യാപകൻ പി. പ്രേമചന്ദ്രനെ വിദ്യാഭ്യാസ വകുപ്പ് ‘സെൻഷ്വർ’ (താക്കീത്) ചെയ്ത സംഭവം പരോക്ഷമായി സൂചിപ്പിച്ചായിരുന്നു മന്ത്രിയുടെ പരാമർശം.
‘‘അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ട്; അതുകൊണ്ട് എന്തുമാകാമെന്ന് കരുതരുത്. നയപരമായ കാര്യങ്ങളിൽ സർക്കാറാണ് തീരുമാനമെടുക്കേണ്ടത്. 47 ലക്ഷം കുട്ടികളാണ് സ്കൂളുകളിൽ പഠിക്കുന്നത്. അവരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ പാടില്ല. അച്ചടക്കത്തിന്‍റെ കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ല’’ -മന്ത്രി പറഞ്ഞു. 2022ലെ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷ നടത്തിപ്പിൽ വിദ്യാർഥികളെയും അധ്യാപകരെയും അറിയിക്കാതെ ഫോക്കസ് ഏരിയയിൽ മാറ്റം
വരുത്തിയതിനെതിരെയായിരുന്നു പ്രേമചന്ദ്രൻ വിമർശനം നടത്തിയത്. ഒരു വർഷത്തിലേറെ നീണ്ട നടപടികൾക്കുശേഷം വിരമിക്കുന്നതിന് തൊട്ടുമുമ്പാണ് അധ്യാപകന് ‘സെൻഷ്വർ’ ശിക്ഷ വിധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.