പാലക്കാട്: ബന്ധുനിയമനം, ഇൻഡിഗോ വിമാനത്തിലെ അടി, വൈദേകം റിസോർട്ട്, ജാവദേക്കർ കൂടിക്കാഴ്ച തുടങ്ങിയ വിഷയങ്ങളിലൊക്കെ ഇ.പി ജയരാജന്റെ വ്യക്തിപരമായ ഇന്റഗ്രിറ്റിയും പറയുന്ന കാര്യങ്ങളിലെ വിശ്വാസ്യതയും കേരളത്തിന് എത്രയോ വട്ടം മനസ്സിലായതാണെന്ന് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്റെ ആത്മകഥ വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇനിയും എഴുതി പൂര്‍ത്തിയാകാത്ത ആത്മകഥ ഇപേപാൾ പുറത്തുവിട്ടതിലൂടെ ഡി.സി ബുക്സ് ക്രിമിനൽ കുറ്റമാണ് ചെയ്തതെന്നാരോപിച്ച് ഇ.പി ജയരാജൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.
ഈ സാഹചര്യത്തിൽ ക്രഡിബിലിറ്റി തെളിയിക്കേണ്ടത് ഡിസി ബുക്സാണെന്ന് വി.ടി. ബൽറാം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. ഇ.പി. ജയരാജനുമായി പുസ്തക പ്രസാധനത്തിന് കരാർ വല്ലതും ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഡിസി ബുക്സ് അത് പുറത്തുവിടണമെന്നും സ്വന്തം വിശ്വാസ്യത തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘കാരണം ജയരാജനല്ല ഡിസി ബുക്സ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രസാധക സ്ഥാപനമാണ്. പതിറ്റാണ്ടുകളുടെ പാരമ്പര്യമാണ്. എല്ലാ എഴുത്തുകാരുടേയും എണ്ണം പറഞ്ഞ പുസ്തകങ്ങളുടെ പ്രസാധകരാണ്. കേരളത്തിലെ ഏറ്റവും വലിയ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ സംഘാടകരുമാണ്. തന്റെ ആത്മകഥ എഴുതിക്കൊണ്ടിരിക്കുന്നതേയുള്ളൂ എന്നും പൂർത്തിയായാലും അത് ഡിസിക്കല്ല മാതൃഭൂമിക്കാണ് പ്രസിദ്ധീകരണത്തിന് നൽകാൻ ഉദ്ദേശിക്കുന്നതെന്നും ഇന്ന് പ്രസിദ്ധീകരിക്കാൻ നിശ്ചയിക്കപ്പെട്ടിരുന്ന പുസ്തകത്തിന്റെ പ്രൂഫ് പോലും താൻ കണ്ടിട്ടില്ലെന്നും "ആത്മകഥാകൃത്ത്" തന്നെ പരസ്യമായി തള്ളിപ്പറയുമ്പോൾ ഇനി മറുപടി പറയേണ്ടത് ഡിസി ബുക്സാണ്’ -ബൽറാം പറഞ്ഞു.
ആത്മകഥ സംബന്ധിച്ച് മാധ്യമങ്ങളിൽ വന്നത് തെറ്റായ കാര്യങ്ങളാണെന്നാണ് ജയരാജൻ പറയുന്നത്. തെരഞ്ഞെടുപ്പു ദിവസം പുസ്തകം പുറത്തുവന്നതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആത്മകഥയുടെ പേരോ കവര്‍ പേജോ പോലും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പരാതി നൽകിയ ശേഷം ഇ.പി പ്രതികരിച്ചു.
‘വിശ്വസ്തനായ മാധ്യമപ്രവർത്തകനെ ആത്മകഥ എഴുതാൻ ഏൽപ്പിച്ചിരുന്നു. പുസ്തക പ്രകാശനത്തിന്‍റെ കാര്യം ചാനൽ വാർത്തയിലൂടെയാണ് അറിയുന്നത്. പുസ്തകത്തിന് ഇങ്ങനെയൊരു പേര് നിർദേശിച്ചത് ആരാണ്? ഡി.സി ബുക്സിന്‍റെ നിലപാട് ശരിയല്ല. ഞാൻ എഴുതിയെന്ന് പറയുന്ന പുസ്തകം ഞാൻ ഇതുവരെ കണ്ടിട്ടില്ല. പുസ്തകം എഴുതാനോ പ്രസിദ്ധീകരിക്കാനോ ഡി.സി ബുക്സിനെ ഏർപ്പാടാക്കിയിട്ടില്ല. ഗുരുതരമായ തെറ്റാണ് അവരുടേത്. എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകം എങ്ങനെയാണ് പ്രസിദ്ധീകരിക്കുന്നത്?’ -ജയരാജൻ ചോദിച്ചു.
വി.ടി. ബൽറാമിന്റെ കുറിപ്പിന്റെ പൂർണരൂപം:
സ്വന്തം ബന്ധുക്കൾക്കാർക്കും താൻ പിൻവാതിലിലൂടെ സർക്കാർ ജോലി നൽകിയിട്ടില്ല എന്ന് ഇ പി ജയരാജൻ പറഞ്ഞത് നമ്മളൊക്കെ കേട്ടതാണ്.
ഇൻഡിഗോ ഫ്ലൈറ്റിനകത്ത് എന്താണ് നടന്നത് എന്നതിനേക്കുറിച്ച് ഇ പി ജയരാജൻ അന്ന് പറഞ്ഞതും നമ്മളൊക്കെ കേട്ടതാണ്.
വൈദേകം റിസോർട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ല എന്ന് ജയരാജൻ പറഞ്ഞതും നമ്മളൊക്കെ കേട്ടതാണ്.
ജാവഡേക്കർ ചുമ്മാ ചായ കുടിക്കാൻ തന്റെ വീട്ടിൽ വന്നതിനേക്കുറിച്ച് ജയരാജൻ പറഞ്ഞതും നമ്മളൊക്കെ കേട്ടതാണ്.
അതിലൂടെയൊക്കെ ഇ പി ജയരാജൻ എന്ന സിപിഎം നേതാവിന്റെ വ്യക്തിപരമായ ഇന്റഗ്രിറ്റിയും പറയുന്ന കാര്യങ്ങളിലെ വിശ്വാസ്യതയും കേരളത്തിന് എത്രയോ വട്ടം മനസ്സിലായിട്ടുള്ളതാണ്.
എന്നിരുന്നാലും ഇപ്പോൾ ക്രഡിബിലിറ്റി തെളിയിക്കേണ്ടത് ഡിസി ബുക്ക്സാണ്. കാരണം ജയരാജനല്ല ഡിസി ബുക്ക്സ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രസാധക സ്ഥാപനമാണ്. പതിറ്റാണ്ടുകളുടെ പാരമ്പര്യമാണ്. എല്ലാ എഴുത്തുകാരുടേയും എണ്ണം പറഞ്ഞ പുസ്തകങ്ങളുടെ പ്രസാധകരാണ്. കേരളത്തിലെ ഏറ്റവും വലിയ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ സംഘാടകരുമാണ്.
തന്റെ ആത്മകഥ എഴുതിക്കൊണ്ടിരിക്കുന്നതേയുള്ളൂ എന്നും പൂർത്തിയായാലും അത് ഡിസിക്കല്ല മാതൃഭൂമിക്കാണ് പ്രസിദ്ധീകരണത്തിന് നൽകാൻ ഉദ്ദേശിക്കുന്നതെന്നും ഇന്ന് പ്രസിദ്ധീകരിക്കാൻ നിശ്ചയിക്കപ്പെട്ടിരുന്ന പുസ്തകത്തിന്റെ പ്രൂഫ് പോലും താൻ കണ്ടിട്ടില്ലെന്നും "ആത്മകഥാകൃത്ത്" തന്നെ പരസ്യമായി തള്ളിപ്പറയുമ്പോൾ ഇനി മറുപടി പറയേണ്ടത് ഡിസി ബുക്ക്സാണ്.
ഇ.പി. ജയരാജനുമായി പുസ്തക പ്രസാധനത്തിന് കരാർ വല്ലതും ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ ഡിസി ബുക്ക്സ് അത് പുറത്തുവിടണം. സ്വന്തം വിശ്വാസ്യത അവർ തെളിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.