പിണറായിയുടെ വാനരസേന സംസ്ഥാന സെക്രട്ടറിക്ക് ജാമ്യമില്ലാത്തത് 'വധശ്രമം' എന്താണെന്ന് നീതിന്യായ വ്യവസ്ഥക്ക് അറിയുന്നതിനാൽ -വി.ടി. ബൽറാം

തിരുവനന്തപുരം: എന്താണ് "വധശ്രമം" എന്ന് പിണറായി വിജയന്റെയും പൊലീസിന്റെയും വ്യാഖ്യാനം എന്തുതന്നെയായാലും ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്ക് അതേക്കുറിച്ച് കൃത്യമായ കാഴ്ചപ്പാട് ഉണ്ടെന്ന് വി.ടി. ബൽറാം. യൂത്ത് കോൺഗ്രസ് നേതാവ് ശബരീനാഥിന് ജാമ്യം ലഭിച്ചതും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയ്ക്ക് ജാമ്യം ലഭിക്കാത്തതും ചൂണ്ടിക്കാട്ടിയായിരുന്നു ബൽറാമിന്റെ ഫേസ്ബുക് പോസ്റ്റ്. കുറിപ്പിൽ എസ്.​എഫ്.ഐയെ 'വാനര സേന' എന്നാണ് ബൽറാം പരിഹസിക്കുന്നത്.

'എന്താണ് "വധശ്രമം" എന്നതിനേക്കുറിച്ച് പിണറായി വിജയന്റെയും പോലീസിന്റെയും വ്യാഖ്യാനം എന്തുതന്നെയായിരുന്നാലും ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്ക് അതേക്കുറിച്ച് കൃത്യമായ ഒരു കാഴ്ചപ്പാട് ഉണ്ട്. അതുകൊണ്ടാണ് ശബരീനാഥന് മണിക്കൂറുകൾക്കുള്ളിൽ ജാമ്യം അനുവദിക്കപ്പെട്ടതും പിണറായി വിജയന്റെ അരുമ ശിഷ്യനായ വാനരസേന സംസ്ഥാന സെക്രട്ടറി ഒരു മാസമായി ജാമ്യം ലഭിക്കാതെ അകത്ത് കിടക്കുന്നതും' -എന്നാണ് കുറിപ്പിൽ പറയുന്നത്.

വിദ്യാർത്ഥിയെ ആക്രമിച്ച കേസിൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് ഹൈക്കോടതി നേരത്തെ ആർഷോയുടെ ജാമ്യം റദ്ദാക്കിയിരുന്നു. ജാമ്യത്തിലിറങ്ങിയശേഷം സമാന കുറ്റകൃത്യം ആവർത്തിച്ചെന്നായിരുന്നു പരാതി. തുടർന്ന് കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റുചെയ്ത എസ് എഫ് ഐ നേതാവ് ഇപ്പോൾ എറണാകുളം ജില്ലാ ജയലിൽ റിമാൻഡിലാണ്. ജില്ലാ കോടതിയിൽ വീണ്ടും ജാമ്യ ഹർജി നൽകിയെങ്കിലും അത് തളളിയിരുന്നു. ഇതിനെതിരായ അപ്പീൽ പിന്നീട് ഹൈക്കോടതിയും തള്ളി.

2018 ൽ ഈരാറ്റുപേട്ട സ്വദേശി നിസാമിനെ മർദ്ദിച്ച കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയിട്ടും നിരവധി കേസുകളിൽ തുടർന്നും ആർഷോ പ്രതിയായി. ഇതോടെ ജാമ്യ ഉപാധികൾ ലംഘിച്ചെന്ന് കാട്ടിയാണ് ജസ്റ്റിസ് സുനിൽ തോമസ് അധ്യക്ഷനായ ബഞ്ച് പിഎം ആർഷോയുടെ ജാമ്യം റദ്ദാക്കിയത്. എന്നാൽ പൊലീസ് ഒളിവിലാണെന്ന് ഹൈക്കോടതിയെ അറിയിച്ച വിദ്യാർത്ഥി നേതാവ് പെരിന്തൽമണ്ണയിൽ എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിൽ ഉടനീളം പങ്കെടുത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സമ്മേളനം അവസാനിച്ചപ്പോൾ സംസ്ഥാന സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

എഐഎസ്എഫ് വനിതാ നേതാവായ നിമിഷയെ എം ജി സർവകലാശാല തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിലും ആർഷോ പ്രതിയാണ്. ജാതിപേര് വിളിച്ച് ആക്ഷേപിച്ചു എന്ന പരാതിയാണ് ആർഷോക്കെതിരെ അന്ന് ഉയർന്നത്. എറണാകുളം ലോ കോളേജിൽ റാഗിംഗ് പരാതിയിലും ആർഷോ പ്രതിയാണ്. വിവിധ അക്രമ കേസുകളിൽ പ്രതിയായ ആർഷോ ജൂണ്‍ 12ന് രാവിലെ കോടതിയില്‍ കീഴടങ്ങുകയായിരുന്നു.

Tags:    
News Summary - VT Balram about PM Arsho and KS sabarinadhan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.