തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊന്ന കേസിലെ മുഖ്യപ്രതിയും ഐ.എസുകാരനുമായ ശ്രീറാം വെങ്കിട്ടരാമനെ സര്‍വിസില്‍ തിരിച്ചെടുത്തതിനെതിരെ രൂക്ഷവിമർശനവുമായി വി.ടി. ബൽറാം എം.എൽ.എ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയാണ് ശ്രീറാമിന് സർക്കാർ നൽകുന്നത്.
മെഡിക്കൽ ബിരുദമുള്ള പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള നിരവധി മുതിർന്ന ഐ.എ.എസുകാർ സർവിസിലിരിക്കെ ശ്രീറാമിനെ തിരിച്ചെടുത്തത് എന്തിനാണെന്നാണ് ബൽറാം ഫേസ്ബുക് പോസ്റ്റിൽ ചോദിക്കുന്നത്. ‘മറവിരോഗമുള്ള, സംശയാസ്പദ സാഹചര്യത്തിൽ സ്വയം ഒരു ബ്ലഡ് ടെസ്റ്റിന് വിധേയനാവാൻ പോലും തയ്യാറാകാത്ത ഒരു സസ്പെൻഷൻകാരനെത്തന്നെ വേണം ഈ സർക്കാരിന് കൊറോണ പ്രതിരോധത്തിെൻറ നിർണ്ണായകച്ചുമതല ഏൽപ്പിക്കാൻ!’ എന്നും പോസ്റ്റിൽ പരിഹസിക്കുന്നു.
ഡോ. ആശാ തോമസ്, ഡോ. വി. വേണു, ഡോ. എ. ജയതിലക്, ഡോ. കെ. ഇളങ്കോവൻ, ഡോ. ഉഷ ടൈറ്റസ്, ഡോ. ശർമ്മിള മേരി ജോസഫ്, ഡോ. രത്തൻ ഖേൽക്കർ, ഡോ. എം ബീന, ഡോ. വാസുകി, ഡോ. കാർത്തികേയൻ, ഡോ. അദീല അബ്ദുള്ള, ഡോ. ചിത്ര എസ്, ഡോ. ദിവ്യ എസ് അയ്യർ, ഡോ. രേണു രാജ്, ഡോ. നവ്ജ്യോത് ഖോസ തുടങ്ങി കേരള കേഡറിലെ ഐ.എ.എസ് ഉദ്യോഗസ്ഥരിൽ മെഡിക്കൽ ബിരുദമുള്ളവരുടെ പേരുകൾ എടുത്തുപറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്.
സസ്പെന്ഷന് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീറാം കേന്ദ്ര ട്രൈബ്യൂണലിനെ സമീപിച്ചതിനിടയിലാണ് നടപടി. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ വിളിച്ച സെക്രട്ടറിതല ചര്‍ച്ചയിൽ, ശ്രീറാമിനെ ആരോഗ്യവകുപ്പില്‍ നിയമിക്കണമെന്ന ആവശ്യം ചീഫ് സെക്രട്ടറിയടങ്ങുന്ന സംഘം മുഖ്യമന്ത്രിയുടെ മുന്നിൽ െവച്ചിരുന്നു.
കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ ആരോപണത്തിന് തെളിവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സഞ്ജയ് ഗാർഗിെൻറ റിപ്പോര്‍ട്ട് കൂടി മുന്നിൽെവച്ചായിരുന്നു ഐ.എ.എസ് ലോബിയുടെ നീക്കം. ബഷീറിെൻറ കുടുംബാംഗങ്ങളും ബന്ധുക്കളും ശ്രീറാമിനെ തിരിച്ചെടുത്ത സര്‍ക്കാര്‍ നടപടിയില്‍ അമര്‍ഷവും ദുഃഖവുമറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.