പാലക്കാട്: മലപ്പുറം വളാഞ്ചേരിയിൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനാകാത്തതിൽ മനംനൊന്ത് സ്കൂൾ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി വി.ടി ബൽറാം എം.എൽ.എ. ’’കേരളത്തിെൻറ പൊങ്ങച്ചങ്ങളെ തുറന്നു കാട്ടുന്ന ഒരു ദാരുണ സംഭവമായാണ് ഞാനിതിനെ കാണുന്നത്. ഒരു സമൂഹമെന്ന നിലയിൽ നമുക്കെല്ലാവർക്കും ഈ ദൗർഭാഗ്യകരമായ മരണത്തിൽ പങ്കുണ്ട്. വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഓരോ വിദ്യാർഥിയുടേയും ഭരണഘടനാപരമായ അവകാശമാണ്. അർഹതപ്പെട്ട ഒരു വിദ്യാർഥിക്ക് 8000- 10,000 രൂപ വീതം ചെലവഴിച്ച് സൗകര്യമേർപ്പെടുത്താൻ സർക്കാരിന് കഴിയേണ്ടിയിരുന്നു. രണ്ടര ലക്ഷത്തോളം വിദ്യാർഥികൾക്കായി വേണ്ടിയിരുന്നത് 200-250 കോടി രൂപയാണ്. ഒന്നര ലക്ഷത്തോളം വരുന്ന സ്കൂൾ അധ്യാപകരിൽ നിന്ന് സാലറി കട്ടിലൂടെ സർക്കാർ പിടിച്ചെടുക്കുന്ന തുകയുമായി താരതമ്യപ്പെടുത്തിയാൽ ഇത് എത്രയോ നിസ്സാരമാണെന്നും വി.ടി ബൽറാം എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിെൻറ പൂർണരൂപം:
ഓൺലൈൻ/വിക്ടേഴ്സ് ചാനൽ വഴിയുള്ള പഠനത്തിന് സൗകര്യമില്ലാത്തതിനാലുണ്ടായ മാനസിക വിഷമത്താൽ മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത് ഒരു ദലിത് പെൺകുട്ടി ആത്മഹത്യ ചെയ്തിരിക്കുകയാണ്. പൊതുവിദ്യാഭ്യാസത്തേക്കുറിച്ചും ഇൻക്ലൂസിവിറ്റിയേക്കുറിച്ചുമുള്ള കേരളത്തിൻ്റെ പൊങ്ങച്ചങ്ങളെ തുറന്നു കാട്ടുന്ന ഒരു ദാരുണ സംഭവമായാണ് ഞാനിതിനെ നോക്കിക്കാണുന്നത്. ആയതിനാൽത്തന്നെ സർക്കാരിനേയോ വിദ്യാഭ്യാസ വകുപ്പിനേയോ ബന്ധപ്പെട്ട പഞ്ചായത്തിനേയോ മറ്റാരെയെങ്കിലുമോ ഇക്കാര്യത്തിൽ നേരിട്ട് കുറ്റപ്പെടുത്താൻ ഈ ഘട്ടത്തിൽ ആഗ്രഹിക്കുന്നില്ല.
എന്നാൽ ഒരു സമൂഹമെന്ന നിലയിൽ നമുക്കെല്ലാവർക്കും ഈ ദൗർഭാഗ്യകരമായ മരണത്തിൽ തീർച്ചയായും പങ്കുണ്ട്. കാരണം, കൊട്ടിഘോഷിച്ച് ഓൺലൈൻ/ വിക്ടേഴ്സ് ചാനൽ ക്ലാസുകൾ തുടങ്ങിയ ഇന്നലെ പോലും അത് പ്രയോജനപ്പെടുത്താൻ സാമ്പത്തിക, സാമൂഹിക കാരണങ്ങളാൽ കഴിയാതെ പോകുന്ന രണ്ടര ലക്ഷത്തോളം വിദ്യാർത്ഥികൾ (ഔദ്യോഗിക കണക്ക്) അനുഭവിക്കേണ്ടി വരുന്ന അനിവാര്യ പുറന്തള്ളലിനേക്കുറിച്ചോ അതിൻ്റെ സാമൂഹിക, ധാർമ്മിക പ്രത്യാഘാതങ്ങളേക്കുറിച്ചോ ആയിരുന്നില്ല "പ്രബുദ്ധ കേരള"ത്തിൻ്റെ പ്രധാന ചർച്ച, മറിച്ച് വിക്ടേഴ്സ് ചാനലിൻ്റെ പിതൃത്ത്വം തൊട്ട് ക്ലാസെടുത്ത ടീച്ചർമാർക്കെതിരെയുണ്ടായ ട്രോളുകളും അധിക്ഷേപങ്ങളുമൊക്കെയായിരുന്നു നമുക്ക് പ്രധാനം. അവയെല്ലാം തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ടവ തന്നെ, എന്നാൽ എല്ലാത്തരം പ്രിവിലിജ്ഡ് ചർച്ചകൾക്കും അപ്പുറം ജീവിക്കുന്നവരേക്കൂടി പരിഗണിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്.
ഏതായാലും ഈ കൊച്ചനുജത്തിയുടെ മരണമെങ്കിലും കേരളത്തിൻ്റെ മനസ്സാക്ഷിയെ ഉണർത്തണം; സർക്കാരിൻ്റെ കണ്ണു തുറപ്പിക്കണം. വിദ്യാഭ്യാസത്തിനുള്ള ആക്സസ് എന്നത് ഓരോ വിദ്യാർത്ഥിയുടേയും ഭരണഘടനാപരമായ അവകാശമാണ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റേയും ഹൈടെക് ക്ലാസ് റൂമിൻ്റേയുമൊക്കെ പേരിൽ മേനി നടിക്കുന്ന കേരളത്തിൽ പ്രത്യേകിച്ചും. എന്നാൽ ആധുനിക പഠന സൗകര്യങ്ങളില്ലാത്ത ഏറ്റവും സാധാരണക്കാരായ രണ്ടര ലക്ഷം കുട്ടികൾക്കായി എന്ത് മുന്നൊരുക്കമാണ് കഴിഞ്ഞ മൂന്ന് മാസമായി വിദ്യാഭ്യാസ വകുപ്പ് ഇവിടെ നടത്തിയിട്ടുള്ളത്? പഞ്ചായത്ത് തലത്തിലോ മറ്റോ പരിഹരിക്കാവുന്ന വ്യാപ്തിയല്ല ഈ പ്രശ്നത്തിനുള്ളത്, സംസ്ഥാന തലത്തിൽത്തന്നെ ഇടപെടലുണ്ടാവണം. എന്നാൽ മദ്യപാനികൾക്ക് ആപ്പുണ്ടാക്കാൻ സർക്കാർ ചെലുത്തിയ ശ്രദ്ധയുടെ ഒരു ശതമാനം പോലും വിദ്യാർത്ഥികൾക്ക് സൗകര്യമൊരുക്കാൻ വേണ്ടി ഉണ്ടായില്ല എന്നതാണ് യാഥാർത്ഥ്യം. വിദ്യാർത്ഥി സംഘടനകളുമായി എല്ലാക്കൊല്ലവും നടത്താറുള്ള പതിവ് ചർച്ച പോലും ഇത്തവണ നടത്തിയില്ല.
അർഹതപ്പെട്ട ഒരു വിദ്യാർത്ഥിക്ക് 8000- 10,000 രൂപ വീതം ചെലവഴിച്ച് സൗകര്യമേർപ്പെടുത്താൻ സർക്കാരിന് കഴിയേണ്ടിയിരുന്നു. ഇതിന് സംസ്ഥാനത്തൊട്ടാകെ രണ്ടര ലക്ഷത്തോളം വിദ്യാർത്ഥികൾക്കായി വേണ്ടിയിരുന്നത് 200-250 കോടി രൂപയാണ്. സാമാന്യം വലിയ ഒരു തുകയാണിതെന്ന് വാദിക്കുന്നവരുണ്ടാകാം. എന്നാൽ ഒന്നര ലക്ഷത്തോളം വരുന്ന സ്കൂൾ അധ്യാപകരിൽ നിന്ന് സാലറി കട്ടിലൂടെ സർക്കാർ പിടിച്ചെടുക്കുന്ന തുകയുമായി താരതമ്യപ്പെടുത്തിയാൽ ഇത് എത്രയോ നിസ്സാരമാണ്. ഓരോ എംഎൽഎമാരും ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ നീക്കിവച്ച് 141 കോടി രൂപ ഈയാവശ്യത്തിനായി സമാഹരിക്കുന്ന കാര്യവും സർക്കാരിന് പരിഗണിക്കാവുന്നതാണ്. ഇനിയെങ്കിലും സർക്കാർ ഈ നിലക്കുള്ള നീക്കമാണ് നടത്തേണ്ടത്. പണവും സൗകര്യവുമില്ലാത്തതിൻ്റെ പേരിൽ ഒരു വിദ്യാർത്ഥിയും പുറന്തള്ളപ്പെട്ടു കൂടാ, മാനസിക വേദന അനുഭവിച്ച് ഒരു വിദ്യാർത്ഥിയും വിലപ്പെട്ട ജീവനൊടുക്കിക്കൂടാ.
വിക്ടേഴ്സ് ചാനൽ വഴിയുള്ള ഇപ്പോഴത്തെ ക്ലാസുകളും നാമമാത്രമായ ഇടപെടലാണ്. ഒരു വിദ്യാർത്ഥിക്ക് ഒരു അധ്യയന ദിവസം വിവിധ പീരിയേഡുകളിലായി ലഭിക്കേണ്ടത് അഞ്ചോ ആറോ മണിക്കൂർ ക്ലാസാണ്. എന്നാൽ വിക്ടേഴ്സ് വഴി ഇപ്പോൾ ചെറിയ ക്ലാസിലെ ഒരു കുട്ടിക്ക് ഒരു ദിവസം ലഭിക്കുന്നത് 20 മിനിറ്റ് മുതൽ അര മണിക്കൂർ വരെയുള്ള ഒരു ക്ലാസ് മാത്രമാണ്. 8, 9 ക്ലാസുകാർക്ക് രണ്ട് സെഷനുകളുണ്ട്, 10 ആം ക്ലാസിന് മൂന്നും 12ന് നാലും സെഷനുകളും. എന്നാൽ ദിവസവും രണ്ട് - രണ്ടര മണിക്കൂറെങ്കിലും ഓരോ വിദ്യാർത്ഥിക്കും ക്ലാസുകൾ ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തിയാൽ മാത്രമേ ഈ പഠനം കൊണ്ട് കാര്യമായ പ്രയോജനമുണ്ടാവുകയുള്ളൂ. അതായത്, അര മണിക്കൂറോളം വരുന്ന നാലോ അഞ്ചോ സെഷനുകൾ.
ഇതിന് പ്രായോഗികമായി എന്തുചെയ്യാൻ സാധിക്കും? വിക്ടേഴ്സ് വഴിയുള്ള സംപ്രേഷണം 18 മണിക്കൂർ എങ്കിലുമായി വർദ്ധിപ്പിക്കുക. ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകാർക്ക് ഒന്നര മണിക്കൂർ വീതം ഇങ്ങനെ ഉറപ്പുവരുത്താൻ കഴിയും. നിലവിൽ 11 ആം ക്ലാസ് ഇല്ലാത്തത് കൊണ്ട് ആ സമയം കൂടി 12കാർക്ക് നൽകാം. അതിനുപുറമേ മറ്റ് സ്വകാര്യ ചാനലുകളിലും ഒരു മണിക്കൂർ വീതമുള്ള സ്ലോട്ടുകൾ ദിവസവും സർക്കാർ വാടകക്കെടുക്കുക. 12 ചാനലുകളിലായി ഒന്ന് മുതൽ 12 വരെയുള്ളവർക്ക് സൗകര്യമൊരുക്കുക. മുഖ്യമന്ത്രിയുടെ 'നാം മുന്നോട്ട് ' പരിപാടിക്കായി ഇപ്പോൾത്തന്നെ ചാനൽ സ്ലോട്ടുകൾ സർക്കാർ വാടകക്കെടുക്കുന്നുണ്ട്.
അടുത്ത കുറച്ച് മാസങ്ങളെങ്കിലും ആ വക പരിപാടികൾക്ക് പകരം കൂടുതൽ പ്രയോജനകരമായ ഇതു പോലുള്ള കാര്യങ്ങൾക്ക് സർക്കാർ മുൻഗണന നൽകണം. ഒരു പൊതുജനസേവനം എന്ന നിലയിൽ ചുരുങ്ങിയ നിരക്കിൽ സ്ലോട്ടുകൾ അനുവദിക്കാൻ ചാനലുകളും തയ്യാറാകും എന്നും ന്യായമായും പ്രതീക്ഷിക്കാം. പ്രാദേശിക ചാനലുകൾ കൂടി ഉപയോഗിക്കുകയാണെങ്കിൽ ചെലവ് ഇതിലും ഗണ്യമായി കുറക്കാം.സർക്കാർ മുൻകൈ എടുക്കുകയും ബാക്കിയെല്ലാവരും കൂടെ നിൽക്കുകയും ചെയ്താൽ മാത്രമേ ഈ വലിയ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റാൻ സാധിക്കുകയുള്ളൂ. അതിനാകട്ടെ ഇനിയെങ്കിലും നമ്മുടെ ശ്രദ്ധ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.