തിരുവനന്തപുരം : കാർഷികമേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന കൃഷിഭവന് കൃഷി വകുപ്പ് പുതുതായി പുരസ്കാരം ഏർപ്പെടുത്തിയെന്ന് മന്ത്രി പി. പ്രസാദ്. കാർഷികമേഖലയുടെ വികസനത്തിന് വേണ്ടി കൃഷിഭവനുകൾ രൂപീകരിച്ച മുൻ കൃഷി മന്ത്രി വി.വി രാഘവന്റെ സ്മരണാർത്ഥം മികച്ച കൃഷിഭവന് വി.വി രാഘവൻ മെമ്മോറിയൽ അവാർഡാണ് ഏർപ്പെടുത്തിയത്. അഞ്ച് ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് പുരസ്കാരമെന്ന് മന്ത്രി പറഞ്ഞു.
ഓരോ വർഷവും സംസ്ഥാനത്തെ മികച്ച കർഷകർ, മികച്ച പാടശേഖരസമിതി, കൃഷി ശാസ്ത്രജ്ഞന്മാർ, പത്രപ്രവർത്തകർ, കാർഷിക മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന വിവിധ മേഖലകളിലെ വ്യക്തികൾ തുടങ്ങിയവർക്ക് പുരസ്കാരങ്ങൾ സമ്മാനിക്കാറുണ്ട്. സംസ്ഥാന സർക്കാർ നൽകിവരുന്ന കാർഷിക അവാർഡുകളെ പുനക്രമീകരിക്കുകയും പുതുതായി ആറ് പുരസ്കാരങ്ങൾ ഉൾപ്പെടുത്തിയുമാണ് കൃഷിവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങിയത്.
മികച്ച കൃഷിഭവനുള്ള അവാർഡിനൊപ്പം മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനം, ഉൽപ്പാദന മേഖലയിലെയും, സേവന മേഖലയിലെയും, മൂല്യ വർദ്ധിത മേഖലയിലെയും മികച്ച കൃഷിക്കൂട്ടങ്ങൾക്കും, മികച്ച പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘത്തിനുമാണ് പുതുതായി പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്.
പൊതു വിഭാഗത്തിൽ 32 ഉം , സംസ്ഥാനതലത്തിലെ മികച്ച വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾക്ക് കൃഷി ഉദ്യോഗസ്ഥർക്ക് മൂന്നും, പച്ചക്കറി വികസന പ്രവർത്തനങ്ങൾക്ക് ആറും ഒരു ജൈവകൃഷി സംസ്ഥാനതല പുരസ്കാരവും ഉൾപ്പെടെ 42 പുരസ്കാരങ്ങളാണ് കൃഷിവകുപ്പ് ഈ വർഷം മുതൽ നൽകുന്നത്.
വി.വി രാഘവൻ മെമ്മോറിയൽ അവാർഡിന് പുറമേ ഏറ്റവും മികച്ച ഗ്രൂപ്പ് ഫാമിംഗ് സമിതികൾക്കുള്ള മിത്രാ നികേതൻ പത്മശ്രീ കെ. വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡ്, ഏറ്റവും മികച്ച കർഷകനുള്ള സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡ് എന്നിവയാണ് പുരസ്കാരങ്ങളിൽ വ്യക്തികളുടെ സ്മരണാർത്ഥം നൽകുന്നത്.
കേരളത്തിൽ സ്ഥിരതാമസക്കാരായ പൗരന്മാരാണ് അവാർഡിന് അപേക്ഷ സമർപ്പിക്കേണ്ടത്. കൃഷിഭവനുകൾക്കും പഞ്ചായത്തുകൾക്കും മികച്ച കർഷകരെ അവാർഡിനായി നോമിനേറ്റ് ചെയ്യാൻ കഴിയും. കൃഷിയിടത്തിന്റെ ഫോട്ടോകൾ, കൃഷിയുടെ വിവിധ ഘട്ടങ്ങൾ ചിത്രീകരിച്ച സിഡി, മാധ്യമങ്ങളിൽ വന്ന വാർത്തകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ ഉൾപ്പെടെ 2023 ജൂലൈ 7ന് മുൻപായി അടുത്തുള്ള കൃഷിഭവൻ മുഖാന്തരം അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോറം ലഭിക്കുന്നതിനായും കൂടുതൽ വിവരങ്ങൾക്കായും www.karshikakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ, അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുകയോ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.