വൈത്തിരി: ഇടിമിന്നലിൽ ലക്കിടിയിലെ താസ ഹോട്ടൽ കത്തിനശിച്ചു. വൈകീട്ട് കനത്ത മഴയോടൊപ്പമുണ്ടായ ശക്തമായ മിന്നലിലാണ് തീപിടുത്തമുണ്ടായത്. എന്നാൽ അപകടത്തിൽ ആളപായമില്ല. മൂന്നുനില ഹോട്ടൽ കെട്ടിടത്തിന്‍റെ നല്ലൊരു ഭാഗവും കത്തിനശിച്ചു.
തീപിടുത്ത സമയത്തു റെസ്റ്റോറന്‍റിലും ഹോട്ടൽ മുറികളിലും നിറയെ ആളുണ്ടായിരുന്നു. മുറികളിലെ താമസക്കാരെ ജനലിലൂടെയും ഗ്ലാസ് പാളികൾക്കിടയിലൂടെയും രക്ഷപ്പെടുത്തുകയായിരുന്നു.
ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർ പുറത്തേക്കോടി. ഹോട്ടലിനടുത്തു താമസിക്കുന്ന വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഉഷാകുമാരി വിളിച്ചറിയിച്ചതനുസരിച്ചു വൈത്തിരി പോലീസും കെ.എസ്.ഇ.ബി ജീവനക്കാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു. തീ അണക്കാൻ നാട്ടുകാരും മുന്നിട്ടിറങ്ങി. മിനിറ്റുകൾക്കുള്ളിൽ ഫയർ സർവീസും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടുത്തം മൂലം ദേശീയപാതയിൽ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു.
കുന്നംമംഗലം സ്വദേശികളുടേതാണ് ഹോട്ടൽ. പുതുക്കിപ്പണിതിട്ടു രണ്ടു വർഷത്തോളമായി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി ഹോട്ടൽ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.