കൊച്ചി: വാളയാറിൽ പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ പ്രതി വലിയ മധുവെന്ന മധു ഹൈകോടതിയിൽ ജാമ്യ ഹരജി നൽകി.
13 വയസ്സുള്ള മൂത്ത കുട്ടിയെ 2014 ജനുവരി 13 നും ഒമ്പതു വയസ്സുള്ള ഇളയ കുട്ടിയെ 2014 മാർച്ച് നാലിനും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ പ്രധാന പ്രതികളിൽ ഒരാളാണ് മധു. രണ്ട് കേസുകളിലും പ്രതിയാണെങ്കിലും മൂത്ത കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ജാമ്യ ഹരജി നൽകിയിരിക്കുന്നത്. ഹരജി പരിഗണിച്ച ജസ്റ്റിസ് പി. ഗോപിനാഥ് അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി. പലതവണ പ്രതി മൂത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നും പീഡനം സഹിക്കാനാവാതെ തൂങ്ങി മരിച്ചെന്നുമാണ് കേസ്. 2019 ഒക്ടോബർ 25ന് പാലക്കാട് പോക്സോ കോടതി വലിയ മധു ഉൾപ്പെടെയുള്ള പ്രതികളെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെ സർക്കാറും മരിച്ച പെൺകുട്ടികളുടെ അമ്മയും നൽകിയ ഹരജികളിൽ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി കഴിഞ്ഞ ജനുവരി ആറിന് ഹൈകോടതി റദ്ദാക്കി.
പുനർവിചാരണ നടത്താനും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടാൽ തുടരന്വേഷണം അനുവദിക്കാനും പോക്സോ കോടതിക്ക് നിർദേശവും നൽകി. വിചാരണ കോടതി ഉത്തരവ് റദ്ദാക്കുകയും സി.ബി.ഐ തുടരന്വേഷണം നടത്തുകയും ചെയ്യുന്ന കേസിൽ കോടതി നിർദേശ പ്രകാരം 2021 ജനുവരി 20ന് കീഴിടങ്ങിയത് മുതൽ ജയിലിലാണെന്നും കേസിലെ മുഖ്യസാക്ഷികളുടെ ചോദ്യം ചെയ്യലടക്കം പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം നൽകണമെന്നുമാണ് ഹരജിയിലെ ആവശ്യം. പെൺകുട്ടികളുടെ ദുരൂഹമരണത്തിൽ തനിക്ക് ബന്ധമില്ലെന്നും നിരപരാധിയാണെന്നുമാണ് ഹരജിയിലെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.