പാലക്കാട്: വാളയാർ പീഡനക്കേസിൽ കോടതി വിട്ടയച്ച പ്രതിക്ക് ആൾക്കൂട്ട മർദനം. പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച സഹോദരിമാരിൽ മൂത്തകുട്ടിയെ പീഡിപ്പിച്ച കേസിൽ നാലാം പ്രതിയായിരുന്ന എം. മധു എന്ന കുട്ടി മധുവിനാണ് മർദനമേറ്റത്.
ശനിയാഴ്ച രാവിലെ അട്ടപ്പള്ളത്താണ് സംഭവം. വാക്കുതർക്കത്തെ തുടർന്ന് ഒരുസംഘമാളുകൾ മർദിക്കുകയായിരുന്നു. മുഖത്തും ദേഹമാസകലവും പരിക്കേറ്റ മധുവിനെ വാളയാർ പൊലീസാണ് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്കുകൾ ഗുരുതരമല്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
തെലങ്കാനയിൽ പീഡനക്കേസ് പ്രതികൾ പൊലീസ് വെടിയേറ്റു മരിച്ചതിന് പിന്നാലെയാണ് വാളയാർ കേസിൽ വിട്ടയക്കപ്പെട്ട പ്രതിക്കുനേരെ ആൾക്കൂട്ട മർദനമുണ്ടായത്. ഇയാൾക്ക് നാട്ടുകാരിൽ ചിലരിൽനിന്ന് ഭീഷണിയുണ്ടായിരുന്നതായി പറയപ്പെടുന്നു. വാക്കുതർക്കത്തിനൊടുവിൽ ചിലർ സംഘംേചർന്ന് മർദിക്കുകയായിരുന്നുവെന്ന് മധു പൊലീസിന് മൊഴി നൽകി. അക്രമികളിൽ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
വാളയാറില്‍ പീഡനത്തിന് ഇരയായ സഹോദരിമാരിൽ 11 വയസ്സും ആറുമാസവുമുള്ള മൂത്ത കുട്ടിയെ 2017 ജനുവരി 13നും ഒമ്പതുവയസ്സുകാരിയെ 2017 മാർച്ച് നാലിനുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളുടെ പീഡനം സഹിക്കവയ്യാതെയാണ് കുട്ടികൾ ആത്മഹത്യ ചെയ്തതെന്നാണ് കേസ്.
കുട്ടി മധു ഉള്‍പ്പെടെ നാല് പ്രതികളെയാണ് പാലക്കാട് ഫസ്റ്റ് അഡീഷനൽ സെഷൻസ് കോടതി (പോക്‌സോ) വെറുതെവിട്ടത്. ഇതിനെതിരെ വന്‍ ജനകീയ പ്രതിഷേധമുയർന്നു. പ്രോസിക്യൂഷെൻറയും അന്വേഷണ ഉദ്യോഗസ്ഥരുടെയും വീഴ്ച മൂലമാണ് പ്രതികൾ ശിക്ഷിക്കപ്പെടാതിരുന്നതെന്നാണ് ആക്ഷേപം.
ജനകീയ സമ്മർദം ശക്തമായതോടെ സംസ്ഥാന സർക്കാർ പ്രോസിക്യൂഷനെയും പൊലീസിനെയും തള്ളിപറയുകയും പ്രതികളെ വിട്ടയച്ചതിനെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകുകയും ചെയ്തു. സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് കുട്ടികളുടെ അമ്മയുടെ ഹരജികളും ഹൈകോടതി പരിഗണനയിലാണ്. ഇത് രണ്ടും കോടതി അടുത്തദിവസം പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.