കോഴിക്കോട്: വഖഫ് നിയമ ഭേദഗതി ഭരണഘടന വിരുദ്ധവും മൗലികാവകാശ ലംഘനവുമാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീർ പി. മുജീബ് റഹ്മാൻ പ്രസ്താവിച്ചു. ഭരണകൂടത്തിന്റെ ദുരുദ്ദേശ്യമുള്ള അജണ്ടയുടെ ഭാഗമാണ് ഈ ബിൽ.
വഖഫ് സ്വത്തുക്കൾ അന്യായമായി കൈയേറിയവരെ ഒഴിപ്പിച്ച് സ്വത്തുക്കൾ തിരിച്ചെടുക്കുന്നതിനുള്ള കർശന വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ബിൽ 2014ൽ രാജ്യസഭയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ, 10 കൊല്ലമായിട്ടും ഈ ബിൽ പാസാക്കാൻ ശ്രമിക്കാതെ ഇതിനു കടകവിരുദ്ധമായ പുതിയ ബില്ലുമായിട്ടാണ് സർക്കാർ വന്നിരിക്കുന്നത്.
തീർത്തും മതപരമായ പ്രവർത്തനമാണ് വഖഫ്. മുസ്ലിംകളല്ലാത്തവരെ വഖഫ് കൈകാര്യം ചെയ്യുന്നതിൽ ഉൾപ്പെടുത്തുന്നതിലൂടെ വിശ്വാസത്തിനു നേരെയുള്ള കൈയേറ്റമാണ് നടക്കുന്നത്. വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെന്റ് കമ്മിറ്റിക്ക് വിട്ടത് ദുരുദ്ദേശ്യപരമാണ്. സമൂഹത്തിൽ ധാരാളം നന്മകൾ രൂപപ്പെടുത്തിയ വഖഫ് സംവിധാനങ്ങളെ തകർക്കുക മാത്രമാണ് ഈ ബില്ലിന്റെ ലക്ഷ്യം. ബിൽ പിൻവലിച്ച് ആശങ്കകൾ അകറ്റാൻ സർക്കാർ തയാറാവണമെന്നും അമീർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.