ശിശുദിനത്തിലെ കോടതി വിധി കുഞ്ഞുങ്ങള്‍ക്ക് നേരെ അതിക്രമം കാട്ടുന്നവര്‍ക്കുള്ള താക്കീത് -മുഖ്യമന്ത്രി

തിരുവനന്തപുരം: ആലുവ പീഡന കേസിൽ ശിശുദിനത്തിലുണ്ടായ കോടതി വിധി കുഞ്ഞുങ്ങള്‍ക്ക് നേരെ അതിക്രമം കാട്ടുന്നവര്‍ക്കുള്ള ശക്തമായ താക്കീതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച അത്യന്തം ഹീനമായ ക്രൂരതക്കാണ് ആ കുഞ്ഞ് ഇരയായത്.

കുറ്റവാളിയെ പിടികൂടുന്നതിനും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനും ഏറ്റവും കാര്യക്ഷമമായാണ് ബന്ധപ്പെട്ട സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചത്. പരാതി ലഭിച്ചപ്പോള്‍ തന്നെ പൊലീസ് അന്വേഷണം ആരംഭിക്കുകയും മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടുകയും ചെയ്തു. 35 ദിവസംകൊണ്ട് അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചു. 100 ദിവസംകൊണ്ട് റെക്കോഡ് വേഗത്തില്‍ വിചാരണയും പൂര്‍ത്തികരിച്ച് പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പിച്ചു. അന്വേഷണ സംഘവും പ്രോസിക്യൂഷനും ഏറ്റവും കൃത്യതയോടെയും ചടുലതയോടെയുമാണ് പ്രവര്‍ത്തിച്ചത്. സമഗ്രവും പഴുതടച്ചതുമായ അന്വേഷണത്തിലൂടെയും വിചാരണയിലൂടെയും കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കിയ അന്വേഷക സംഘത്തെയും പ്രോസിക്യൂഷനെയും അഭിനന്ദിക്കുന്നു.

ആലുവയിലെ ക്രൂരതക്കിരയായ കുഞ്ഞിന്‍റെ കുടുംബത്തിന് എല്ലാതരത്തിലുള്ള സഹായങ്ങളും സംരക്ഷണവും സര്‍ക്കാര്‍ ഉറപ്പു വരുത്തിയിരുന്നു. അവരുടെ നഷ്ടത്തിന് പകരമാവുന്നതല്ല ഒന്നും. എങ്കിലും കോടതി വിധിയിലൂടെ നീതി ഉറപ്പാക്കാന്‍ കഴിഞ്ഞു. കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള ഒരു അതിക്രമത്തെയും പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാകുന്നതല്ല. ഒരു ദാക്ഷിണ്യവുമില്ലാതെ ഇത്തരക്കാര്‍ക്ക് നേരെ നടപടി സ്വീകരിക്കും. ഇത്തരം മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങളില്‍ ഇടപെടുന്നവര്‍ക്കുള്ള ശക്തമായ താക്കീത് കൂടിയാണ് ഈ കോടതി വിധി. ഇത്തരം കുറ്റവാളികളെ ഒറ്റപ്പെടുത്താന്‍ സമൂഹമൊന്നാകെ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Warning to those who abuse children - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.