തിരുവനന്തപുരം: ‘മാലിന്യമുക്തം നവകേരളം’ പ്രഖ്യാപനവുമായി സർക്കാർ മുന്നോട്ടുപോകുന്നത് സംസ്ഥാനത്ത് കാര്യക്ഷമമായ ഒരു മാലിന്യസംസ്കരണ സംവിധാനവുമില്ലാതെ. വൻകിടക്കാരെ മാറ്റിനിർത്തിയാൽ സാധാരണക്കാർക്ക് ഏറ്റവും വലിയ പ്രതിസന്ധി ജൈവമാലിന്യ സംസ്കരണമാണ്. ഹരിതകർമ സേനവഴി പ്ലാസ്റ്റിക് അടക്കം അജൈവമാലിന്യ സംസ്കരണം നടക്കുന്നുണ്ടെങ്കിലും ജൈവമാലിന്യ സംസ്കരണത്തിന് ബദൽവഴികളില്ലാതെ ജനംപൊറുതിമുട്ടുകയണ്.
മാലിന്യസംസ്കരണം തദ്ദേശസ്ഥാപനങ്ങളുടെ മുഖ്യവിഷയമെന്നിരിക്കെ കുറെ വർഷങ്ങളായി എല്ലാം ജനത്തിനുമേൽ അടിച്ചേൽപിച്ച് സംവിധാനങ്ങൾ കണ്ണടയ്ക്കുകയാണ്. കാര്യക്ഷമമായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ സംസ്ഥാനത്ത് പല ജില്ലകളിലും ഉണ്ടായിരുന്നത് കാലോചിതമായി പരിഷ്കരിക്കാത്തതിനാൽ അതെല്ലം ജനരോഷത്തിൽ മുങ്ങി അടച്ചുപൂട്ടി.
കേന്ദ്രീകൃത മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ അടച്ചുപൂട്ടിയതോടെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കൊണ്ടുവന്ന ഉറവിടമാലിന്യ സംസ്കരണ പദ്ധതികല്ലൊം പരാജയവുമായി. അതുവഴി ഒഴുകിയ കോടികൾക്കും കണക്കില്ല. ഒടുവിൽ സർക്കാർ സംവിധാനങ്ങൾ കൈയൊഴിയുകയാണ്. നിരത്തുകളിൽ മാലിന്യം നിറയുന്നതിന് ഇതൊരു പ്രധാനകാരണമാണ്. ജലസ്രോതസ്സുകള്‍ മലിനമായി പകര്ച്ചവ്യാധികളുണ്ടാക്കുകയാണ്. എല്ലാ പകര്‍ച്ചവ്യാധികളും ഉണ്ടാകുന്ന സംസ്ഥാനം എന്ന മോശം പേരിന് കാരണവും മാലിന്യനിര്‍മാര്‍ജനം ഇല്ലാത്തതാണെന്ന ആക്ഷേപവും ശക്തമാണ്.
2020ല്‍ സര്‍ക്കാര്‍ നിരോധിച്ച പ്ലാസ്റ്റിക് ഉല്പന്നങ്ങളെല്ലാം മാര്‍ക്കറ്റിലുണ്ട് എന്നത് മറ്റൊരു യാഥാർഥ്യമാണ്. 2017ല്‍ സര്‍ക്കാര്‍ ഒരുനിക്ഷേപ പദ്ധതി എന്ന നിലയിൽ ‘വേസ്റ്റ് ടു എനർജി’ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. ഏഴ് നഗരങ്ങളില്‍ വേസ്റ്റ് ടു എനർജി പ്ലാന്റുകളില്‍നിന്ന് അഞ്ച് മെഗാവാട്ട് ഊര്‍ജം ഉല്പാദിപ്പിക്കാനും തീരുമാനിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഏഴുവര്‍ഷം കഴിഞ്ഞിട്ടും നടപ്പാക്കാനായില്ല.
പല തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഏത് മോഡലാണ് സ്വീകരിക്കേണ്ടതെന്ന ആശയക്കുഴപ്പമുണ്ട്. സര്‍ക്കാര്‍ മുന്‍കൈ എടുത്ത് മൂന്നോ നാലോ പഞ്ചായത്തുകളുടെ ക്ലസ്റ്റര്‍ രൂപവത്കരിച്ച് കേരളത്തിന് സ്വീകരിക്കാന്‍ പറ്റുന്ന മോഡലുകള്‍ കാട്ടിക്കൊടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. നഗരങ്ങളെയും പട്ടണങ്ങളെയും ഗ്രാമങ്ങളെയും ഉദ്ദേശിച്ചുള്ള മൂന്ന് മോഡലുകള്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച് നടപ്പാക്കണമെന്നും അവർ നിർദേശിക്കുന്നു.
തിരുവനന്തപുരം: ഒരുവർഷം ഏകദേശം 25 ലക്ഷം ടൺ മാലിന്യമാണ് കേരളത്തിലുണ്ടാകുന്നത്. ഇതിൽ 69 ശതമാനം ജൈവമാലിന്യവും 31ശതമാനം അജൈവ മാലിന്യവുമാണ്. ജൈവമാലിന്യത്തിന്റെ 70 ശതമാനവും ഈർപ്പമുള്ളതാണ്. അജൈവമാലിന്യത്തിൽ ജ്വലനശേഷിയുള്ളവ 79.2 ശതമാനം. കേരളത്തിലെ ആകെ നഗര ഖരമാലിന്യ ഉൽപാദനം പ്രതിവർഷം 3.7 ദശലക്ഷം ടൺ ആണ്. ഇതിൽ ഓരോ സിറ്റി കോർപറേഷനും ഉൽപാദിപ്പിക്കുന്നത് പ്രതിദിനം ശരാശരി 1415 ടൺ.
ദിനംപ്രതി 4523 ടൺ മുനിസിപ്പാലിറ്റികളിലും 4106 ടൺ 941 ഗ്രാമ പഞ്ചായത്തുകളിലുമാണ്. മൊത്തം അറവ് മാലിന്യം വർഷത്തിൽ 38,100 ടണ്ണും ആശുപത്രി മാലിന്യം 8300 ടണ്ണും 71,058 ടൺ വ്യവസായങ്ങളിൽനിന്നുള്ള മാലിന്യവുമാണ്. ഏകദേശം 827 ടൺ തലമുടിയും കേരളത്തിൽനിന്ന് പ്രതിവർഷം മാലിന്യമായി ഉണ്ടാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.