കണ്ണൂർ: കൃത്യമായ മാലിന്യ സംസ്കരണം പാഠത്തിലുണ്ടെങ്കിലും പ്രാവർത്തികമാക്കാത്തതിനാൽ നടപടി നേരിട്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
മാലിന്യം കൂട്ടിയിട്ടതിനും കത്തിച്ചതിനും കടലിൽ തള്ളിയതിനുമൊക്കെയായി 20 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെയാണ് ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഇതുവരെ നടപടിയെടുത്തത്.
അരലക്ഷത്തോളം രൂപ പിഴയിട്ടു. പ്ലാസ്റ്റിക് മാലിന്യങ്ങൾ തരം തിരിക്കാതിരിക്കൽ, കൂട്ടിയിട്ട് കത്തിക്കൽ, ഹരിതകർമ സേനക്ക് നൽകാതിരിക്കൽ, മലിനജലം തുറസ്സായ സ്ഥലത്തേക്ക് ഒഴുക്കൽ തുടങ്ങിയവയാണ് സ്കൂളുകളിലെ പ്രധാന നിയമലംഘനങ്ങൾ. കമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ് എന്നിവ ഒരുക്കാത്തതിനും നടപടിയുണ്ട്.
ഗൗരവമല്ലാത്ത നിയമലംഘനങ്ങൾ കണ്ടെത്തിയ സ്കൂളുകൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മതിയായ മാലിന്യ സംസ്കരണ സംവിധാനം ഒരുക്കാത്തതിനെ തുടർന്ന് തിങ്കളാഴ്ച കൂടാളി ഹയർ സെക്കൻഡറി സ്കൂളിന് 5,000 രൂപയാണ് പിഴയീടാക്കി. കഴിഞ്ഞ ഒക്ടോബറിൽ കടലിലേക്ക് മാലിന്യം തള്ളിയതിനെ തുടർന്ന് തലശ്ശേരി സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിന് 27,000 രൂപയും പിഴയീടാക്കി. പ്ലാസ്റ്റിക് കുപ്പികൾ, മിഠായി കവറുകൾ, ഡിസ്പോസബിൾ കപ്പുകൾ തുടങ്ങിയവയാണ് കടലിലേക്ക് തള്ളിയത്. മലിനജലവും കടലിലേക്കായിരുന്നു ഒഴുക്കിയിരുന്നത്. ചിറക്കൽ രാജാസ് എച്ച്.എസ്.എസ്, ചുഴലി ഗവ. ഹയർസെക്കൻഡറി, കുറുമാത്തൂർ ജി.വി.എച്ച്.എസ്.എസ് തുടങ്ങിയ സ്കൂളുകളും നടപടി നേരിട്ടു. കൂടാളി സ്കൂൾ പരിസരത്ത് പലയിടങ്ങളിലായി ഉപയോഗ ശൂന്യമായ പേനകൾ, മിഠായിക്കവറുകൾ, പ്ലാസ്റ്റിക് കവറുകൾ, കടലാസ് എന്നിവ ജൈവമാലിന്യങ്ങൾക്കൊപ്പം കൂട്ടിയിട്ട നിലയിലാണ് സ്ക്വാഡ് കണ്ടെത്തിയത്. ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി കംമ്പോസ്റ്റ് തുടങ്ങിയ പ്രത്യേക സംവിധാനങ്ങൾ സ്കൂളിൽ ഏർപ്പെടുത്തിയിരുന്നില്ല. കുട്ടികളിൽ പ്ലാസ്റ്റിക് തരംതിരിവ് ശീലിപ്പിക്കുന്നതിനായി പഞ്ചായത്ത് നൽകിയ നാലു ബിന്നുകളും കൃത്യമായി സജ്ജീകരിച്ചിരുന്നില്ല. പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കൂടാളി പഞ്ചായതിന് നിർദേശം നൽകി.
ജില്ല എൻഫോഴ്സ്മെൻറ് സ്ക്വാഡ് ലീഡർ ഇ.പി. സുധീഷ്, എൻഫോഴ്സ്മെന്റ് ഓഫിസർ കെ.ആർ. അജയകുമാർ, ടീമംഗം ഷെറീകുൽ അൻസാർ, സി. ഹേമന്ദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.