തിരുവനന്തപുരം: വഴുതക്കാട്ടെ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന കുടിവെള്ള ദൗർലഭ്യം ഒക്ടോബർ 25 ന് മുമ്പ് പരിഹരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ജലഅതോറിറ്റി ചീഫ് എഞ്ചിനീയർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു.
കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നടത്തിയ സിറ്റിങ്ങിലാണ് ചീഫ് എഞ്ചിനീയർ ഹാജരായി ഇക്കാര്യം രേഖാമൂലം അറിയിച്ചത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ജലദൗർലഭ്യം പരിഹരിക്കാൻ ജല അതോറിറ്റി സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികളുടെ പുരോഗതി സംബന്ധിച്ച് ചീഫ് എഞ്ചിനീയർ ഒക്ടോബർ ഒമ്പതിന് തിരുവനന്തപുരത്ത് കമീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിങ്ങിൽ ഒരു അഡീഷണൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. 9 ന് രാവിലെ 10 ന് കേസ് പരിഗണിക്കും.
കമീഷൻ സെപ്റ്റംബർ 5 ന് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജലഅതോറിറ്റി മാനേജിങ് ഡയറക്ടർ ചീഫ് എഞ്ചിനീയറുടെ സാന്നിധ്യത്തിൽ ഒരു ഉന്നതതല യോഗം ചേർന്നതായി ചീഫ് എഞ്ചിനീയറുടെ റിപ്പോർട്ടിൽ പറഞ്ഞു. യോഗം പ്രവർത്തിയുടെ പുരോഗതി വിലയിരുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.