കണ്ണൂർ: പ്രദേശത്തിന്റെ ജലസ്രോതസ്സുകളുടെ പരിപാലനം ഉറപ്പാക്കി വിവിധ ആവശ്യങ്ങൾക്ക് സുസ്ഥിരമായ ജലവിതരണം സാധ്യമാക്കുന്ന ജല ബജറ്റ് രൂപവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ധർമടം മണ്ഡലത്തില്‍ തുടക്കമായി.
രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ജല ബജറ്റ് തയാറാക്കുന്നത്. ‘ഉറവ’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. ധര്‍മടം മണ്ഡലത്തിലെ എട്ടു ഗ്രാമ പഞ്ചായത്തുകളിലും ലഭിക്കുന്ന മഴയുടെ അളവ്, ഭൂമിയുടെ ചരിവ്, നീര്‍ത്തടങ്ങളുടെ വ്യാപ്തി, കാര്ഷികവല്കരണം, തരിശിടല്‍ തുടങ്ങിയ മേഖലകളില്‍ വളരെയേറെ വ്യത്യാസങ്ങളുണ്ട്. അതുകൊണ്ട് എല്ലാ ഗ്രാമ പഞ്ചായത്തുകളിലും പ്രത്യേകം ജലബജറ്റ് തയ്യാറാക്കും. അതിന്റെ അടിസ്ഥാനത്തില്‍ ഏതൊക്കെ പഞ്ചായത്തുകളില്‍ ജല സംബന്ധമായ നീക്കുപോക്കുകള്‍ വേണമെന്ന് കൃത്യതയോടെ മനസ്സിലാക്കും. കൃഷി രീതികളില്‍ വരുത്തേണ്ട മാറ്റങ്ങളും അതുവഴി എത്രത്തോളം ജലം സംരക്ഷിച്ച് ഉപയോഗിക്കാം എന്നും മനസ്സിലാക്കാന്‍ സാധിക്കും.
ജലബജറ്റുകള്‍ തയ്യാറാവുന്നതോടെ മിച്ച ജലലഭ്യതയും അവയുടെ തുടര്‍ ഉപയോഗ ധാരണയും തയ്യാറാക്കും. ജല ഉപയോഗം കാര്യക്ഷമമാക്കാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തദ്ദേശ ഭരണ തലങ്ങളില്‍ ആസൂത്രണം ചെയ്യും. വേങ്ങാട് ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന ശിൽപശാലയിലാണ് ജല ബജറ്റ് തയാറാക്കുവാന്‍ തീരുമാനിച്ചത്.മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന് അധ്യക്ഷത വഹിച്ചു.
മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി ദിനേശ് ഭാസ്കര്‍, വേങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഗീത, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷന് ഡയറക്ടര്‍ എ. നിസ്സാമുദ്ദീന്‍, ജോയിന്റ് പ്രോഗ്രാം കോഓഡിനേറ്റര്‍ പി. സുരേന്ദ്രന്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.