കോട്ടയം: തെരഞ്ഞെടുപ്പ് ചൂടാണ് നാടു മുഴുവൻ. അതിനു മുകളിൽ പൊള്ളുന്ന വേനൽച്ചൂടും. കത്തിയെരിയുന്ന സൂര്യനു കീഴിൽ വോട്ടിനായുള്ള ഓട്ടപ്പാച്ചിലിലാണ് നമ്മുടെ സ്ഥാനാർഥികൾ. പ്രസംഗങ്ങളും പ്രചാരണ കോലാഹലങ്ങളുമായി വെയിലിലലയുന്ന ഇവരെ സമ്മതിക്കണം.
ഈ ലോക ജലദിനത്തിൽ, കത്തുന്ന ചൂടിൽ വോട്ടുറപ്പിക്കുന്ന സ്ഥാനാർഥികളുടെ 'വെള്ളം കുടിശീലങ്ങൾ' എങ്ങനെയെന്നറിയാം.
മുഖ്യമന്ത്രി പിണറായി വിജയന് ചെറുചൂടുവെള്ളമാണ് പഥ്യം. രാവിലെ ഇറങ്ങുമ്പോഴേ വെള്ളം ഫ്ലാസ്കിലാക്കി വാഹനത്തിൽ കരുതും. യാത്രയിലുടനീളം ഇടക്കിടെ കുടിച്ചുകൊണ്ടിരിക്കും. ആഹാരക്രമത്തിൽ, ചൂടുകാലമായതിനാൽ പ്രത്യേകിച്ചു മാറ്റമൊന്നുമില്ല.
തിരുവനന്തപുരത്തെ വീട്ടിൽനിന്നാണു പുറപ്പെടുന്നതെങ്കിൽ ഉമ്മൻ ചാണ്ടിയുടെ വാഹനത്തിൽ കരിങ്ങാലിയിട്ടു തിളപ്പിച്ച വെള്ളം മാത്രമേ ഉണ്ടാകൂ. അല്ലാത്തപ്പോൾ തിളപ്പിച്ചാറിയ വെള്ളം. വണ്ടിയിൽ പഴമോ മുന്തിരിയോ ഉണ്ടാകും.
ഇടക്ക് എടുത്ത് കഴിക്കും. നേരത്തേ കുപ്പിവെള്ളം കുടിക്കുമായിരുന്നു. അസുഖബാധിതനായതോടെ ഭക്ഷണക്രമത്തിൽ ചിട്ടവന്നെങ്കിലും തെരഞ്ഞെടുപ്പായതോടെ അതു തെറ്റി. ഭക്ഷണത്തിനായി സമയം കളയാറില്ല. വാഹനത്തിലിരുന്നുകൊണ്ടു തന്നെ എന്തെങ്കിലും കഴിക്കും.
മിനറൽ വാട്ടറോ ചൂടുവെള്ളമോ ആണ് കുഞ്ഞാലിക്കുട്ടിക്ക് പ്രിയം. ഫ്ലാസ്കിൽ എപ്പോഴും ചായയും വെള്ളവും വാഹനത്തിലുണ്ടാവും. രാവിലെ 11ന് ഒരു ചായ നിർബന്ധമാണ്, വൈകീട്ടും. ജ്യൂസോ നാരങ്ങവെള്ളമോ പതിവില്ല. ദീർഘദൂര യാത്രയല്ലെങ്കിൽ ഭക്ഷണം മിക്കവാറും വീട്ടിൽ തന്നെ.
രാവിലെ മോരും വെള്ളം കുടിച്ചാണ് പി.ജെ. ജോസഫ് വീട്ടിൽ നിന്നിറങ്ങുക. അതു നിർബന്ധമാണ്. ശുദ്ധീകരിച്ച വെള്ളമോ തിളപ്പിച്ചാറ്റിയ വെള്ളമോ മൂന്നോ നാലോ കുപ്പി വണ്ടിയിലുണ്ടാകും, അതും ചില്ലു കുപ്പി.
നോ പ്ലാസ്റ്റിക് ബോട്ടിൽ. വീട്ടിൽ വിളഞ്ഞ പഴം ഏതെങ്കിലും കരുതും. പുറത്തുനിന്നു കരിക്കിൻ വെള്ളം മാത്രമേ കുടിക്കൂ. ചായയും കാപ്പിയും ഇല്ല. സസ്യാഹാരത്തോടാണ് താൽപര്യം.
ജോസ് കെ. മാണി തിളപ്പിച്ചാറ്റിയ വെള്ളം കുപ്പിയിൽ കരുതും. തെരഞ്ഞെടുപ്പ് കാലമല്ലെങ്കിലും അതാണ് പതിവ്.
രാവിലെ യോഗ കഴിഞ്ഞാണ് അദ്ദേഹം പ്രചാരണത്തിനിറങ്ങുക തിളപ്പിച്ചാറിയ വെള്ളവും കരിക്കിൻ വെള്ളവുമാണ് തിരുവഞ്ചൂർ രാധാകൃഷ്ണന് ഇഷ്ടം. യാത്രയിലാണെങ്കിൽ കരിക്കിൻ വെള്ളം വാങ്ങിക്കുടിക്കും. കോട്ടയത്തുണ്ടെങ്കിൽ ഭക്ഷണം വീട്ടിൽ തന്നെ. യാത്രയിൽ സമയം ലാഭിക്കാൻ അദ്ദേഹം ഭക്ഷണം തന്നെ വേണ്ടെന്നു വെക്കും.
കരിങ്ങാലിയിട്ടു തിളപ്പിച്ച ചൂടുവെള്ളം തന്നെയാണ് കുമ്മനം രാജശേഖരനും പ്രിയം. എന്നു െവച്ച് നിർബന്ധങ്ങളില്ല. പ്രവർത്തകർ നൽകുന്ന മിനറൽ വാട്ടറും കരിക്കിൻ വെള്ളവും കുടിക്കും. മൂന്നു നേരവും സസ്യാഹാരം.
മന്ത്രി എം.എം. മണി തിളപ്പിച്ചാറ്റിയ വെള്ളം ഫ്ലാസ്കിൽ കരുതും. എന്തു കൊടുത്താലും കുടിക്കും. തിരിച്ചുകടിക്കാത്തതെന്തും കഴിക്കും. വിത്തൗട്ട് ചായയാണ് ആശാെൻറ എനർജി സീക്രട്ട്. ദിവസം 10-12 ചായ വരെ കുടിക്കും. അതിനി എത്ര ചൂടുകാലമായാലും.
പച്ച വെള്ളമാണ് ബിന്ദു കൃഷ്ണക്ക് ഇഷ്ടം. പുറത്തിറങ്ങിയാൽ മിനറൽ വാട്ടറും നാരങ്ങവെള്ളവും. കഴിഞ്ഞ വർഷം ഇതേ സമയത്ത് കൊല്ലം ജില്ലയിലുടനീളം 521 കിലോമീറ്റർ പദയാത്ര നടത്തിയതിെൻറ അനുഭവം ഉള്ളതിനാൽ ഈ ചൂടൊന്നും ചൂടല്ല ബിന്ദു കൃഷ്ണക്ക്.
അൽഫോൺസ് കണ്ണന്താനം രാവിലെ വീട്ടിൽ നിന്നു രണ്ടു ഗ്ലാസ് പച്ചവെള്ളം കുടിച്ചിറങ്ങും. ചായ കുടിയില്ല. വല്ലപ്പോഴും മധുരമിടാത്ത കാപ്പി മാത്രം. പ്രചാരണത്തിനിടെ ശുചിമുറി അന്വേഷിച്ചുപോകാൻ സമയമില്ലാത്തതിനാലാണ് വെള്ളം കുടി ഒഴിവാക്കുന്നത്.
രാത്രി വീട്ടിൽ മടങ്ങിയെത്തിയാൽ ധാരാളം വെള്ളം കുടിക്കുകയും ചെയ്യും. അന്തരിച്ച മുൻ മുഖ്യമന്ത്രി കെ. കരുണാകരന് കരിക്കിൻ വെള്ളത്തോടുള്ള ഇഷ്ടം നാട്ടിലെങ്ങും പാട്ടായിരുന്നു. എവിടെ കരിക്ക് കണ്ടാലും അദ്ദേഹം കണ്ണുെവക്കും. വെട്ടി കാറിെൻറ ഡിക്കിയിലിടുമായിരുന്നു. ഇങ്ങനെ പോകുന്നു നേതാക്കളുടെ വെള്ളം കുടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.