മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം: കെ. ഗോപാലകൃഷ്‌ണന്‍റെ സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പുണ്ടാക്കിയതുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്‌ണനെ സർവിസിൽ തിരിച്ചെടുത്തു.

സസ്‌പെൻഷൻ റിവ്യു കമിറ്റിയുടെ ശുപാർശയിലാണ്‌ നടപടി. വകുപ്പുതല അന്വേഷണത്തിൽ ഗോപാലകൃഷ്ണനെതിരെ കുറ്റം തെളിയിക്കാനായില്ലെന്നാണ്‌ കണ്ടെത്തൽ. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും ആഭ്യന്തര സെക്രട്ടറിയും പങ്കെടുത്ത സസ്‌പെന്‍ഷന്‍ റിവ്യൂ സമിതി യോഗം ഇതു സംബന്ധിച്ച ശുപാര്‍ശ മുഖ്യമന്ത്രിക്ക്‌ കൈമാറിയിരുന്നു.

ഇതെത്തുടർന്നാണ്‌ വ്യാഴാഴ്‌ച രാത്രി സസ്‌പെൻഷൻ പിൻവലിച്ച വിവരം പുറത്തുവന്നത്‌. കഴിഞ്ഞ ഒക്ടോബര്‍ 31ന് ഗോപാലകൃഷ്ണന്‍ അഡ്മിന്‍ ആയി ആദ്യം ‘മല്ലു ഹിന്ദു ഓഫിസേഴ്‌സ്’ ഗ്രൂപ്പും പിന്നീട് മുസ്‍ലിം ഗ്രൂപ്പും രൂപീകരിച്ചത്​ പുറത്തുവന്നതിനെതുടര്‍ന്ന്‌ നടന്ന അന്വേഷണത്തിലാണ്‌ അദ്ദേഹത്തെ സസ്‌പെൻഡ്‌ ചെയ്‌തത്‌.

പോസ്റ്റിട്ട് മണിക്കൂറുകൾക്കുള്ളിൽ ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുകയും ഫോൺ ആരോ ഹാക്ക് ചെയ്തെന്ന് ഉദ്യോഗസ്ഥർക്ക് സന്ദേശമയച്ചിരുന്നു. ഫോൺ ഹാക്ക് ചെയ്തുവെന്ന് കാണിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്ക് ഗോപാലകൃഷ്ണൻ പരാതിയും നൽകി. എന്നാൽ, അന്വേഷണത്തിൽ ഫോണിൽ ഹാക്കിങ് നടന്നിട്ടില്ലെന്ന കണ്ടെത്തെലിനെ തുടർന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു.   

അതേസമയം, ഗോപാലകൃഷ്ണനൊപ്പം സസ്പെൻഡ് ചെയ്യപ്പെട്ട കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്ത് ഐ.എ.എസിൻ്റെ സസ്പെൻഷൻ സർക്കാർ നീട്ടി. സസ്പെൻഷൻ 120 ദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി.

Tags:    
News Summary - Mallu Hindu WhatsApp group: K. Gopalakrishnan's suspension lifted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.