തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.5 അടിയിലെത്തി. തമിഴ്നാട് ഡാമിൽ നിന്നും കൊണ്ടു പോകുന്ന ജലത്തിന്‍റെ അളവിൽ നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ഡാമിലെ ജലനിരപ്പിലും വർധനയുണ്ടായിട്ടുണ്ട്. 2398.46 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജലനിരപ്പ് ഇതേരീതിയിൽ തുടരുകയാണെന്ന് ചെറുതോണി ഡാമിന്‍റെ ഷട്ടറുകൾ തുറന്ന് വെള്ളം നിയന്ത്രിതമായ അളവിൽ പുറത്തേക്ക് ഒഴുക്കിവിടുമെന്ന് കഴിഞ്ഞ ദിവസം അധികൃതർ അറിയിച്ചിരുന്നു. 100 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടുമെന്നാണ് അറിയിപ്പ്. തുലാവർഷം ശക്തിപ്രാപിച്ച് നിൽക്കുന്നതിനാലും ഇടുക്കി ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ ലഭിക്കുന്നതിനാലും ജലസംഭരണിയുടെ ജലനിരപ്പ് ക്രമേണ ഉയർന്നു വരുന്നതുമായ സാഹചര്യത്തിൽ ജില്ലയിലെ വിവിധ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും ജില്ലാ കലക്ടർ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഡാമിനെ സംബന്ധിച്ച് കേരളം ഉന്നയിച്ച വാദങ്ങളിൽ ഇന്ന് വിശദമായ വാദം കേൾക്കും. ബേബി ഡാമിലെ മരംമുറിക്കാൻ കേരളം അനുമതി നൽകിയത് തമിഴ്നാട് സർക്കാർ കോടതിയിൽ ഉയർത്തുമെന്നാണ് സൂചന. ഇത് ഉദ്യോഗസ്ഥ വീഴ്ചയാണെന്ന വാദം കേരളം സുപ്രീംകോടതിയിലും ഉയർത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.