ഭൂഗര്‍ഭജലം വലിച്ചൂറ്റി ജലമാഫിയ കൊഴുക്കുന്നു

അമ്പലത്തറ (തിരുവനന്തപുരം): ഭൂഗര്‍ഭജല സംരക്ഷണമെന്ന പ്രമേയവുമായി ലോകം ജലദിനം ആചരിക്കുമ്പോള്‍ ഭൂഗര്‍ഭജലം ചൂഷണം ചെയ്ത് വില്‍പന നടത്തുന്ന സംഘങ്ങള്‍ തലസ്ഥാന ജില്ലയില്‍ സജീവം. കൂണുകള്‍ പൊലെ മുളച്ചുപൊങ്ങിക്കൊണ്ടിരിക്കുന്ന കുടിവെള്ള കമ്പനികളാണ് ഭൂഗര്‍ഭജലചൂഷണത്തിന് പിന്നില്‍.

ജില്ലയില്‍ പലയിടങ്ങളിലും വസ്തുവാങ്ങി കുഴല്‍കിണറുകള്‍ കുഴിച്ച് വ്യാപകമായി ഭൂഗര്‍ഭജലം ചൂഷണം ചെയ്ത് ബോട്ടിലുകളിലും ടാങ്കറുകളിലുമായി വില്‍പന നടത്തുകയാണിവർ. കുഴല്‍കിണറുകള്‍ കുഴിക്കാന്‍ വീട്ടുകാര്‍ക്ക് അപേക്ഷ നല്‍കുമ്പോള്‍ ഗ്രൗണ്ട് വാട്ടര്‍ അതോറ്റി അധികൃതര്‍ സ്ഥലത്ത് എത്തി ഭൂജല സര്‍വേ നടത്തി റിപ്പോര്‍ട്ട് നല്‍കും. തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയും വേണം.

ഗ്രൗണ്ട് വാട്ടര്‍ അതോറ്റി തന്നെ കുഴല്‍കിണറുകള്‍ കുഴിച്ച് നല്‍കും. അല്ലങ്കില്‍ ഗ്രൗണ്ട് വാട്ടര്‍ അതോറ്റി ലൈസന്‍സ് നല്‍കിയിട്ടുള്ളവര്‍ മാത്രമേ കുഴല്‍കിണറുകള്‍ കുഴിക്കാന്‍ പാടുള്ളൂ എന്നാണ് നിയമം. എന്നാല്‍ ഇത്തരം നിയമങ്ങള്‍ കാറ്റില്‍പറത്തി ജലമാഫിയ വസ്തുക്കള്‍ വാങ്ങി മതില്‍ കെട്ടി അടച്ച് ഒരു വസ്തുവിന് ഉള്ളില്‍ തന്നെ മൂന്നും നാലും കുഴല്‍കിണറുകള്‍ കുഴിക്കും. ഇത്തരത്തില്‍ കുഴൽക്കിണറുകള്‍ കുഴിച്ച് നല്‍കുന്ന തമിഴ്നാട്ടില്‍ നിന്നുള്ള സംഘങ്ങള്‍ ജില്ലയുടെ പലഭാഗത്തും സജീവമാണ്.

ബ്രാൻഡഡ് കുടിവെള്ളകമ്പനികളെക്കള്‍ വില കുറച്ച് നല്‍കുന്നത് കാരണം ഇതിന് ആവശ്യക്കാര്‍ എറെയുമാണ്. ഇതിന് പുറമേ വെള്ളം ലിറ്റര്‍കണക്കിന് പ്രതിദിനം ടാങ്കറുകള്‍ വഴി വന്‍കിട റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും നല്‍കുന്നു. ഒരുകാലത്ത് പുഴകളാലും നദികളാലും പെതുകിണറുകളാലും സമൃദ്ധമായിരുന്ന തലസ്ഥാന ജില്ല ഇന്ന് കുടിവെള്ളത്തിനായി കേഴുന്ന അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതിനിടെയാണ് വ്യാപകമായ ഭൂഗര്‍ഭ ജലചൂഷണം നടക്കുന്നത്.

Tags:    
News Summary - water mafia is growing after exploiting groundwater

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.