വയനാടും ചേലക്കരയിലും പാലക്കാടും യു.ഡി.എഫ് നടത്തിയത് ഒരു കാലത്തും ഇല്ലാത്ത തരത്തിലുള്ള മുന്നൊരുക്കം- വി.ഡി സതീശൻ

തിരുവല്ല: ഒരു കാലത്തും ഇല്ലാത്ത തരത്തിലുള്ള മുന്നൊരുക്കങ്ങളാണ് കോണ്‍ഗ്രസും യു.ഡി.എഫും വയനാട്ടിലും ചേലക്കരയിലും പാലക്കാടും നടത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നടപടിക്രമം അനുസരിച്ചാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്കും കെ.പി.സി.സി അധ്യക്ഷനുമാണ്. അതില്‍ എന്ത് പാളിച്ചകള്‍ ഉണ്ടെങ്കിലും അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഞങ്ങള്‍ ഏറ്റെടുക്കുന്നു.

എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് സ്ഥാനാര്‍ത്ഥി പട്ടിക എ.ഐ.സി.സിക്ക് നല്‍കിയത്. ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളാണ് മൂന്നു പേരും. സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമാണ്. ചെറുപ്പക്കാര്‍ക്കും വനിതകള്‍ക്കും സീറ്റ് നല്‍കണമെന്നാണ് പാര്‍ട്ടി എപ്പോഴും പറയുന്നത്. അത് പലപ്പോഴും ചെയ്യാന്‍ പറ്റാറില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സിറ്റിങ് എം.പിമാര്‍ മത്സരിച്ചപ്പോള്‍ കൂടുതല്‍ വനിതകള്‍ക്കും ചെറുപ്പക്കാര്‍ക്കും സീറ്റ് കൊടുക്കാന്‍ സാധിച്ചില്ല.

പുതുതായി വന്ന ഒഴിവില്‍ ഷാഫി പറമ്പിലിന് മാത്രമാണ് നല്‍കാന്‍ കഴിഞ്ഞത്. ചെറുപ്പക്കാര്‍ക്കും വനിതകള്‍ക്കും സീറ്റ് നല്‍കുന്നത് ഇനി മുതല്‍ പരിഗണിക്കുമെന്നാണ് അന്ന് പറഞ്ഞത്. ഇപ്പോള്‍ അവസരം കിട്ടിയപ്പോള്‍ രണ്ട് വനിതകള്‍ക്കും ഒരു ചെറുപ്പക്കാരനെയും സ്ഥാനാര്‍ത്ഥികളാക്കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. മിടുമിടുക്കനായ സ്ഥാനാർഥിയാണ്.

ചാനല്‍ ചര്‍ച്ചകളിലെ കോണ്‍ഗ്രസിന്റെ മുഖമാണ്. യുക്തിഭദ്രമായ വാദങ്ങള്‍ കൊണ്ട് ജനങ്ങളുടെ ഹൃദയങ്ങള്‍ കീഴടക്കിയ സമരനായകനാണ് രാഹുല്‍. അദ്ദേഹത്തെ സ്ഥാനാർഥിത്വത്തെ ആരും ചോദ്യം ചെയ്തിട്ടില്ല. കേരളത്തില്‍ എല്ലാവരും സ്ഥലം മാറിയൊക്കെ മത്സരിച്ചിട്ടുണ്ട്. ഞാന്‍ എന്റെ നിയോജകമണ്ഡലത്തില്‍ അല്ല മത്സരിച്ചു വിജയിച്ചത്. കൊല്ലത്തുകാരനായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട് എം.പിയാണ്.

കണ്ണൂരില്‍ നിന്നുള്ള എം.കെ രാഘവനാണ് കോഴിക്കോടിന്റെ മകനായി മാറിയത്. രമ്യാ ഹരിദാസ് കോഴിക്കോട് നിന്നാണ് വന്നത്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന കെ.സി വേണുഗോപാര്‍ കണ്ണൂരുകാരനാണ്. അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കെ മത്സരിച്ചത് ആലപ്പുഴയില്‍ നിന്നാണ്. ആലപ്പുഴയിലെ ഏറ്റവും ജനകീയ മുഖമാണ് അദ്ദേഹം. അതൊക്കെ കേരളത്തില്‍ വലിയ കാര്യമില്ല.

മലപ്പുറത്തു നിന്നെത്തിയ എം. സ്വരാജാണ് തൃപ്പൂണിത്തുറയില്‍ മത്സരിച്ചത്. സംസ്ഥാന നേതൃത്വത്തിലുള്ളവര്‍ക്ക് എവിടെയും മത്സരിക്കാം. ഞാന്‍ മത്സരിക്കുമ്പോള്‍ എന്നെ അധികം പേര്‍ക്ക് അറിയില്ലായിരുന്നു. പക്ഷെ രാഹുല്‍ മാങ്കൂട്ടത്തില്‍ അങ്ങനെയല്ല. അദ്ദേഹം കേരളം മുഴുവന്‍ അറിയപ്പെടുന്ന ആളാണ്. ഷാഫി പറമ്പിലിന്റെ മേല്‍വിലാസം ഉണ്ടെന്നാണ് പറയുന്നത്. അങ്ങനെ ഉണ്ടെങ്കില്‍ അത് അഡീഷണലായുള്ള ബെനിഫിറ്റാണ്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ള നേതാക്കളുടെ മുന്‍നിരയിലാണ് ഷാഫി പറമ്പില്‍. ഷാഫി പറമ്പിലിന് ഇഷ്ടമുള്ള ആളാണ് രാഹുല്‍ എന്നത് എങ്ങനെയാണ് നെഗറ്റീവാകുന്നത്. അത് ഒന്നുകൂടി പോസിറ്റീവായി. വയനാട്ടില്‍ രാഹുല്‍ ഗാന്ധി 2019-ല്‍ വിജയിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ പ്രിയങ്ക ഗാന്ധി വിജയിക്കും. പാലക്കാട് ഷാഫി പറമ്പില്‍ ജയിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിക്കും. ചേലക്കര ഞങ്ങള്‍ തിരിച്ചു പിടിക്കും.

തൃക്കാക്കര തിരഞ്ഞെടുപ്പില്‍ തോമസ് മാഷിനെയും കൊണ്ടാണ് സി.പി.എം വന്നത്. എന്ത് ചലനമാണ് ഉണ്ടാക്കിയതെന്ന് കണ്ടതാണ്. അദ്യ റൗണ്ടില്‍ മാത്രമാണ് അവര്‍ അദ്ദേഹത്തെ ഇറക്കിയത്. രണ്ടാമത്തെയും മൂന്നാമത്തെയും റൗണ്ടില്‍ അവര്‍ അദ്ദേഹത്തെ ഇറക്കിയതു പോലുമില്ല. സി.പി.എമ്മിലെ പൊട്ടിത്തെറിയുടെ അത്രയൊന്നുമില്ല ഇപ്പോഴത്തെ സംഭവം. ഒരാള്‍ അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞൂവെന്നേയുള്ളൂ. യു.ഡി.എഫിന്റെ വിജയസാധ്യതയെ ഇതൊന്നും ബാധിക്കില്ല. നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.

Tags:    
News Summary - Wayanad, Chelakkara and Palakkad by UDF is unprecedented preparation - VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.