ന്യൂഡൽഹി: പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിക്കേണ്ട വില്ലേജുകളെ തിരഞ്ഞെടുക്കുന്നത് കേന്ദ്ര സർക്കാറല്ലെന്നും സംസ്ഥാന സർക്കാർ സമർപ്പിക്കുന്ന നിർദേശങ്ങളനുസരിച്ചാണ് കരട് വിജ്ഞാപനം ഇറക്കുന്നതെന്നും വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കർ രാജ്യസഭയിൽ വ്യക്തമാക്കി.
വയനാട് വന്യജീവിസങ്കേതത്തിനു ചുറ്റുമുള്ള പ്രദേശങ്ങൾ പരിസ്ഥിതി ദുർബല മേഖലയാക്കാനുള്ള കരട് വിജ്ഞാപനം ഇറക്കിയ വിഷയം സംബന്ധിച്ച കെ.സി. വേണുഗോപാലിെൻറ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കേന്ദ്ര സർക്കാറിെൻറ കരട് വിജ്ഞാപനം വയനാട്ടിൽ വലിയ ജീവിത പ്രതിസന്ധികൾ ഉണ്ടാക്കുമെന്ന് കെ.സി. വേണുഗോപാൽ ചൂണ്ടിക്കാണിച്ചു. സുൽത്താൻ ബത്തേരി ബസ് സ്റ്റാൻഡ് പോലും പരിസ്ഥിതി ദുർബല മേഖലയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഇത്തരം വിജ്ഞാപനം ഇറക്കുംമുമ്പ് പ്രദേശവാസികളുമായി കൂടിയാലോചനകൾ നടത്തി അഭിപ്രായം തേടണമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്ഥലം എം.പി രാഹുൽ ഗാന്ധി മന്ത്രിക്ക് കത്തു നൽകിയിരുന്നു.
സംസ്ഥാന സർക്കാർ നിർദേശിക്കുന്നതനുസരിച്ചാണ് കരട് തയാറാക്കുന്നതെന്നും അന്തിമ വിജ്ഞാപനം ഇറക്കുന്നതിനുമുമ്പ് അഭിപ്രായ നിർദേശങ്ങൾ പരിഗണിക്കുമെന്നും മന്ത്രി പ്രകാശ് ജാവ്ദേക്കർ ഉറപ്പുനൽകി. വനമേഖലകളിൽ കേരളത്തില്‍ പലയിടത്തും വന്യമൃഗങ്ങള്‍ മനുഷ്യരെ ഉപദ്രവിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നത് സർക്കാർ ഗൗരവത്തോടെ കാണണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു. വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങി ഗ്രാമവാസികളെ കൊലപ്പെടുത്തിയ നിരവധി സംഭവങ്ങള്‍ സമീപകാലത്ത് കേരളത്തിലുണ്ടായി. ഇത് വളരെ പ്രധാനപ്പെട്ട വിഷയമാണെന്ന് മന്ത്രി ജാവ്ദേക്കര്‍ സമ്മതിച്ചു.
അതേസമയം, ഇക്കാര്യത്തില്‍ ജനങ്ങളുടെ ഭാഗത്തുനിന്ന് സഹാനുഭൂതിയുള്ള സമീപനം വേണമെന്നും മന്ത്രി പറഞ്ഞു. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കഴിഞ്ഞവര്‍ഷം രാജ്യത്ത് 500 പേര് കൊല്ലപ്പെട്ടു. 100 ആനകളും ഇക്കാലയളവിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വനവത്കരണം: കേരളത്തിന് മൂന്നു വര്‍ഷമായി പണമില്ല
ന്യൂഡല്‍ഹി: വനവത്കരണത്തിനായി കഴിഞ്ഞ മൂന്നു വര്‍ഷക്കാലം കേരളത്തിന് ഫണ്ടൊന്നും അനുവദിച്ചിട്ടില്ലെന്ന് കേന്ദ്രം. ലോക്താന്ത്രിക് ജനതാദള്‍ അംഗം എം.വി. ശ്രേയാംസ്കുമാറിെൻറ ചോദ്യത്തിന് പരിസ്ഥിതി-വനം മന്ത്രി ബാബുല്‍ സുപ്രിയോ രാജ്യസഭയില്‍ രേഖാമൂലം അറിയിച്ചതാണിത്. നാഷനല്‍ മെഡിസിനല്‍ പ്ലാൻറ് ബോര്‍ഡ് പദ്ധതിപ്രകാരം ഹൈറേഞ്ചില്‍ 12 ഹെക്ടറും വടക്കന്‍ മേഖലയില്‍ തെക്കേ വയനാട്ടില്‍ 15 ഹെക്ടര്‍, വടക്കേ വയനാട്ടില്‍ 50.02 ഹെക്ടര്‍ എന്നിങ്ങനെയും ഔഷധകൃഷിയുണ്ട്. മധ്യമേഖലയില്‍ തൃശൂര്‍ നെല്ലിക്കുന്ന്, ചാലക്കുടി, എറണാകുളം മലയാറ്റൂര്‍ എന്നിവിടങ്ങളിലാണ് കൃഷിയെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.