വയനാട് ഭൂമി ഏറ്റെടുക്കൽ: ഹാരിസൺസും സർക്കാരും തമ്മിൽ നിയമ യുദ്ധത്തിലേക്ക്

തിരുവനന്തപുരം: കല്പറ്റ മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ടൗൺ ഷിപ്പ് നിർമിക്കാനായി ഭൂമി ഏറ്റെടുക്കുന്നതിനെതിരേ ഹാരിസൺ മലയാളം പ്ലാന്റേഷൻ(എച്ച്.എം.എൽ.) ഹൈകോടതിയിൽ ഹരജി നൽകി. ഭൂമി ഏറ്റെടുത്ത സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നഭ്യർഥിച്ചാണ് എച്ച്.എം.എൽ. കോടതിയെ സമീപിച്ചത്. അതിനിടെ നെടുമ്പാല എസ്റ്റേറ്റ് ഉൾപ്പെടുന്ന മേപ്പാടി പഞ്ചായത്തിലെ എസ്റ്റേറ്റുകളിൽ സർക്കാരിന്റെ അവകാശമുന്നയിച്ച് കലക്ടർ ഡി.ആർ. മേഘശ്രീ സുൽ ത്താൻബത്തേരി കോടതിയിൽ സിവിൽകേസ് ഫയൽചെയ്തു.

2005 ലെ ദുരന്തനിവാരണ നിയമം അനുസരിച്ചാണ് ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവ് ഇറക്കിയത്. ഈ നിയമപ്രകാരം നഷ്ടപരിഹാരം കൊടുക്കേണ്ട അവസ്ഥയുണ്ടെങ്കിൽ മാത്രം കൊടുത്താൽ മതി. ഹാരിസൺസ് അടക്കമുള്ള വിദേശ കമ്പനികളുടെ തോട്ടംഭൂമിയിൽ ഇവർക്കാർക്കും നിലവിൽ ഉടമസ്ഥത ഇല്ലെന്നാണ് എം.ജി രാജമാണിക്യം സർക്കാരിന് റിപ്പോർട്ട് നൽകിയത്. അതിനാലാണ് ദുരന്തനിവാരണ അതോറിറ്റിയുടെ ഭൂമി ഏറ്റെടുക്കൽ ഉത്തരവിനെതിരെ ഹാരിസൺസ് ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തത്.

2019 ജൂൺ ആറിനാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി വിദേശ കമ്പനികളും പൗരന്മാരും കൈവശം വച്ചിരുന്ന തോട്ടം ഭൂമിക്കുമേൽ ഉടമസ്ഥത സ്ഥാപിക്കാനായി സിവിൽ കോടതിയിൽ കേസ് ഫയൽ ചെയ്യാൻ ഉത്തരവിട്ടത്. 2018 ലാണ് ഹൈകോടതി സർക്കാരിന് ഭൂമിയിൽ ഉടമസ്ഥത സ്ഥാപിക്കാൻ സിവിിൽകേടതിയിൽ പോകാമെന്ന് ഉത്തരവായത്. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി വിവിധ ജില്ലകളിലെ കലക്ടർമാരുടെ യോഗം വിളിച്ച് പലതവണ ആവശ്യപ്പെട്ടെങ്കിലും നിർദ്ദേശം പാലിച്ചില്ല.

വിദേശ തോട്ടം ഭൂമി കേസുകളുടെ നിയമപദേശം നൽകുന്നതിന് ഗവ. പ്ലീഡറായി അഡ്വ. സജി കൊടുവത്തുവിനെ സർക്കാർ നിയോഗിച്ചിരുന്നു. തുടർന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ മുഴുവൻ എസ്റ്റേറ്റുകളുടെയും കേസ് സിവിൽ കോടതിയിൽ എത്തി. ഇടുക്കി ജില്ലയിലെ ഏതാണ്ട് പകുതിയിലധികം വിദേശ തോട്ടങ്ങളുടെ കേസും സിവിൽ കോടതിയിൽ എത്തിച്ചു. ഒരോ ജില്ലയിലും ജി.പി മാരാണ് കാലതാമസം കൂടാതെ കേസ് സിവിൽ കോടതിയിൽ നൽകേണ്ടത്. വയനാട്ടിൽ നേരത്തെ ഉണ്ടായിരുന്ന കലക്ടർമാരും ജി.പിയും സിവിൽകേസ് നൽകുന്നതിൽ അനാസ്ഥ കാട്ടി. അതിനാലാണ് കേസ് സിവിൽകോടതിയിൽ എത്താതിരുന്നത്.

വയനാട്ടിലെ ഉരുൾപെട്ടലിൽ ഭൂമിയും വീടും നഷ്ടപ്പെവരുടെ പുരനധിവാസത്തിന് ഭൂമി ഏറ്റെടുത്ത് ഈ മാസം നാലിനാണ് ദുരന്തനിവാരണ അതോറിറ്റി ഉത്തരവിറങ്ങിയത്. അതിനെതിരെ ഹാരിസൺസ് കേസ് ഫയൽ ചെയ്തതോടെ സർക്കാർ സിവിൽ കേസ് ഫയൽ ചെയ്യാൻ വയനാട് കലക്ടർക്ക് നിർദേശം നൽകി. അങ്ങനെയാണ് വയനാട് ജി പി സിവിൽ കോടതിയിൽ കേസ് (ഒ.എസ് 137/24) ഫയൽ ചെയ്തത്. വയനാട്ടിൽ 1947 ന് മുമ്പ് ബ്രിട്ടീഷ് കമ്പനികളും വ്യക്തികളും കൈവശം വെച്ചിരുന്ന തോട്ടം ഭൂമിയിൽ സർക്കാർ ഉടമസ്ഥത സ്ഥാപിക്കുന്നതിന് തുടർ ദിവസങ്ങളിൽ കൂടുതൽ കേസുകൾ നൽകാനാണ് സർക്കാർ തീരുമാനം.   

Tags:    
News Summary - Wayanad Land Acquisition: Assignment between Harrison and Government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.