മേപ്പാടി (വയനാട്): കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലിൽ ചൂരല്‍മല സ്വദേശി മുഹമ്മദ് നബീലിനും കുടുംബത്തിനും ജീവൻ തിരിച്ചുകിട്ടിയത് തലനാരിഴക്കായിരുന്നു. ദുരന്തത്തിന് തൊട്ടുതലേദിവസം വീട് മാറി താമസിച്ചതിനാൽ കുടുംബം സുരക്ഷിതരായി. വീട് പൂർണമായി നഷ്ടപ്പെട്ടതോടെ കുടുംബത്തിനൊപ്പം മേപ്പാടി ഗവ. സ്കൂൾ ക്യാമ്പിൽ കഴിയുമ്പോൾ തന്റെ തുടർപഠന മോഹങ്ങളെല്ലാം ഒലിച്ചുപോയ സങ്കട കണ്ണീരിലായിരുന്നു ഈ വിദ്യാർഥി. സെൻട്രൽ യൂനിവേഴ്സിറ്റി ബിരുദ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനിരിക്കെയാണ് അപ്രതീക്ഷിത ദുരന്തം നാടിനെ വിഴുങ്ങിയത്. സർട്ടിഫിക്കറ്റുകളെല്ലാം നഷ്ടപ്പെട്ടതോടെ തുടർപഠനം വഴിമുട്ടിയെന്ന ആശങ്കയിലായി. സി.യു.ഇ.ടി ബിരുദ അപേക്ഷക്ക് ദിവസങ്ങൾ മാത്രമായിരുന്നു ബാക്കി. എന്നാൽ, നബീലിന്റെ ആശങ്കകളുടെ കാർമേഘം മാറിമറിഞ്ഞത് ഒറ്റദിവസംകൊണ്ടാണ്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അടിയന്തര ഇടപെടലാണ് സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാൻ വഴിയൊരുക്കിയത്.
കഴിഞ്ഞ ദിവസം അപകടം നടന്ന വീട് നിന്ന സ്ഥലത്ത് സർട്ടിഫിക്കറ്റെങ്കിലും കിട്ടുമോയെന്ന് നോക്കാൻ എത്തിയപ്പോൾ അവിടെ കുന്നുകൂടിയ മണ്ണും പാറക്കെട്ടുമല്ലാതെ വേറെയൊന്നുമില്ലെന്ന് നബീൽ പറഞ്ഞു. അപ്രതീക്ഷിതമായി സർട്ടിഫിക്കറ്റുകൾ ലഭിച്ചപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്നും അവൻ മനസ്സുതുറന്നു.
മാധ്യമവാർത്തകളിലൂടെയാണ് നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾക്ക് പ്രത്യേക അദാലത് സംഘടിപ്പിക്കുന്ന വിവരം നബീൽ അറിഞ്ഞത്. തുടർന്ന് സർട്ടിഫിക്കറ്റുകൾക്ക് ചൊവ്വാഴ്ച തന്നെ അപേക്ഷ നൽകുകയായിരുന്നു. ബുധനാഴ്ച മേപ്പാടി ഗവ. എച്ച്.എസ്.എസിൽ ജില്ല വിദ്യാഭ്യാസ ഓഫിസര്‍ ആര്. ശരചന്ദ്രനാണ് നബീലിന് എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.