കൽപറ്റ: മുണ്ടക്കൈ -ചൂരൽമല ഉരുൾ ദുരന്തത്തോട് കേന്ദ്ര സർക്കാർ മുഖംതിരിച്ചതോടെ ദുരന്ത ബാധിതർ ആശങ്കയിൽ. ദുരന്തത്തിന് ഇരയായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ടൗൺഷിപ് പദ്ധതിക്ക് ഭൂമി ഏറ്റെടുക്കൽ നടപടി കോടതി കയറി അനിശ്ചിതത്വത്തിലായതിനുപുറമെ സഹായമില്ലെന്ന കേന്ദ്ര സർക്കാർ തീരുമാനം കൂടി വന്നതോടെ കടുത്ത ആശങ്കയിലാണ് ഇരകൾ. കഴിഞ്ഞ ആഗസ്റ്റ് 10ന് ദുരന്ത മുഖത്തെത്തിയ പ്രധാനമന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്താണ് തിരിച്ചുപോയത്.
എന്നാൽ, മൂന്നുമാസം കഴിഞ്ഞിട്ടും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനും സാമ്പത്തിക സഹായം നൽകാനും തയാറാകാത്ത കേന്ദ്രസർക്കാറിനെതിരെ ബി.ജെ.പി ഒഴികെയുള്ള സംഘടനകളെല്ലാം പ്രതിഷേധത്തിലാണ്.
സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിൽ (എസ്.ഡി.ആർ.എഫ്) തുകയുണ്ടെന്ന ന്യായമാണ് കേന്ദ്രം മുന്നോട്ടുവെക്കുന്നത്. അതേസമയം, എസ്.ഡി.ആർ.എഫ് ഫണ്ട് എല്ലാ വർഷവും സംസ്ഥാനങ്ങൾക്ക് നൽകാറുള്ളതാണെന്നും ഉരുൾ ദുരന്തത്തിന് പ്രത്യേക ഫണ്ട് അനുവദിക്കാൻ കേന്ദ്രം തയാറായിട്ടില്ലെന്നുമാണ് സംസ്ഥാന സർക്കാർ പറയുന്നത്. എസ്.ഡി.ആർ.എഫ് ഫണ്ട് ഉരുൾ ദുരന്തത്തിന് ഉപയോഗിച്ചാൽത്തന്നെ വീടുവെക്കാൻ ഒന്നര ലക്ഷത്തിൽ താഴെയും റോഡ് നിർമിക്കാൻ കിലോമീറ്ററിന് 75,000 രൂപയും മാത്രമാണ് ചെലവഴിക്കാൻ സാധിക്കുക.
കേന്ദ്ര ഫണ്ട് അനുവദിക്കാത്തപക്ഷം ദുരന്തബാധിതർക്ക് ഇപ്പോൾ നൽകി വരുന്ന ആനുകൂല്യങ്ങൾ തുടർന്ന് നൽകുന്നതിനും തടസ്സമുണ്ടാകും.
ദുരന്തത്തെ തീവ്ര വിഭാഗത്തിൽ ഉൾപ്പെടുത്തുക, ദുരന്തത്തിന് ഇരയായവരുടെ മുഴുവൻ വായ്പകളും എഴുതിത്തള്ളുക, എത്രയും വേഗം അധിക ദുരിതാശ്വാസ സഹായം നൽകുക എന്നീ ആവശ്യങ്ങളാണ് സംസ്ഥാനം കേന്ദ്രത്തിനുമുന്നിൽവെച്ചത്. പ്രത്യേക സഹായമായി 1500 കോടിയോളം രൂപ കേരളം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
നൂറുകണക്കിന് ജീവനും ആയുഷ്കാലത്തെ സമ്പാദ്യങ്ങളും കശക്കിയെറിഞ്ഞ, രണ്ടു ഗ്രാമങ്ങളെ തന്നെ ഇല്ലാതാക്കിയ ദുരന്തത്തിന് മൂന്നര മാസം പിന്നിടുമ്പോഴാണ് കേന്ദ്രത്തിന്റെ നിഷേധാത്മക നിലപാട്. നിലവിൽ പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടിയും നിയമക്കുരുക്കിൽപെട്ട് അനിശ്ചിതത്വത്തിലാണ്. സ്ഥിരം പുനരധിവാസത്തിന് ഹാരിസണ്‍ മലയാളം കമ്പനിയുടെ കൈവശം മേപ്പാടി നെടുമ്പാലയിലെ 65.41 ഹെക്ടറും കല്പറ്റക്കടുത്ത് എല്‍സ്റ്റന്‍ എസ്റ്റേറ്റിലെ പുല്‍പ്പാറ ഡിവിഷനില്‍പ്പെട്ട 78.73 ഹെക്ടര്‍ ഭൂമിയുമാണ് സര്‍ക്കാര്‍ കണ്ടെത്തിയത്.
ഈ സ്ഥലങ്ങള്‍ 2005ലെ ദുരന്തനിവാരണ നിയമം അനുസരിച്ച് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെ മാനേജ്മെന്റുകള്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിലാണ് പുനരധിവാസത്തിന് ഭൂമി സർക്കാർ ഏറ്റെടുക്കുന്നത് താൽക്കാലികമായി കോടതി വിലക്കിയത്.
പുനരധിവാസം അനന്തമായി നീട്ടിക്കൊണ്ടുപോയാൽ ജോലിയും കൂലിയുമില്ലാതെ വാടക വീടുകളിൽ എത്രകാലം ഇങ്ങനെ കഴിയാനാകുമെന്നും സർക്കാർ എത്രകാലം വാടക നൽകുമെന്നുമാണ് ദുരന്ത ബാധിതർ ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.