കൽപറ്റ: ദുരന്തബാധിതരായ മുഴുവനാളുകളുടെയും പുനരധിവാസം ഉറപ്പാക്കിയിട്ടേ ചുരമിറങ്ങൂ എന്നാണ് റവന്യൂ മന്ത്രി രാജൻ ലോക്സഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് വയനാട്ടിൽ എത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെ സാക്ഷിയാക്കി പറഞ്ഞത്. വാഗ്ദാനങ്ങൾ കൊണ്ട് ദുരന്തബാധിതരെ മൂടുന്ന സർക്കാർ പക്ഷേ, ഇരകൾ ഇപ്പോഴും ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകാതെ മറ്റൊരു ദുരന്തമുഖത്താണെന്ന കാര്യം വിസ്മരിക്കുകയാണെന്ന് പ്രദേശത്തുകാർ പറയുന്നു. സർക്കാർ പ്രഖ്യാപിച്ച ധനസഹായം കിട്ടാത്തവർ ഇപ്പോഴും നിരവധിയുണ്ട്.
മേപ്പാടി പഞ്ചായത്തിലെ മൂന്നു വാര്‍ഡുകളിലുള്ളവരെയും ദുരന്തബാധിതരായി കണക്കാക്കി സഹായം നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. ഉപസമിതി ചുരമിറങ്ങിയ ശേഷം, പ്രത്യക്ഷ ദുരന്തം ബാധിച്ചവര്‍ക്ക് സഹായം നല്കിയാല് മതിയെന്ന് ഉദ്യോഗസ്ഥര്‍ക്ക് വാക്കാല്‍ നിര്‍ദേശം നല്‍കിയെന്നാണ് വിവരം. ഇതോടെയാണ് അടിയന്തര, ആശ്വാസ ധനസഹായ വിതരണം പ്രതിസന്ധിയിലായത്. ആദ്യമാസം ദിവസവേതനം ഉൾപ്പെടെ ലഭിച്ച പലരും ആനുകൂല്യത്തിന് ഓഫിസുകൾ കയറിയിറങ്ങുകയാണിപ്പോൾ. കഴിഞ്ഞ ഒക്ടോബര്‍ 23ന് ദിവസവേതനം ഒരു മാസത്തേക്കുകൂടി ദീര്‍ഘിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ഉത്തരവിറങ്ങി 20 ദിവസം കഴിഞ്ഞിട്ടും ദുരന്തബാധിതര്‍ക്ക് ഈ തുക ലഭിച്ചിട്ടുമില്ല.
സംസ്ഥാന സർക്കാറിനെതിരായ ആരോപണങ്ങൾ
1. നിയമക്കുരുക്കിലുള്ള ഭൂമി പുനരധിവാസത്തിന് ഏറ്റെടുത്തു
2. മൂന്നര മാസമായിട്ടും ദുരന്തബാധിതരുടെ പട്ടിക
പ്രസിദ്ധീകരിച്ചില്ല
3. കാണാതായ 47 പേർക്കുള്ള തിരച്ചിൽ പുനരാരംഭിച്ചില്ല
4. ദുരന്തബാധിതരിൽ 131 പേർക്ക് സഹായം ലഭിച്ചിട്ടില്ല
5. ദിവസ വേതനം ഒരു മാസം മാത്രമാണ് വിതരണം ചെയ്തത്
6. തുടർ ചികിത്സ ആവശ്യമുള്ള 115 പേരോട് മുഖം തിരിക്കുന്നു
7. ഇരുന്നൂറോളം പോസ്റ്റ്മോർട്ടം സാമ്പിളുകളുടെ
പരിശോധനാ ഫലം ഇനിയും ലഭിച്ചില്ല
8. കാണാതായവരെ മരിച്ചവരുടെ ഗണത്തിൽപെടുത്തി
സഹായം അനുവദിക്കുന്നില്ല
9. വായ്പകൾ പൂർണമായി എഴുതിത്തള്ളാനോ സർക്കാർ
ഏറ്റെടുക്കാനോ നടപടിയില്ല
10. ദുരന്തഭൂമിയുടെ വിസ്തൃതി കുറക്കുന്ന, വിദഗ്ധ സമിതി
യുടെ പുതിയ റിപ്പോർട്ട് നിരവധി കുടുംബങ്ങളെ
ദുരന്ത ബാധിതരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കും
11. കെട്ടിട ഉടമകളെ ദുരന്തബാധിതരുടെ പട്ടികയിൽ
പെടുത്തുന്നില്ല
12. എസ്റ്റേറ്റ് പാടികളിൽ താമസിച്ചിരുന്നവരെ പുനരധിവാസ
പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനമായില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.