ഉരുൾ ദുരന്തം: ഡി.എന്‍.എ പരിശോധന വഴി 36 പേരെ തിരിച്ചറിഞ്ഞു

കൽപറ്റ: വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച 36 പേരെ ഡി.എന്‍.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുള്‍പ്പെടെ 73 സാമ്പിളുകളാണ് രക്ത ബന്ധുക്കളില്‍ നിന്ന് ശഖരിച്ച ഡി.എന്‍.എ സാമ്പിളുമായി യോജിച്ചത്. ഒരാളുടെ തന്നെ ഒന്നില്‍ കൂടുതല്‍ ശരീര ഭാഗങ്ങള്‍ ലഭിച്ചതായി പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ ഫോന്‍സിക് സയന്‍സ് ലാബോട്ടറിയിലാണ് പരിശോധന നടത്തിയത്.

ഉരുൾ പൊട്ടൽ ദുരന്തത്തെത്തുടര്‍ന്ന് അവകാശികളില്ലാത്ത മൃതദേഹങ്ങള്‍/ശരീര ഭാഗങ്ങള്‍ സംസ്‌കരിക്കുന്നതിനും ഡി.എന്‍.എ പരിശോധ നയ്ക്കു സാമ്പിളുകള്‍ ശേഖരിക്കുന്നതിനും പാലിക്കേണ്ട പ്രോട്ടോക്കോള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാന ത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളും പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കിയാണ് സംസ്‌കരിച്ചത്. ഡി.എന്‍.എ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ കാണാതായ 36 പേരെ തിരിച്ചറിഞ്ഞതിന്റെ അടിസഥാനത്തില്‍ അവരുടെ വിലാസവും മറ്റ് വിശദാംശങ്ങളും കൃത്യമായി ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

മൃതദേഹവും ശരീര ഭാഗങ്ങളും വിട്ട് നല്‍കും

ഡി.എന്‍.എ പരിശോധയില്‍ തിരിച്ചറിയപ്പെട്ട മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ലഭിക്കുന്നതിന് അവകാശികള്‍ അപേക്ഷ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കൂടിയായ മാനന്തവാടി സബ് കലക്ടര്‍ക്ക് (ഫോണ്‍ 04935 240222) നല്‍കിയാല്‍ അവ പുറത്തെടുക്കുന്നതിനും കൈമാറുന്നതിനും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് അധികാരം നല്‍കിയിട്ടുണ്ട്. ശരീരത്തില്‍ നിന്ന് കണ്ടെടുത്ത ഭൗതിക വസ്തുക്കള്‍ സംബന്ധിച്ചും ആവശ്യമായ ഉത്തരവുകള്‍ എസ്.ഡി.എമ്മിന് പുറപ്പെടുവിക്കാം. മൃതദേഹങ്ങളും ശരീരഭാഗങ്ങളും നിലവില്‍ സംസ്‌കരിച്ച സ്ഥലത്ത് തുടരാന്‍ ആഗ്രഹിക്കുന്ന ബന്ധുക്കള്‍ക്ക് അതിനുള്ള സൗകര്യവും ചെയ്യും. മരിച്ചയാളുടെ പേരും മറ്റ് വിശദാംശങ്ങളും ഉപയോഗിച്ച് തിരിച്ചറിയല്‍ അടയാളങ്ങള്‍ സ്ഥാപിക്കാന്‍ ബന്ധുക്കളെ അനുവദിക്കുമെന്നും ജില്ല കലക്ടറുടെ ഉത്തരവിലുണ്ട്.

Tags:    
News Summary - Wayanad Landslide: 36 people identified through DNA testing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.