തിരുവനന്തപുരം: വയനാട് ഉരുൾപ്പൊട്ടൽ ദുരിത മേഖലയിലെ ദുരന്ത ബാധിതരായ വായ്പക്കാരുടെ വായ്പ എഴുതിത്തള്ളാൻ തീരുമാനിച്ചതായി കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡൻറ് സി.കെ. ഷാജി മോഹൻ അറിയിച്ചു. കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽനിന്നും വായ്പയെടുത്ത 52 പേരുടെ 64 വായ്പകളാണ് എഴുതിത്തള്ളുന്നത്. 1,05,66,128 രൂപയുടെ വായ്പയാണ് ഒഴിവാക്കുന്നത്.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഈടായി നൽകിയ പ്രമാണങ്ങൾ വായ്പക്കാർക്ക് തിരികെ നൽകും. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉരുൾപ്പൊട്ടൽ ദുരന്ത മേഖലയിൽ സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്നും വായ്പയെടുത്ത 52 പേരുടെ ജീവനോപാധികൾ നഷ്ടപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മാനുഷിക പരിഗണന നൽകി സുപ്രധാന തീരുമാനം സ്വീകരിച്ചത്. വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ നിന്നും എടുത്തിട്ടുള്ള വായ്പയാണിത്.
42 കാർഷിക വായ്പകളും 21 റൂറൽ ഹൗസിങ് വായ്പകളും ഒരു കാർഷികേതര വായ്പയും ഇതിൽ ഉൾപ്പെടുന്നു. രേഖകൾ തിരികെ നൽകുന്നതിനൊപ്പം ദുരന്ത ബാധിതർക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൻറെ സഹായം എന്ന നിലയിൽ ധനസഹായവും നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
കാർഷിക മേഖലയിലെ അഭിവൃദ്ധിക്ക് വേണ്ടിയും കർഷകരുടെ ഉന്നമനത്തിന് വേണ്ടിയും പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമാണ് സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന കാർഷിക ഗ്രാമവികസന ബാങ്കെന്നും അതുകൊണ്ടാണ് ദുരിത കാലത്ത് കർഷകർക്ക് ഒപ്പം നിൽക്കുന്നതെന്നും ബാങ്ക് പ്രസിഡൻറ് സി.കെ. ഷാജി മോഹൻ പറഞ്ഞു. വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ ഇതിനകം നൽകിയിട്ടുണ്ട്. സർക്കാരിൻ്റെയും സഹകരണ വകുപ്പിൻ്റെയും പിന്തുണയോടെയാണ് ഈ പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.