മുണ്ടക്കൈ ഉരുൾപൊട്ടലിൽ ആളുമാറി സംസ്കരിച്ച മൃതദേഹം വെണ്ണിയോട്‌ കരിഞ്ഞുകുന്ന്‌ ജുമാമസ്‌ജിദ് ഖബർസ്ഥാനിൽനിന്ന്‌ പുറത്തെടുക്കുന്നു

ഉരുൾദുരന്തം: ആളുമാറി ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് വീണ്ടും സംസ്കരിച്ചു

കൽപറ്റ: മുണ്ടക്കൈ ഉരുൾപൊട്ടലിൽ ആളുമാറി പള്ളിയുടെ ഖബർസ്ഥാനിൽ സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പുത്തുമലയിലെ ശ്മശാനത്തിൽ സംസ്കരിച്ചു. ചൂരൽമല ഹൈസ്കൂൾ റോഡിൽ ബിബിൻ നിവാസിൽ രാജന്റെ മൃതദേഹമാണ് വെള്ളിയാഴ്‌ച വെണ്ണിയോട്‌ കരിഞ്ഞുകുന്ന്‌ ജുമാമസ്‌ജിദിന്റെ ഖബർസ്ഥാനിൽനിന്ന്‌ പുറത്തെടുത്തത്. മുണ്ടക്കൈ കാക്കത്തോട്‌ അഫ്സലിന്റേതെന്നു കരുതിയാണ് വെണ്ണിയോട്‌ സംസ്‌കരിച്ചിരുന്നത്‌.

ജനിതക പരിശോധനയിൽ മൃതദേഹം രാജന്റേതാണെന്ന്‌ വ്യക്തമായതോടെ രണ്ട് വീട്ടുകാരും സംസാരിച്ച് നിയമനടപടികൾ പൂർത്തീകരിച്ചാണ് മൃതദേഹം പുറത്തെടുത്ത് പുത്തുമലയിൽ സംസ്കരിച്ചത്. നേരത്തേതന്നെ ഇരുവരുടെയും ബന്ധുക്കൾ സംസ്‌കാരത്തിന്‌ മുമ്പ്‌ മൃതദേഹം കണ്ടിരുന്നു. എന്നാൽ, രാജന്റെ ബന്ധുക്കൾക്ക്‌ തിരിച്ചറിയാനായില്ല.

അഫ്‌സലിന്റേതാണെന്ന്‌ സഹോദരൻ പറഞ്ഞതനുസരിച്ചാണ് അന്ന് മൃതദേഹം വിട്ടുനൽകിയത്. അഫ്‌സലിന്റെ ഭാര്യ ജുബൈരിയയുടെ വീട്‌ വെണ്ണിയോടായതിനാലാണ്‌ ഇവിടെ സംസ്‌കരിച്ചത്‌.

അഫ്‌സലിന്റെ ജനിതക പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. ഭാര്യ ജുബൈരിയും മൂന്ന്‌ മക്കളും ദുരന്തത്തിൽ മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ്‌ സംസ്‌കരിച്ചതാണ്‌. രാജന്റെ ഭാര്യ വിനീത, അമ്മ തങ്കമ്മ, സഹോദരൻ മുരുകൻ, മുരുകന്റെ ഭാര്യ ജിഷ, മകൻ അക്ഷയ്‌ എന്നിവരും ദുരന്തത്തിൽ മരിച്ചിരുന്നു.

Tags:    
News Summary - Wayanad landslide: body buried in venniyod jumamasjid exhumed and reburied

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.