വയനാട് കണക്ക്: പ്രതീക്ഷിച്ചതോ, പെരുപ്പിച്ചതോ?

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കോടതിയിൽ സമർപ്പിച്ച കണക്കുകളെ ചൊല്ലിയുള്ള വിവാദ പശ്ചാത്തലത്തിൽ ചെലവുകൾ പുറത്തുവിടാൻ സർക്കാറിന് മേൽ സമ്മർദമേറുന്നു. പ്രാഥമിക കണക്കുകളുടെയും തുടർന്നുകൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനമുൾപ്പെടെയുള്ള ചെലവുകൾ സംബന്ധിച്ച പ്രതീക്ഷിത കണക്കുകളുടെയും അടിസ്ഥാനത്തിൽ തയാറാക്കിയ മെമ്മോറാണ്ടമാണ് പുറത്തുവന്നതെന്നാണ് സർക്കാർ വാദം. പ്രതീക്ഷിക്കുന്നതും തുടർചെലവുകളും ഉൾപ്പെടുമെന്നതിനാൽ ഫലത്തിൽ യഥാർഥ ചെലവല്ല മെമ്മോറാണ്ടത്തിലേതെന്നാണ് വിശദീകരണം.

പ്രതിപക്ഷം കണക്കുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണ് രക്ഷാദൗത്യത്തിനും താൽക്കാലിക പുനരധിവാസത്തിനും അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനുമെല്ലാം സർക്കാർ ഇതിനകം ചെലവഴിച്ച തുക പുറത്തുവിടണമെന്ന ആവശ്യമുയരുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പോർട്ടലിലെ കണക്ക് പ്രകാരം വയനാടിനായി ഇതുവരെ ലഭിച്ചത് 379.04 കോടി രൂപയാണ്. എന്നാൽ, ചെലവഴിച്ച കണക്കൊന്നും പോർട്ടലിൽ ഇല്ല. ചെലവഴിക്കൽ കോളത്തിൽ ‘0’ എന്നാണുള്ളത്. 2018ലെയും 2019 ലെയും പ്രളയ ദുരിതാശ്വാസത്തിന് 4970.29 കോടി ലഭിച്ചതായും 4738.77 കോടി ചെലവഴിച്ചതായും കാണിക്കുന്നുണ്ട്. കോവിഡ് കാലത്ത് 1129.74 കോടി ലഭിച്ചതിന്‍റെയും 1111.15 കോടി ചെലവഴിച്ചതിന്‍റെയും കണക്കും കാണാം.

സര്‍ക്കാർ കണക്ക് ദുരിതാശ്വാസത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ആളുകള്‍ തലയില്‍ കൈവെക്കുന്ന തരത്തിലാണ് മെമ്മോറാണ്ടം തയാറാക്കിയയത്. സാധാരണക്കാരന്റെ യുക്തിക്ക് പോലും നിരക്കാത്ത കണക്ക് മെമ്മോറാണ്ടം പരിശോധിക്കുന്ന കേന്ദ്ര ഉദ്യോഗസ്ഥര്‍ ഗൗരവത്തിലെടുക്കുമോ എന്നും സര്‍ക്കാര്‍ പുനര്‍വിചിന്തനത്തിന് തയാറാകണമെന്നും സതീശൻ പറഞ്ഞു.

ആഗസ്റ്റ് രണ്ടാംവാരമാണ് പുനരധിവാസ പാക്കേജിനായി മെമ്മോറാണ്ടം സമർപ്പിച്ചത്. അതുതന്നെയാണ് ഹൈകോടതിയില്‍ സത്യവാങ്മൂലത്തില്‍ നല്‍കിയതും. വീട് നഷ്ടപ്പെട്ടവരുടെ ഇടക്കാല താമസത്തിനായി നല്‍കുന്ന വാടകപോലുള്ള നിരവധി ചെലവുകള്‍ കേന്ദ്ര നിബന്ധനകളനുസരിച്ച് ഉള്‍പ്പെടുത്താന്‍ കഴിയില്ല. വീടുകളുടെ നാശനഷ്ടത്തിനും മറ്റും കേന്ദ്രം നല്‍കുന്ന ധനസഹായം ആവശ്യമായതിനേക്കാള്‍ കുറവാണ്.

ഈ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് അനുവദനീയ കാര്യങ്ങളില്‍ പണച്ചെലവ് കൂട്ടിക്കാണിച്ചതെന്നാണ് വിവരം.

രക്ഷാപ്രവർത്തന ചെലവ് വാർത്തകൾക്കെതിരെ എൽ.ഡി.എഫ്

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനത്തിനും മറ്റുമായി പ്രതീക്ഷിക്കുന്ന ചെലവ് സംബന്ധിച്ച സർക്കാർ സത്യവാങ്മൂലം വിവാദമായിരിക്കെ വാർത്തകൾക്കെതിരെ എൽ.ഡി.എഫ്. ദുരിതബാധിതര്‍ക്ക്‌ ലഭിക്കാനിടയുള്ള കേന്ദ്ര സഹായംപോലും തകര്‍ക്കുന്നവിധം വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ നിലപാട്‌ സാംസ്‌കാരിക കേരളത്തിന്‌ അപമാനമാണെന്ന്‌ കണ്‍വീനര്‍ ടി.പി. രാമകൃഷ്‌ണന്‍ പറഞ്ഞു.

അടിയന്തര സഹായം തേടി കേന്ദ്രത്തിന്‌ സമര്‍പ്പിച്ച നിവേദനത്തെ ദുരന്തമേഖലയില്‍ ചെലവഴിച്ച തുകയാണെന്ന്‌ കള്ളക്കഥ പ്രചരിപ്പിക്കുകയാണ്‌ ചില ദൃശ്യമാധ്യമങ്ങള്‍ ചെയ്‌തത്‌. വാര്‍ത്ത വന്ന ഉടനെ യാഥാർഥ്യം പുറത്തുവരുകയും ചെയ്‌തു. എന്നിട്ടും കള്ളക്കഥക്കു പ്രാധാന്യം കൊടുത്ത്‌ പ്രസിദ്ധീകരിക്കുകയായിരുന്നു. കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ എത്രത്തോളം തരംതാണിരിക്കുന്നുവെന്നതിന്റെ അവസാനത്തെ തെളിവാണിത്.

എല്‍.ഡി.എഫിനും സംസ്ഥാന സര്‍ക്കാറിനുമെതിരെ നിരന്തരമായ കള്ളപ്രചാരവേലയാണ്‌ നടക്കുന്നത്. കേരളത്തിന്റെ പൊതു താല്‍പര്യങ്ങള്‍ക്കെതിരായി മാധ്യമങ്ങള്‍ സ്വീകരിക്കുന്ന നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തേണ്ടതുണ്ടെന്നും രാമകൃഷ്‌ണന്‍ പറഞ്ഞു.

വയനാട് പുനരധിവാസം അവതാളത്തിൽ -കെ. സുരേന്ദ്രൻ

കോഴിക്കോട്: വയനാട് പുനരധിവാസം അവതാളത്തിലാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ചെലവഴിച്ച തുക സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തത വരുത്തിയിട്ടില്ല. കണക്കുകൾ പെരുപ്പിച്ചു കാട്ടി കേന്ദ്രത്തെ കബളിപ്പിക്കാനുള്ള നീക്കമാണ്. അല്ലെങ്കിൽ പണം അടിച്ചുമാറ്റാൻ ശ്രമിക്കുകയാണ്. ഇപ്പോൾ പുറത്തുവന്ന കണക്കുകൾ എസ്റ്റിമേറ്റ് ആണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് വിശ്വസിക്കാനാവില്ല. തുകയിൽ നേരത്തേയും കൃത്രിമം നടന്നിട്ടുണ്ടെന്ന് സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.

ദുരിതാശ്വാസ ഫണ്ട്: മാധ്യമങ്ങൾ വസ്തുത പറയണം - മന്ത്രി രാജേഷ്

പാലക്കാട്: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തിയിരിക്കെ, വയനാട് ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തിന്റെ വസ്തുത എന്താണെന്ന് മാധ്യമങ്ങൾ ജനങ്ങളോട് വ്യക്തമാക്കണമെന്ന് മന്ത്രി എം.ബി. രാജേഷ്.

തെറ്റായ ആരോപണത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണ്. പ്രതിപക്ഷവും മാധ്യമങ്ങളും ഒന്നായി സർക്കാറിനെതിരെ വ്യാജ പ്രചാരണം നടത്തുകയാണ്. കേന്ദ്രത്തെ രക്ഷിക്കാനുള്ള ഗൂഢാലോചനയിൽ ഇടതുപക്ഷത്തിനെതിരെ ബി.ജെ.പിയും കോൺഗ്രസും മാധ്യമങ്ങളും ഒറ്റക്കെട്ടാണ്. തിരിച്ചടിയാകുമെന്ന് കരുതി ഇവർ 50 ദിവസം കാത്തിരുന്നു. അതിനുശേഷമാണ് വ്യാജനിര്‍മിതി പുറത്തുവിട്ടത്.

പ്രധാനമന്ത്രി വന്നുപോയിട്ട് ദിവസങ്ങളായിട്ടും ചില്ലിക്കാശ് കേന്ദ്രം നല്‍കിയിട്ടില്ല. തെറ്റായി വാര്‍ത്ത നല്‍കിയവര്‍ ഇപ്പോൾ അതില്‍ കിടന്ന് ഉരുളുകയാണ്. ഇടതുപക്ഷത്തോട് രാഷ്ട്രീയ വിയോജിപ്പാകാം. പക്ഷേ, ഇടതുപക്ഷത്തോടുളള പക ദുരന്തബാധിതരോട് ക്രൂരത കാണിച്ചുകൊണ്ടാകരുത്‌- മന്ത്രി പറഞ്ഞു.

യഥാർഥ കണക്ക് സർക്കാർ പുറത്ത് വിടണം -ചെന്നിത്തല

തൃശൂർ: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ച യഥാർഥ കണക്ക് സർക്കാർ പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെറ്റായ കണക്കുകൾ നൽകിയാൽ കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന സഹായം പ്രതിസന്ധിയിലാകും. സര്‍ക്കാര്‍ റിപ്പോര്‍ട്ടിൽ കാണിച്ച ‘ആക്ച്വൽസ്’ എന്ന വാക്കിന്‍റെ അർഥം ചെലവാക്കിയതെന്നാണ്.

എസ്റ്റിമേറ്റാണോ ആക്ച്വൽസ് ആണോ എന്നത് സർക്കാറാണ് വ്യക്തമാക്കേണ്ടത്. ചില സംഘടനകളെ ഭക്ഷണവിതരണത്തിൽനിന്ന് ഒഴിവാക്കിയത് മറ്റ് ചില സംഘടനകൾക്ക് കള്ളക്കണക്കുകൾ ഉണ്ടാക്കാനാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൂടുതൽ സഹായം ആവശ്യമാണെന്ന് കാണിച്ച് കണക്ക് നൽകുകയാണ് വേണ്ടത്. അപ്പോഴെല്ലാം സഹായം ലഭ്യമായിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - wayanad landslide expenditure: Expected or inflated?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT