തിങ്കളാഴ്ച നേരം പുലരുന്നത് ചൂരൽമലയിലെ ദുരന്ത വാർത്തയുമായാണ്. കനത്ത മഴയും വെള്ളപ്പൊക്കവും ചുരത്തിലെ മണ്ണിടിച്ചിലും എല്ലാം കൂടി ഭീതിദായകമായ അവസ്ഥയായിരുന്നു ജില്ലയിൽ. മണ്ണിടിച്ചിലുണ്ടാകാമെന്ന മുൻകരുതലിൽ ചുരത്തിലൂടെയുള്ള ഗതാഗതം തടയുകയും ചെയ്തു. പലയിടത്തും റോഡുകൾ വെള്ളത്തിനടിയിലായി. ജില്ലയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളുടെ സർവിസ് നിർത്തിയതോടെ ജില്ല സ്തംഭിച്ചു. മന്ത്രിമാരുടെ വരവ് പ്രഖ്യാപിച്ചതോടെ ചുരത്തിലെ നിയന്ത്രണം പിൻവലിച്ചുവെങ്കിലും ട്രാൻസ്പോർട്ട് ബസുകൾ ഓടിയില്ല
ചൂരൽമല: ഒരു രാത്രി പുലരുന്നതിന് മുമ്പെ ഉറ്റവരെയും അയല്‍വീടുകളെയും നഷ്ടമായതിന്റെ നടുക്കത്തിലാണ് ചൂരല്‍മല. നിര്‍ത്താതെ പെയ്ത മഴയില്‍ വഴിമാറി വന്ന പുഴ നിരവധി കുടുംബങ്ങളുടെ സ്വപ്നങ്ങളെല്ലാം ഒഴുക്കിക്കൊണ്ടുപോയി. വന്‍ ദുരന്തത്തിന്റെ വിവരം ആദ്യമറിഞ്ഞതുമുതല്‍ ഇവിടേക്ക് അണമുറിയാത്ത ജനപ്രവാഹമായിരുന്നു. കനത്തമഴയെയും അതിജീവിച്ച് ജനപ്രതിനിധികളും ജില്ല ഭരണകൂടവും ഇവിടേക്ക് ഓടിയെത്തി.
ജില്ല കലക്ടര്‍ ഡി.ആര്. മേഘശ്രി സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യ ദൗത്യങ്ങള്‍ക്ക് നേതൃത്വം നല്കി. പ്രദേശത്ത് വൈദ്യുതിബന്ധമെല്ലാം നിലച്ചതും കനത്ത മഴതുടര്‍ന്നതും സഞ്ചാരപാതകള്‍ തടസപ്പെട്ടതും രക്ഷാപ്രവര്‍ത്തന ദൗത്യത്തെ രാത്രിയില്‍ സാരമായി ബാധിച്ചു. ചൂരല്‍മലയിലെ പാലം കനത്ത മലവെള്ളപാച്ചിലില്‍ ഒലിച്ചുപോയതിനാല്‍ മുണ്ടക്കെ മേഖല പൂര്‍ണമായും ഒറ്റപ്പെട്ടു.
ചൂരല്‍മലയിലെ റോഡില്‍ അടിഞ്ഞുകൂടിയ ചെളിയും മരങ്ങളും നീക്കുകയായിരുന്നു ആദ്യ ദൗത്യം. രാവിലെ ഏഴരയോടെയാണ് ഈ പാത ഗതാഗത്യയോഗ്യമാക്കിയത്. അതിന് മുമ്പ് തന്നെ ചൂരല്‍മല സ്കൂളിന് മുന്നിലൂടെ ദുരന്ത സ്ഥലത്തേക്കുള്ള പാത ശ്രമകരമായി ഒരുക്കിയെടുത്തു. ഇവിടെ നിന്നുമാണ് തകര്‍ന്ന വീടുകളില്‍ നിന്നുള്ളവരെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് എത്തിച്ചു കൊണ്ടിരുന്നത്.
ജില്ലയിൽ 45 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
കൽപറ്റ: ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയില്‍ 45 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 3069 ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലും ദുരിത മേഖലകളിലും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കുന്നതിനായി പൊതുവിതരണ വകുപ്പിന്റെയും സപ്ലൈകോയുടെയും നേതൃത്വത്തിലാണ് പ്രവർത്തനം നടക്കുന്നത്.
റേഷന്‍ കടകളിലും സപ്ലൈകോ വില്പനശാലകളിലും ഭക്ഷ്യധാന്യങ്ങളുടെയും അവശ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ദുരന്ത മേഖലയിലേക്ക് 20,000 ലിറ്റര്‍ കുടിവെള്ളവുമായി ജലവിഭവ വകുപ്പിന്റെ രണ്ടു വാഹനങ്ങളെത്തും.
തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പെർളോം നെല്ലേരിയിൽ വെള്ളം പൊങ്ങിയത് മൂലം രണ്ട് വീടുകളിലായി ഒറ്റപ്പെട്ട നാല് പേരെയും കുഞ്ഞോത്ത് 22 പേരേയും മാനന്തവാടി അഗ്നിരക്ഷാസേന സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചു. അസി. സ്റ്റേഷൻ ഓഫിസർ ഐ. ജോസഫ്, കെ.ജി. ശശി, എം.ബി. ബിനു കെ. ആർ .രഞ്ജിത്ത്, സന്ദീപ്, പി.വി. അമ്യതേശ് അലക്സാണ്ടർ എന്നിവർ നേതൃത്വം നൽകി.
ഗതാഗതം തടസ്സപ്പെട്ടു
മാനന്തവാടി: മഴകനത്തതോടെ മാനന്തവാടി താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. നിരവിൽപ്പുഴ മട്ടിലയം പേര്യ ആലാർ ജങ്ഷൻ, ചൂട്ടക്കടവ്, പൊർളോം തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറിയതോടെ ഗതാഗതം നിലച്ചു. പേര്യ ചന്ദനത്തോടിന് സമീപം റോഡിൽ വിള്ളൽ രൂപപ്പെട്ടതോടെ മാനന്തവാടി പേര്യനിടും പൊയിൽ റോഡിലെ ഗതാഗതം നിരോധിച്ചു. വെള്ളം പൊങ്ങിയതോടെ മാനന്തവാടി താലൂക്കിൽ ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
മണ്ണിടിച്ചിൽ ഭീഷിണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്നുള്ളവർക്കായി ആറ് ക്യാമ്പുകളും തുറന്നു. ആകെ പതിനഞ്ച് ക്യാമ്പുകളിലായി 297 കുടുംബങ്ങളും 1011 അംഗങ്ങളുമാണ് കഴിയുന്നത്. മഴ കനത്താൽ ക്യാമ്പുകളുടെ എണ്ണം ഇനിയും വർധിച്ചേക്കാം.
കോയമ്പത്തൂര്‍ സോളൂരില്‍ നിന്നുള്ള ഹെലികോപ്ടര്‍ വൈകീട്ട് അഞ്ചരയോടെ ചൂരല്‍മലയിലെത്തി നിരീക്ഷണം തുടങ്ങി എയര്‍ലിഫ്റ്റിങ്ങ് നടപടികള്‍ തുടങ്ങി. 61 പേരടങ്ങിയ എന്‍.ഡി.ആര്.എഫ് നാല് ടീം, അഗ്നിരക്ഷാസേനയുടെ 320 അംഗ ടീം, വനംവകുപ്പിന്റെ 55 അംഗങ്ങള്‍, പൊലീസിന്റെ 350 അംഗ ടീം, ആര്‍മിയുടെ 67 അംഗ ടീം തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. കൂടാതെ നൂറുകണക്കിനാളുകളും രക്ഷാപ്രവര്‍ത്തന ദൗത്യത്തില്‍ ഏര്‍പ്പെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.