‘അച്ഛൻ മരിച്ചപ്പോഴുള്ള അതേ വേദന, എന്ത് പറയണമെന്നറിയില്ല’; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും രാഹുൽ ഗാന്ധി

മേപ്പാടി: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം ഏറെ വേദനിപ്പിക്കുന്നതാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അച്ഛന്‍ മരിച്ചപ്പോള്‍ അനുഭവപ്പെട്ട അതേ വേദനയാണ് ഇപ്പോൾ തോന്നുന്നത്. ഇവിടെയുള്ളവര്‍ക്ക് അച്ഛനെ മാത്രമല്ല, സഹോദരങ്ങളെയും അച്ഛനെയും അമ്മയെയും അടക്കം കുടുംബത്തെ ഒന്നാകെ നഷ്ടപ്പെട്ടിട്ടുണ്ട്. വളരെ വേദനിപ്പിക്കുന്നതാണെന്നും രാഹുല്‍ പറഞ്ഞു.

ദുരന്തബാധിത പ്രദേശമായ ചൂരല്‍ മലയില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിൽ സംഭവിച്ചത് വലിയ ദുരന്തമാണ്. പ്രദേശവാസികളുടെ അവസ്ഥ അതീവ വേദനാജനകമാണ്. കുടുംബാംഗങ്ങളെ മുഴുവൻ നഷ്ടപ്പെട്ടവരെ ദുരിതാശ്വാസ ക്യാമ്പുകളിൽ കണ്ടു. അവരോട് എന്താണു പറയേണ്ടതെന്ന് അറിയില്ല. തന്റെ ജീവിത്തത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസമാണ് ഇന്ന്. അച്ഛൻ മരിച്ച കുട്ടികളെ താൻ കണ്ടു. അവർ അനുഭവിക്കുന്ന വേദന തനിക്കറിയാം. താനും ഒരിക്കൽ ആ വേദനയിലൂടെ കടന്നുപോയ വ്യക്തിയാണ്. ഇന്ന് മേപ്പാടിയിൽ ആയിരകണക്കിന് പേരാണ് ആ വേദന അനുഭവിക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ഇതൊരു ദേശീയ ദുരന്തമാണ്. കേന്ദ്രസര്‍ക്കാര്‍ എന്താണ് പറയുന്നതെന്ന് നോക്കാം. ആരെയും കുറ്റപ്പെടുത്താനോ രാഷ്ട്രീയ വിഷയങ്ങള്‍ പറയാനോ ഉള്ള സ്ഥലമല്ലിത്. ഇവിടെയുള്ളവര്‍ക്ക് സഹായം ആവശ്യമാണെന്നും രാഷ്ട്രീയം പറയാന്‍ താൽപര്യമില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരെയും വീടുകള്‍ നഷ്ടപ്പെട്ടവരെയും കാണുകയെന്നത് വേദനിപ്പിക്കുന്ന അനുഭവമാണ്. അവരോട് സംസാരിക്കുകയെന്നത് പ്രയാസമേറിയതാണ്. എന്താണ് പറയേണ്ടതെന്നറിയില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.

നേരത്തെ, പ്രിയങ്ക ഗാന്ധിക്കൊപ്പം ചൂരൽമലയിലെ ദുരിതബാധിത പ്രദേശങ്ങൾ രാഹുൽ സന്ദർശിച്ചിരുന്നു. മുണ്ടക്കൈയിലേക്കുള്ള ബെയ്‌ലി പാലത്തിന്റെ നിർമാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് സൈനിക ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ ആരാഞ്ഞിരുന്നു. തുടർന്നാണ് മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെയും സെന്റ് ജോസഫ് യു.പി സ്കൂളിലെയും ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചത്. വിംസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിച്ചു. കെ.സി വേണുഗോപാൽ എം.പി, എം.എൽ.എമാരായ ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണൻ, എ.പി. അനിൽ കുമാർ, അഡ്വ. എൻ. ഷംസുദ്ധീൻ, എന്നിവരും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.

Tags:    
News Summary - Wayanad Landslide should declare as a national disaster -Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.