മേപ്പാടി: ഉരുൾപൊട്ടലിൽ തകർന്ന വയനാട്ടിലെ ചൂരൻമലയിൽ സൈന്യത്തിന്‍റെ ബെയ്‍ലി പാലം സജ്ജമായി. മലവെള്ളപ്പാച്ചിലിൽ ഒഴുകിപോയ പാലത്തിന് പകരമായാണ് 85 അടി നീളമുള്ള ബെയ്‍ലി പാലം സൈന്യം നിർമിച്ചത്.
നിർമാണം പൂർത്തിയാക്കിയ പാലത്തിലൂടെ സൈനിക വാഹനങ്ങളും മണ്ണുമാന്തിയന്ത്രവും അടക്കമുള്ള ഭാരമേറിയ വാഹനങ്ങൾ കയറ്റിയിറക്കി സുരക്ഷാ, ബല പരിശോധനകളും പൂർത്തിയാക്കി. ഈ പാലത്തിലൂടെ 24 ടൺ ഭാരമുള്ള വാഹനങ്ങൾ വരെ കടന്നു പോകാൻ സാധിക്കും. കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി.എസ്.സി)യിലെ ക്യാപ്റ്റൻ പുരൻസിങ് നഥാവത് ആണ് പാലത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
ഇന്നലെ രാവിലെ 11 മണിയോടെ ആരംഭിച്ച നിർമാണം രാപ്പകൽ നീണ്ട പരിശ്രമത്തിന്‍റെ ഫലമായാണ് റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കാൻ സൈന്യത്തിന്‍റെ എൻജിനീയറിങ് വിഭാഗത്തിന് സാധിച്ചത്. ഡൽഹിയിൽ നിന്ന് വ്യോമസേന വിമാനത്തിലാണ് പാലത്തിന്‍റെ നിർമാണഭാഗങ്ങളും ഉപകരണങ്ങളും കണ്ണൂരിലെത്തിച്ചത്. തുടർന്ന് 17 ട്രക്കുകളിലായി സാമഗ്രികൾ ചൂരൽമലയിൽ കൊണ്ടുവന്നു.
വയനാട്ടിൽ ചൂരല്‍മലയെയും മുണ്ടക്കൈയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഏകയാത്രാ മാർഗമായിരുന്ന പാലവും റോഡുമാണ് കഴിഞ്ഞ ദിവസത്തെ ശക്തമായ മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയത്. ഇതോടെ, ദുരന്തത്തിൽ പരിക്കേറ്റവരെയും കുടുങ്ങികിടക്കുന്നവരെയും മുണ്ടക്കൈയിൽ നിന്ന് എത്തിക്കാനാവാത്ത സ്ഥിതിയായി.
ഇതേതുടർന്ന് സൈന്യം നിർമിച്ച വീതി കുറഞ്ഞ താൽകാലിക പാലം വഴി പരിക്കേറ്റവരെയും റോപ്പ് വഴി മൃതദേഹങ്ങളും എത്തിക്കാൻ ശ്രമം തുടങ്ങി. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് ബെയ്‍ലി പാലം നിർമിക്കാൻ സൈന്യം തീരുമാനിച്ചത്.
കേരളത്തിൽ സൈന്യം നിർമിക്കുന്ന മൂന്നാമത്തെ ബെയ്‍ലി പാലമാണ് ചൂരൻമലയിലേത്. മുമ്പ് പത്തനംതിട്ടയിലെ റാന്നിയിലും അടൂരിലെ ഏനാത്തും ശബരിമലയിലും ബെയ്‍ലി പാലങ്ങൾ നിർമിച്ചിരുന്നു. കല്ലടയാറിന് കുറുകെയുള്ള എം.സി റോഡിൽ പത്തനംതിട്ട–കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന ഏനാത്ത് പാലം തകർന്നതിനെ തുടർന്നുണ്ടായ യാത്രാക്ലേശം പരിഹരിക്കുന്നതിനാണ് താൽകാലിക പാലം സൈന്യം നിർമിച്ചത്.
ചെറിയ വാഹനങ്ങൾക്ക് മാത്രം കടന്നു പോകാൻ സാധിക്കുന്ന 55 മീറ്റർ നീളവും 3.5 മീറ്റർ വീതിയുമുള്ള ക്ലാസ് 18 വിഭാഗത്തിലുള്ള പാലമായിരുന്നു ഇത്. മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പിലെ 14ാം എൻജിനീയറിങ് റെജിമെന്റിന്‍റെ മേൽനോട്ടത്തിൽ 50 സൈനികരാണ് നിർമാണ പ്രവർത്തനത്തിൽ ഏർപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.