കൽപ്പറ്റ: വയനാട് വെടിയേറ്റ് മരിച്ച കോട്ടത്തറ സ്വദേശി ജയന് വെടികൊണ്ടത് ദൂരെ നിന്നാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തോക്കിൽ തിര നിറക്കുന്നതിനിടെ അബദ്ധത്തിലുണ്ടായ അപകടമാണെന്നായിരുന്നു നിഗമനം. അങ്ങനെയല്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമാവുന്നത്.
രാത്രി നെൽപാടത്ത് കാട്ടുപന്നിയെ വേട്ടയാടാനിറങ്ങിയ സംഘത്തിന്‍റെ വെടിയേറ്റാണ് ജയൻ മരിച്ചതെന്നാണ് നിഗമനം. കൽപ്പറ്റ ഡി.വൈ.എസ്.പിയുടെ നേതൃത്തിൽ 15 അംഗ അന്വേഷണ സംഘമാണ് അന്വേഷണം നടത്തുന്നത്. ബാലസ്റ്റിക് വിദഗ്ധരുടെ സഹായവും പൊലിസ് തേടിയിട്ടുണ്ട്. സംഭവ സ്ഥലത്ത് ഇന്നലെ ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ, ഫൊറൻസിക് വിദഗ്ധർ അടക്കമുള്ളവർ തെളിവെടുപ്പ് നടത്തി. സമീപത്തെ റോഡിൽ രക്തക്കറകളും വസ്ത്രവും കണ്ടെത്തിയിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് ജയൻ വെടിയേററ് മരിച്ചത്. കാട്ടുപന്നിക്കൂട്ടം ഇറങ്ങി നെൽക്കൃഷി നശിപ്പിക്കാതിരിക്കുന്നതിനായി കാവലിരിക്കുന്നതിനിടെയായിരുന്നു സംഭവം. കാവലിനിടെ തോക്കിൽ തിര നിറക്കുമ്പോൾ അബദ്ധത്തിൽ വെടിയുതിർന്നതാകാമെന്നായിരുന്നു സംശയം.
ജയന് ഒപ്പമുണ്ടായിരുന്ന ബന്ധു ശരണിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശരണിന്‍റെ നില ഗുരുതരമാണ്. മെച്ചന മേലേ ചുണ്ട്‌റാൻകോട്ട് കുറിച്യ കോളനിയിലെ രണ്ട് പേർക്കൊപ്പമാണ് ഇതേ കോളനിയിലെ തന്നെ ജയനും ശരണും വയലിൽ പോയത്. പൊലിസ് കൂടെയുണ്ടായിരുന്നവരെ ചോദ്യം ചെയ്തുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.