കൽപറ്റ/പാലക്കാട്/ ചേലക്കര: വയനാട് ലോക്സഭ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടങ്ങി. ആദ്യം പോസ്റ്റൽ, ഹോം വോട്ടുകളാണ് എണ്ണുന്നത്. തുടർന്ന് മെഷീൻ വോട്ടുകളുടെ എണ്ണൽ തുടങ്ങും. പോളിങ്ങിലെ ഏറ്റക്കുറച്ചിൽ പ്രവചനം അസാധ്യമാക്കുന്നു. പാലക്കാട്ടെ ഫലമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഫലമെന്തായാലും സംസ്ഥാന രാഷ്ട്രീയത്തിൽ തുടർചലനങ്ങൾ സൃഷ്ടിക്കുമെന്നുറപ്പ്.
സിറ്റിങ് സീറ്റ് നിലനിർത്താനായില്ലെങ്കിൽ കോൺഗ്രസിന് വലിയ ക്ഷീണമാകും. രണ്ടാംസ്ഥാനത്തുള്ള ബി.ജെ.പി ജയിച്ചാൽ, ലോക്സഭ തെരഞ്ഞെടുപ്പിൽ നേടിയ മൂൻതൂക്കം നഷ്ടപ്പെടുമെന്ന് മാത്രമല്ല, ബി.ജെ.പിക്ക് നിയസഭയിലേക്ക് വഴിതുറന്നതിന്‍റെ പഴിയും കോൺഗ്രസ് കേൾക്കേണ്ടിവരും.
അതേസമയം, സീറ്റ് നിലനിർത്തുമെന്ന് യു.ഡി.എഫ് തീർത്തുപറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ മൂന്നാം സ്ഥാനത്തുനിന്ന് ഡോ. പി. സരിനിലൂടെ ഒന്നാം സ്ഥാനത്തെത്തുമെന്നാണ് സി.പി.എമ്മിന്‍റെ അവകാശവാദം. പാലക്കാട്ട് തോറ്റാലും സി.പി.എമ്മിന് വലിയ പരിക്കില്ല. എന്നാൽ, ചേലക്കരയിൽ വിജയം അനിവാര്യമാണ്.
സി.പി.എമ്മിന്‍റെ സിറ്റിങ് സീറ്റ് കോൺഗ്രസ് പിടിച്ചെടുത്താൽ പിണറായി സർക്കാർ കടുത്ത പ്രതിരോധത്തിലാകും. ഭരണവിരുദ്ധവികാരം ശക്തമാണെന്ന നിലയിൽ പാർട്ടിയിലും മുന്നണിയിലും പിണറായി വിജയന്‍റെ അപ്രമാദിത്തം ചോദ്യംചെയ്യപ്പെടുന്നതിന്‍റെ തുടക്കമാകുമത്.
ചേലക്കരയിൽ ജയിക്കാനായാൽ യു.ഡി.എഫിന് അത് വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനെകൂടി സ്വാധീനിച്ചേക്കാവുന്ന രാഷ്ട്രീയ വിജയമാകും. ചേലക്കര കോട്ട ഭദ്രമെന്ന ഉറപ്പിലാണ് സി.പി.എം. നേരിയ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു.
വയനാട്ടിലെ ഫലത്തിൽ ആർക്കും സംശയമില്ല. രാഹുൽ ഗാന്ധി നേടിയ ഭൂരിപക്ഷം പ്രിയങ്കക്ക് നേടാനാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പോളിങ് കുറഞ്ഞത് ഭൂരിപക്ഷം ഉയരുമെന്ന കോൺഗ്രസ് പ്രതീക്ഷക്ക് മങ്ങലേൽപിച്ചിട്ടുണ്ട്.
മൂന്നിൽ മൂന്നുമെന്ന നേട്ടമാണ് കോൺഗ്രസുകാരുടെ പ്രതീക്ഷ. ചേലക്കര നിലനിർത്തിയാൽ പരിക്കില്ലാതെ പിടിച്ചുനിൽക്കാമെന്ന് സി.പി.എം കണക്കുകൂട്ടുന്നു. തൃശൂരിന്‍റെ തുടർച്ചയിൽ പാലക്കാട്ട് താമര വിരിയിച്ച് നിയമസഭയിലും സാന്നിധ്യമാകാമെന്നാണ് ബി.ജെ.പി സ്വപ്നം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.