തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയും വയനാട് പുനരധിവാസത്തിനുള്ള അധിക ബാധ്യതയും കടുത്ത വെല്ലുവിളിയായതോടെ കടമെടുപ്പിൽ ഇളവ് തേടി കേരളം വീണ്ടും കേന്ദ്രത്തിന് മുന്നിൽ. ജി.എസ്.ടി നഷ്ടപരിഹാരവും റവന്യൂ ഡെഫിസിറ്റ് ഗ്രാന്റുമടക്കം അവസാനിച്ചതിനു പിന്നാലെ കടമെടുപ്പ് പരിധിയിൽ കൂടി സംസ്ഥാനം ഞെരുങ്ങിയതോടെയാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ധനസ്ഥിതി ചൂണ്ടിക്കാട്ടി കേന്ദ്രധനമന്ത്രി നിർമല സീതാരാമന് കത്തയച്ചത്. പലവട്ടം ആവശ്യപ്പെട്ടതാണെന്ന കാര്യം കത്തിൽ ആവർത്തിക്കുന്നുണ്ടെങ്കിലും വയനാട് ദുരന്തത്തിന്റെ അടിയന്തര പശ്ചാത്തലം കൂടി ചൂണ്ടിക്കാട്ടിയാണ് കത്ത് തയാറാക്കിയത്.
പെൻഷൻ കമ്പനിയും കിഫ്ബിയുമെടുത്ത വായ്പകൾ സംസ്ഥാനത്തിന്റെ പൊതുകടമായി പരിഗണിച്ച് വായ്പപരിധി വെട്ടിയതിലൂടെ ഈ വർഷവും 4711 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിനുണ്ടായത്. തീരുമാനം പുനഃപരിശോധിക്കാനും ഈ സാമ്പത്തിക വർഷവും അടുത്ത സാമ്പത്തിക വർഷവും 4711 കോടി വീതം കടമെടുക്കാനും അനുവദിക്കണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യം.
ദേശീയപാതക്ക് ഭൂമിയെടുപ്പുമായി ബന്ധപ്പെട്ട് 25 ശതമാനം തുക സംസ്ഥാന സർക്കാറാണ് വഹിച്ചത്. ഇതിനുള്ള 6769 കോടിയിൽ 5580 കോടി ഇതിനകം സംസ്ഥാന സർക്കാർ ചെലവഴിച്ചു. ഈ 6769 കോടി അധികമൂലധന ചെലവായി പരിഗണിച്ച് 6000 കോടി ഉപാധികളില്ലാതെ കടമെടുക്കാൻ അനുവദിക്കണമെന്നാണ് മറ്റൊരു ആവശ്യം. കേന്ദ്രാവിഷ്കൃത പദ്ധതികൾക്കുള്ള കേന്ദ്ര വിഹിതം ബ്രാൻഡിങ്ങിന്റെ പേരിൽ തടയുന്ന പ്രവണത സംസ്ഥാനത്തെ പദ്ധതി നിർവഹണത്തെ കാര്യമായി ബാധിക്കുന്നതും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.