തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ കണക്കുകളും പ്രത്യേക വില്ലേജ് മാതൃകയിലുള്ള പുനരധിവാസ പദ്ധതിയും ഉള്‍പ്പെടുത്തി കേരളം തയാറാക്കുന്ന മെമ്മോറാണ്ടം 10 ദിവസത്തിനകം കേന്ദ്രത്തിന് കൈമാറും. ഇതുസംബന്ധിച്ച റിപ്പോർട്ട് വേഗം തയാറാക്കി സമര്‍പ്പിക്കാന്‍ തദ്ദേശ-റവന്യൂ വകുപ്പുകളെ ചുമതലപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തബാധിത പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരളത്തോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാശനഷ്ടക്കണക്കുകളും പുനരധിവാസ പാക്കേജിലെ വിവരങ്ങളും ഉള്‍പ്പെടുത്തി മെമ്മോറാണ്ടം തയാറാക്കാനുള്ള നടപടി വേഗത്തിലാക്കിയത്. വയനാട് കലക്ടറുടെ നേതൃത്വത്തില്‍ റവന്യൂ-തദ്ദേശ സ്ഥാപന വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തയാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ സംസ്ഥാന തലത്തില്‍ വിവിധ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ ചീഫ് സെക്രട്ടറി ക്രോഡീകരിക്കും. തുടര്‍ന്ന് മന്ത്രിസഭയുടെ അനുമതിയോടെ കേന്ദ്രത്തിന് കൈമാറും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുമ്പ് കേന്ദ്രസംഘംകൂടി വയനാട്ടിലെത്തി സാഹചര്യങ്ങൾ വിലയിരുത്തിയ സാഹചര്യത്തില്‍ പുനരധിവാസ പാക്കേജ് അനുവദിക്കാന്‍ കൂടുതല്‍ ചുവപ്പുനാടയുടെ കുരുക്കുണ്ടാകില്ലെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തല്‍.
ദുരന്തമേഖല സന്ദര്‍ശിച്ച കേന്ദ്രസംഘത്തോട് അടിയന്തര പുനരധിവാസത്തിന് 2000 കോടി ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനും സ്വത്തിനും പുറമെ വയനാട് ചൂരല്‍മല, മുണ്ടക്കൈ മേഖലകളിൽ 350 ഏക്കറിലുണ്ടായ കൃഷിനാശത്തിനും നഷ്ടപരിഹാരം ആവശ്യമാണ്. ആഗോള താപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും ആഘാതം കേരളത്തെയും ബാധിച്ചെന്നും ഇതിന്റെ പ്രതിഫലനമാണ് അടിക്കടിയുണ്ടാകുന്ന പ്രവചനാതീതമായ പ്രകൃതിദുരന്തങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഇതു നേരിടാന്‍ മതിയായ സജ്ജീകരണങ്ങള്‍ ആവശ്യമാണെന്നും ആവശ്യപ്പെട്ടു.
ജിയളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, ഇന്ത്യ മെറ്ററോളജിക്കല്‍ വകുപ്പ്, നാഷനല്‍ സീസ്മോളജി സെന്റര്‍, നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വിസസ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രത്യേക സെന്ററുകളും അത്യാധുനിക പഠന സൗകര്യമുള്ള പ്രാദേശിക ഓഫിസുകളും സംസ്ഥാനത്ത് ആരംഭിക്കണമെന്ന ആവശ്യവും മെമ്മോറാണ്ടത്തില്‍ കേരളം ഉള്‍പ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.