തിരുവനന്തപുരം: പടവെട്ട് സംവിധായകനെതിരെയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർക്കെതിരെയും ആരോപണം ഉയർന്ന സാഹചര്യത്തിൽ ഉത്തരവാദിത്തം ലംഘിച്ച നിർമാതാക്കൾക്ക് എതിരെ ഒടുവിൽ സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യു.സി.സി പ്രതികരിച്ചു. ഓഡിഷന്റെ പേരിൽ പീഡനം നടത്തിയെന്ന പരാതിയിൽ 'പടവെട്ട്' സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെ നടപടി വേണമെന്ന് നടപടി വേണമെന്നാണ് ഡബ്യു.സി.സി ആവശ്യപ്പെട്ടത്.
സിനിമയുടെ സംവിധായകന്റെയും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുടെയും പേരുകൾ സിനിമയുടെ ക്രെഡിറ്റിൽ നിന്ന് ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. വിഷയത്തിൽ വനിത കമ്മീഷൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട ഡബ്ല്യു.സി.സി ആഭ്യന്തര പരാതി പരിഹാരസമിതി ഇല്ലാതെ എടുത്ത സിനിമയാണിതെന്നും ചൂണ്ടിക്കാട്ടി.
പീഡന പരാതിയെ തുടർന്ന് സംവിധായകൻ ലിജു കൃഷണയെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിബിൻ പോളിനെതിരെ മീ ടൂ പരാതി ഉയരുകയും ചെയ്തിരുന്നു. ഓഡിഷന് വിളിച്ച് വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ബിബിന് എതിരെയുള്ള ആരോപണം. വിമൻ എഗെയിൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെൻറ് എന്ന എഫ്ബി പേജിലൂടെയാണ് പരാതി ഉന്നയിച്ചത്.
പടവെട്ടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുവതി നൽകിയ പരാതിപ്രകാരം കാക്കനാട് ഇൻഫോപാർക് പൊലീസ് കണ്ണൂരിലെത്തി ലിജുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലിജു കൃഷ്ണ ആദ്യമായി സംവിധാന ചെയ്യുന്ന ചിത്രമാണ് പടവെട്ട്. ചിത്രത്തിന്റെ തിരക്കഥയും ഇയാൾ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. മഞ്ജു വാര്യരും നിവിൻ പോളിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.