ഹേമ കമ്മിറ്റി റിപ്പോർട്ട് വിവരങ്ങൾ പുറത്തുവിടുന്നത് മൊഴി നൽകിയവരെ തിരിച്ചറിയുംവിധം; ചാനലിനെതിരെ ഡബ്ല്യു.സി.സി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പരിധിയിലേക്ക് കൊണ്ടുവന്നതോടെ മാധ്യമ വിചാരണകളിലേക്ക് വലിച്ചിഴക്കുന്ന സാഹചര്യം ഉണ്ടായെന്ന കുറ്റപ്പെടുത്തലുമായി ഡബ്ല്യു.സി.സി. മുഖ്യമന്ത്രി പിണറായി വിജയനുള്ള തുറന്ന കത്തിലാണ് ആരോപണം. പുറത്തുവിടുന്ന വിവരങ്ങൾ മൊഴി കൊടുത്തവർ ആരാണെന്ന് പുറംലോകത്തിന് തിരിച്ചറിയാൻ പാകത്തിലാണ് വാർത്ത നൽകുന്നതെന്ന് റിപ്പോർട്ടർ ചാനലിന്‍റെ വാർത്ത ചൂണ്ടിക്കാട്ടി ഡബ്ല്യു.സി.സി പറയുന്നു.

ഡബ്ല്യു.സി.സി ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ച തുറന്ന കത്ത്:

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ഒരു തുറന്നകത്ത്

താങ്കൾ നിയോഗിച്ച ഹേമ കമ്മറ്റി മുമ്പാകെ സിനിമയിൽ പണിയെടുക്കുന്ന സ്ത്രീകൾ നൽകിയ മൊഴികൾ ഇപ്പോൾ സ്പെഷൽ ഇൻവസ്റ്റിഗേഷൻ ടീമിൻ്റെ പരിധിയിലേക്ക് കൊണ്ടു വന്നതോടെ കോടതി ഉത്തരവ് പോലും ലംഘിച്ച് റിപ്പോർട്ടർ ചാനലിലൂടെ നിരുത്തരവാദപരമായ മാധ്യമ വിചാരണകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിരിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്. ഈ ആശങ്ക പങ്കുവക്കാനാണ് ഞങ്ങൾ താങ്കളെ നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചത് . എന്നാൽ പീഡിപ്പിക്കപ്പെട്ടവരുടെ സ്വകാര്യത മാനിച്ച് പുറത്തുവിടരുതെന്ന് ഹേമ കമ്മറ്റിയും സർക്കാറും കോടതിയും തീരുമാനിച്ച ഏറ്റവും സ്വകാര്യമായ മൊഴികൾ ഇപ്പോൾ റിപ്പോർട്ടർ ചാനലിലൂടെ എത്തുന്നത് കമ്മറ്റി റിപ്പോർട്ട് കൈവശമുള്ള ചിലരുടെയെങ്കിലും നീക്കങ്ങളെ സംശയാസ്പദമാക്കിയിരിക്കുന്നു . പുറത്തുവിടുന്ന വിവരങ്ങൾ മൊഴി കൊടുത്തവർ ആരാണെന്ന് പുറം ലോകത്തിന് തിരിച്ചറിയാൻ പാകത്തിലാണ് . പീഡിപ്പിക്കപ്പെട്ടവർക്കൊപ്പം എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ പ്രവൃത്തി അതിന് വിധേയരായ സ്ത്രീ ജീവിതങ്ങളെ ദുരിത പൂർണ്ണവും കടുത്ത മാനസീക സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു. സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണ് . ഇക്കാര്യത്തിൽ താങ്കൾ അടിയന്തരമായി ഇടപെട്ട് സ്വകാര്യതയെ അവഹേളിക്കുന്ന ആ വാർത്ത ആക്രമണം തടയണമെന്ന് ഞങ്ങൾ ശക്തമായി ആവശ്യപ്പെടുന്നു.
വിശ്വസ്തതയോടെ
ഡബ്ല്യു.സി.സി.

Tags:    
News Summary - WCC criticize medias releasing Hema Committee Report information

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.