തിരുവനന്തപുരം: മാവോയിസ്റ്റ് സി.പി ജലീൽ കൊല്ലപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി പൊലീസ്. വൈത്തിരിയിലെ റിസോർട്ടിൽ വച്ചു നടന്ന ഏറ്റുമുട്ടലിനിടെയാണ് ജലീൽ കൊല്ലപ്പെട്ടത്. എന്നാൽ ജലീൽ വെടിവെച്ചുവെന്ന് തങ്ങൾ ആരോപിച്ചിട്ടില്ലെന്നാണ് വിശദീകരണം. മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് പൊലീസിന്‍റെ വിശദീകരണം.
റിസോർട്ടിൽ ഏറ്റുമുട്ടലുണ്ടായെന്നും പൊലീസ് തിരിച്ചു വെടിവച്ചുവെന്നും മജിസ്റ്റീരിയൽ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവദിവസം ആയുധധാരികളായ രണ്ട് മാവോയിസ്റ്റുകൾ റിസോർട്ടിൽ വന്നിരുന്നു. അവരുടെ കൈവശം ആയുധങ്ങൾ ഉണ്ടായിരുന്നതായി സി.സി.ടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
ജലീലും ചന്ദ്രുവുമാണ് റിസോർട്ടിലെത്തിയത്. ചന്ദ്രുവാണ് പൊലീസിന് നേരെ വെടിവച്ചത്. തിരിച്ചുള്ള പൊലീസ് ആക്രമണത്തിൽ ജലീലിന് വെടിയേറ്റു. സ്ഥലപരിശോധനയിൽ എകെ 47 തോക്കിൻ്റെ തിരകളും കണ്ടെത്തിയിട്ടുണ്ട്. ഇത് രക്ഷപ്പെട്ട മാവോയിസ്റ്റ് വെടിവെച്ചതാണെന്നും പൊലീസ് പറഞ്ഞു. ജലീലിൻ്റെ തോക്കിൻ്റെ ഫോറൻസിക് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയുള്ള വിവാദങ്ങളിൽ അടിസ്ഥാനമില്ലെന്നും പൊലീസ് വ്യക്തമാക്കി.
വയനാട് ലക്കിടിയിലെ റിസോർട്ടിൽ കഴിഞ്ഞ വർഷം മാർച്ചിൽ മാവോവാദി സി.പി. ജലീലിനെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയെന്ന പൊലീസ് വാദത്തിന് തിരിച്ചടിയായിരുന്നു ഫോറൻസിക് റിപ്പോർട്ട്. ജലീലിെൻറ തോക്കിൽനിന്ന് വെടിയുതിർത്തിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ജലീൽ ഉപയോഗിച്ചെന്ന് പറയുന്ന റൈഫിളിൽ നിന്ന് വെടിപൊട്ടിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട്, പൊലീസ് ഹാജരാക്കിയ സർവിസ് തോക്കുകളിൽ ഒമ്പത് എണ്ണത്തിൽനിന്ന് വെടിയുതിർത്തിട്ടുണ്ടെന്നും പറയുന്നു. ജലീലിെൻറ വലതു കൈയിൽ വെടിമരുന്നിെൻറ അവശിഷ്ടം കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
2019 മാർച്ച് ഏഴിനാണ് ലക്കിടിയിലെ ഉപവൻ റിസോർട്ടിൽ ജലീൽ കൊല്ലപ്പെട്ടത്. തോക്കുമായെത്തിയ ജലീൽ വെടിവെച്ചപ്പോൾ തിരികെ വെടിവെച്ചു എന്നാണ് പൊലീസ് വിശദീകരിച്ചത്. ഫെബ്രുവരിയിൽ തന്നെ ഫോറൻസിക് ലാബ് വയനാട് ജില്ല കോടതിയിൽ റിപ്പോർട്ട് നൽകിയെങ്കിലും കുടുംബാംഗങ്ങൾ നടത്തിയ നിയമപരമായ ഇടപെടൽ വഴിയാണ് പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.