മലപ്പുറം: ഹിന്ദുയിസവും ഹിന്ദുത്വവും ഒന്നല്ലെന്നും അവ രണ്ടും പരസ്പര വിരുദ്ധമാണെന്നുമുള്ള ശക്തമായ പ്രചാരണമാണ് രാജ്യത്തെ ജനങ്ങള്‍ക്കിടിയില്‍ നടത്തേണ്ടതെന്ന് സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദ്. ജോയിന്റ് കൗണ്‍സില്‍ 54ാം സംസ്ഥാന സമ്മേളന ഭാഗമായുള്ള വനിത സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ഹിന്ദുയിസം എല്ലാറ്റിനേയും ഉള്‍ക്കൊള്ളുകയും അങ്ങേയറ്റം സഹിഷ്ണുതാപരമായി പെരുമാറുകയും ചെയ്യുമ്പോള്‍ ‘ഹിന്ദുത്വ’ പുറന്തള്ളലും വെറുപ്പും മുഖമുദ്രയാക്കിയിരിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിശ്ചയിക്കുന്നത് ഹിന്ദുത്വ അജണ്ടയാണെന്നും ടീസ്റ്റ പറഞ്ഞു. വനിത സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. വീട്ടമ്മമാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ എൽ.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ കേരളത്തില്‍ വലിയ ചലനമാണ് സൃഷ്ടിക്കുന്നത്. 45 ലക്ഷത്തോളം അംഗങ്ങളുള്ള കുടുംബശ്രീയിലൂടെ സ്ത്രീശാക്തീകരണത്തിന്റെ വിജയഗാഥകളാണ് സൃഷ്ടിക്കുന്നത്. സ്ത്രീ ശാക്തീകരണത്തിൽ കേരളം ലോകമാതൃകയാണെന്നും മന്ത്രി പറഞ്ഞു.
ബിന്ദു രാജന്‍ അധ്യക്ഷത വഹിച്ചു. ഭുവനേശ്വരില്‍ നടന്ന ചെസ് മത്സരത്തില്‍ സ്വര്‍ണമെഡല്‍ നേടിയ പി. സുധക്കും സമ്മേളന ലോഗോ ഡിസൈൻ ചെയ്ത പി.കെ. അരവിന്ദനും മന്ത്രി ഉപഹാരം നല്‍കി. എം.എസ്. സുഗൈതകുമാരി, കേരള മഹിളസംഘം സെക്രട്ടറി അഡ്വ. പി. വസന്തം, കവിത രാജന്‍, അഡ്വ. സുജാത വര്‍മ്മ, എസ്. കൃഷ്ണകുമാരി തുടങ്ങിയവര്‍ സംസാരിച്ചു. ഉച്ചക്ക് രണ്ടിന് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ മുഖ്യപ്രഭാഷണം നടത്തി.
വൈകീട്ട് അഞ്ചിന് സാംസ്കാരിക സമ്മേളനം സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആലങ്കോട് ലീലാകൃഷ്ണന്‍, സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.വി. ബാലന്‍, ഡി. ബിനില്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി. ശനിയാഴ്ച രാവിലെ 11ന് ‘കേരളം സൃഷ്ടിച്ച മാതൃകകൾ’ സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി അഡ്വ. കെ. രാജൻ അധ്യക്ഷത വഹിക്കും. വൈകീട്ട് ഭാരവാഹികളുടെ തെരഞ്ഞെടുപ്പോടെ സമ്മേളനം അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.