Photo: Kannur Vishesham Facebook page

‘കല്യാണപ്പൊരയുടെ മണം പരത്തുന്ന കാറ്റ് വീശിത്തുടങ്ങിയാൽ പിന്നെ ഉത്സവത്തിനുള്ള കൊടിയേറും‘

ടത്തനാട്ടിൽ കല്യാണങ്ങൾ ഉത്സവങ്ങളാണ്. ഓരോ കല്യാണവും ഒരു നാടിന്‍റെയാകെ ആഘോഷവും കൂട്ടായ്മയുടെ വിളംബരവുമാണ്. കാലത്തിന്‍റെ കുത്തൊഴുക്കിൽ പലതിനും മാറ്റം വന്നെങ്കിലും ഓർമകളിൽ പഴയ കല്യാണപ്പൊരകൾ നിറഞ്ഞു നിൽക്കുന്നുണ്ട്. ഇന്നത്തെ വടകര ഉൾപ്പെടുന്ന കടത്തനാടൻ മേഖലയിലെ 90കളിലെ കല്യാണവീടുകളെ കുറിച്ച് മേപ്പയ്യൂർ സ്വദേശിയായ പി. രജിലേഷ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ശ്രദ്ധേയമാകുകയാണ്...

കല്യാണപ്പൊരയുടെ മണം പരത്തുന്ന കാറ്റ് വീശിത്തുടങ്ങിയാൽ പിന്നെ ഉത്സവത്തിനുള്ള കൊടിയേറും. കല്യാണപ്പൊരയുടെ ചുറ്റും കാടുപോലെ തഴച്ചു വളർന്ന ചെടിപ്പടർപ്പുകൾ നീക്കം ചെയ്ത് പന്തൽപറമ്പ് ഒരുങ്ങും... പന്തലിടുന്ന ദിവസം ചക്ക അരിഞ്ഞിട്ട് അടുപ്പിന് മുകളിലെത്തുന്ന നിമിഷം മുതൽ കല്യാണപ്പെണ്ണിൻ്റെ അച്ഛൻ്റെ നെഞ്ചിൽ തീ കത്തിത്തുടങ്ങും. ആരും അറിയാത്ത കാമുകൻ്റെ നെഞ്ച് പിളർന്ന് പന്തലൊരുക്കാനുള്ള കവുങ്ങ് നിലംപതിക്കും.
 

തൂണ് നാട്ടാനുള്ള കുഴിയെടുക്കുമ്പോൾ അതിൽ നിന്നും ചിരട്ട കൊണ്ട് മണ്ണ് വാരുക, ചക്ക വിളമ്പാനുള്ള ഇല തയ്യാറാക്കുക, ദാഹം ആവിശ്യപ്പെടുന്ന ദിക്കിലേക്ക് കുടിവെള്ളമെത്തിക്കുക തുടങ്ങി ഭാരിച്ച ഉത്തരവാദിത്വങ്ങൾ ആത്മാർത്ഥമായി നിറവേറ്റി ഞങ്ങളും പന്തലിടൽ കഴിച്ചുകൂട്ടുന്നതിൽ പങ്കു ചേരും. അതിനിടയിൽ ചക്ക വെന്തോ എന്ന് അടുക്കളപ്പുറത്ത് എത്തിനോക്കിയ നിഷ്കളങ്കനായ ഒരാൾ അന്നത്തെ ഞങ്ങളുടെ വിശപ്പിൻ്റെ മേൽവിലാസം വിളിച്ചു പറഞ്ഞിരുന്നു.
 

പന്തലിട്ട് കഴിഞ്ഞാൽ പിന്നെ സമയം ധൃതി പിടിച്ച് പാഞ്ഞ് കൊണ്ടിരിക്കും. കല്യാണപ്പെണ്ണ് ഒരുങ്ങുന്നത് പോലെ പന്തലൊരുക്കണം ഈന്തോലപ്പട്ടയും എരഞ്ഞിഇലയും വെച്ച് പന്തലിൽ അലങ്കാരപ്പണിയുണ്ട്. സാരി കൊണ്ടുള്ള ഡക്കറേഷനിൽ വിദഗ്ദരായ കലാകാരൻമാർ ആരാധകരുടെ ശ്രദ്ധയാകർഷിച്ചു.കൺമഷിയെഴുതി, പൊട്ടുകുത്തി, മൈലാഞ്ചിച്ചോപ്പും കുപ്പിവളകളുമിട്ട് പെട്രോമാക്സിൻ്റെ കാറ്റൂതുന്ന വെളിച്ചത്തിൽ പെണ്ണിൻ്റെ മനസ്സിനൊപ്പം കല്യാണപ്പന്തലും ഒരുങ്ങും.
 

ഈട്ടുപുര എന്ന സ്വതന്ത്ര രാജ്യത്തിൻ്റെ അധിപനായി വെപ്പുകാരൻ്റെ വരവോടെ കല്യാണഒരുക്കങ്ങളുടെ സ്വഭാവം പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കും. പിന്നീടുള്ള രാത്രികൾക്ക് അതോടെ ഉറക്കമില്ലാതാകും. വീടിന് പുറകിൽ വെപ്പുകാരുടെ അടുപ്പുകൾ ഒരുങ്ങും. സുർക്കയിൽ ചേനയും ചെറുനാരങ്ങയും ചേർത്തുണ്ടാക്കുന്ന അച്ചാർ ഭരണിയിൽ വിശ്രമിക്കും. വറുത്തരയ്ക്കുന്ന തേങ്ങയുടെ അരവിൻ്റെ മൂപ്പെത്തിയോ എന്ന് എത്തിനോക്കാൻ പാകത്തിൽ,അന്യർക്ക് പ്രവേശനമില്ലാത്ത ഊട്ടുപുരയുടെ അടുത്തു തന്നെ അരവിനുള്ള അമ്മികൾ നിരത്തണമെന്ന് വെപ്പുകാരൻ നിർദ്ദേശിക്കും. വറുത്ത തേങ്ങ അമ്മിയിലിട്ട് താളത്തിൽ അരച്ചെടുക്കുന്ന പെണ്ണുങ്ങളാണ് കല്യാണപ്പൊരയുടെ മറ്റൊരു രുചിക്കാഴ്ച.

Photo: Kannur Vishesham Facebook page
 


വെപ്പുകാരനെ സഹായിക്കാൻ പാചകപ്പുരയിൽ തല്പര കക്ഷികളുടെ കണ്ണും കാതുമുണ്ടാകും. അന്നത്തെ കല്യാണപ്പൊരയിൽ അങ്ങനെയാണ് ഓരോരുത്തർക്കും താല്പര്യമുള്ള കാര്യത്തിൽ അവർ മുഴുകിക്കൊണ്ടേയിരിക്കും. കസേരയും മേശയും വലിച്ചുവരുന്ന വണ്ടിയിൽ കസേരയേക്കാൾ കൂടുതൽ കുത്തിനിറച്ച് ഞങ്ങളുമുണ്ടാകും. വട്ടയിലും ചെമ്പിലും താളം മുഴക്കി ഞങ്ങളുടെ ആർപ്പുവിളികളും ആരവങ്ങളുമായി സാധനങ്ങളെത്തും. പാത്രങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദം ഊട്ടുപുരയുടെ അച്ചടക്കത്തെ തോല്പിച്ചു കളയും. അമ്മി തലയിലെടുത്ത് നിവർന്ന് നടക്കുന്ന ആണൊരുത്തൻ്റെ പിറകിൽ അമ്മിക്കുട്ടിയും പേറി, അച്ചിയും കുട്ടിയും മാറിപ്പോകാതിരിക്കാനുള്ള ഉത്തരവാദിത്വത്തിൻ്റെ കത്തുന്ന കണ്ണുമായി ഞങ്ങളും നടക്കും. പല ദിക്കിൽ നിന്നായി ഒഴുകിയെത്തി ഒരുമിച്ചു ചേരുന്ന സാധനങ്ങളിലെല്ലാം വടിവൊത്ത അടയാളങ്ങൾ വരച്ചിടാൻ കൃത്യതയുടെ വിരലിനടിയിൽ ബ്രഷ് ചേർത്ത് പിടിച്ച് ഒരാൾ നില്പുണ്ടാവും.
 

പാത്രങ്ങൾ കഴുകി വൃത്തിയാക്കുന്ന സമയത്തെ ഒളിഞ്ഞ് നോട്ടത്തിൻ്റെ അശ്ലീലച്ചേറുകളും പെണ്ണുങ്ങൾ വെള്ളമൊഴിച്ച് ശുദ്ധീകരിക്കും. പുല്ലുപായ നിലത്ത് വിരിച്ച് പച്ചക്കറികളും മറ്റ് സാധനങ്ങളും പാചകക്കാരൻ്റെ കൈയ്യത്തും ദൂരത്ത് നിലയുറപ്പിക്കും.പായ വിരിച്ച് നിലത്തിരുന്ന് ഉണ്ണുന്നകാലത്തെ പരിഷ്കരിച്ച് ഇരുമ്പു മേശയും ഇരുമ്പ് കസേരയും ബന്ധു ജനങ്ങളെ സ്വീകരിച്ചിരുത്താൻ തയ്യാറായി. അവഗണനയുടെ അഴങ്ങളിൽ നിന്ന് ചായക്കാരൻ സ്വന്തമായ ഇടം കണ്ടെത്തും. ഒറ്റപ്പെടലിൻ്റെ തീയിൽ അയാൾ പതപ്പിച്ചു പാരുന്ന ചായച്ചൂട് ജമനകളിൽ നിന്ന് ഞങ്ങളുടെ തുട പൊള്ളിച്ചു കളഞ്ഞിട്ടുണ്ട്. ചായ സൽക്കാരത്തിൻ്റെ സ്വതന്ത്രമായ ഒഴുക്കിന് ഭംഗംവരുത്തി കടുപ്പം കുറഞ്ഞ, പാലൊഴിക്കാത്ത, മധുരം കുറച്ച ചില ശബ്ദങ്ങൾ ഞങ്ങളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.
 

നസീറും ഷീലയും പോലെ അവിലും പഴവും നിറഞ്ഞാടിയ കാലമായിരുന്നു അത്. അരിച്ചാക്കുമായി അമ്മാവനെത്തും പഞ്ചസാരയും ചായക്കെട്ടുമായി അമ്മായിയും പിറകെ യുണ്ടാകും. വെള്ളയും വെള്ളയുമിട്ടവർ കാലിന് മുകളിൽ കാല് കയറ്റി വെച്ച് ഉമ്മറത്തെ പന്തലിൽ ബന്ധുബലത്തിൻ്റെ അഡ്യത്തം പ്രഖ്യാപിക്കും. മുറിക്കിപ്പത്തുപ്പുന്നവരെ കാത്ത് വെറ്റിലയും അടക്കയും പന്തലിൻ്റെ മൂലയിൽ ഒളിച്ചിരിക്കും. ചുണ്ടിൽ ദിനേശ് ബീഡി എരിയുന്ന ഒത്താശക്കാർ തെക്ക് വടക്ക് പാഞ്ഞ് നടക്കും. അവരിൽ ചിലർ ആരുമറിയാതെ മിന്നുകയും മിനുങ്ങുകയും ചെയ്യും. അളിയൻ കണ്ണുകൊണ്ട് മാടി വിളിച്ച് അനുഭവിപ്പിച്ച ആനന്ദത്തിൻ്റെ ദ്രാവകച്ചൂട് പക്ഷേ ഒരു രഹസ്യാന്വേഷണ കമ്മീഷനും കണ്ടെത്താൻ കഴിയാത്ത മാന്യതയിലും മര്യാദയിലും മുഖം മൂടിയിരുന്നു.
ചോറ് വെപ്പുകാർ അരിയളന്നെടുക്കുമ്പോൾ ഉത്തരവാദപ്പെട്ടവർ സാക്ഷികളായി നിന്നു.

 

ചോറടുപ്പിൻ്റെ തീച്ചൂട് നെഞ്ചിലേറ്റി ഓലത്തുച്ച് നിലത്ത് വിരിച്ച് അടുപ്പിനടുത്തിരുന്ന് അധികം വെന്തുപോകാതെ പാകത്തിലൂറ്റിയെടുക്കുന്ന
രാഷ്ട്രീയ തർക്കങ്ങളിൽ അവർ മുഴുകിയിരുന്നു. നടവരമ്പിലൂടെ ഇല മുറിച്ചെത്തുന്ന ഞങ്ങളെക്കാത്ത് പെണ്ണിൻ്റെ അച്ഛൻ്റെ വാത്സല്യച്ചിരിയുണ്ടാകും. വാഴച്ചോട്ടിൽ വെച്ച് പദ്ധതിയിട്ട പ്രകാരം കല്യാണം കൊഴുപ്പിക്കാനുള്ള തിരക്കിലായിരിക്കും പിന്നെ ഞങ്ങൾ. കല്യാണച്ചെക്കനും കൂട്ടരും സദ്യക്കിരിക്കുമ്പോൾ കൊടുക്കാനായി മുഖം മിനുത്ത നാക്കിലകൾ വേർതിരിച്ച് മാറ്റിവെക്കുന്ന ജോലിയും ഞങ്ങൾക്കുള്ളതാണ്. പായസത്തിനുള്ള തേങ്ങ പീഞ്ഞെടുക്കാൻ അർദ്ധരാത്രി കഴിയും നാവിൽ വെള്ളമൂറുന്ന നാളത്തെ മനപ്പായസം കുടിച്ച് ഞങ്ങളും അവർക്കൊപ്പം ഉറങ്ങാതെ കൂട്ടിരിക്കും.
അവരുടെ കരുത്താർന്ന കൈകളിലൂടെ ഒലിച്ചിറങ്ങുന്ന മധുര പ്രഥമൻ എത്ര വിരുന്നിലകളെയാണ് നാളെ ആനന്ദം കൊള്ളിക്കുക...

 

ഒരാൾ ക്യാമറയും തൂക്കി ഈ ചിത്രങ്ങളെല്ലാം ചരിത്രത്തിലേക്ക് ഒപ്പിയെടുത്തിരുന്നു. ആദ്യമായി വീഡിയോ ക്യാമറ അവതരിച്ച കല്യാണപ്പൊര ഓർമ്മയിൽ നിന്ന് ഒരിക്കലും മാഞ്ഞ് പോകില്ല. ചുമലിൽ ക്യാമറവെച്ച് അയാൾ അത്ഭുതം കൊണ്ട് അന്തംവിട്ടു പോയ ജീവിതക്കാഴ്ചകളെ ചലിപ്പിച്ച് കാണിച്ചു തന്നു. അയാൾക്ക് പിന്നിൽ ഒച്ചവെച്ച് ഞങ്ങൾ കൂട്ടമായി നടന്നു. അയാൾക്ക് പിറകിൽ മറ്റൊരുത്തൻ ഉയർത്തിപ്പിടിച്ച ആകാശ വെളിച്ചം ഞങ്ങളെ വല്ലാതെ വിസ്മയിപ്പിച്ചു. ക്യാമറക്കണ്ണുകളുടെ നിരീക്ഷണം അന്നു മുതൽ ഞങ്ങളെ അഭിനയിക്കാൻ പഠിപ്പിച്ചു.
 

ചോറ് കൊടുക്കാൻ നേരമായാൽ പിന്നെ വിളമ്പക്കാരുടെ ലിസ്റ്റിടും. സേവന തല്പരരായ ചെറുപ്പക്കാർക്കാണ് ലിസ്റ്റിൽ മുൻഗണനയുണ്ടാകുക. ലിസ്റ്റിടുന്നവൻ്റെ അഹങ്കാരവും അധികാരവും ഞങ്ങളോട് എന്നും വിവേചനം കാണിച്ചിരുന്നു. വെള്ളം കൊടുക്കാനും ഗ്ലാസ്സ് കഴുകാനും മാത്രം നിയോഗിക്കപ്പെട്ട ഞങ്ങളുടെ വിധി മാറിക്കിട്ടാൻ വേഗത്തിൽ വളർന്ന് വലുതാകണമെന്ന് ഞങ്ങളാഗ്രഹിച്ചു. ഊട്ടുപുരയിൽ ഇരുത്തംവന്നവർക്കാണ് ചുമതല. ചോറ് വിളമ്പാൻ ഓരോ പ്രദേശത്തും കാലം പ്രത്യേകം ചുമതലപ്പെടുത്തായ ചിലരുണ്ടാകും.
 

ചെറുപ്പക്കാർ കാവ്യാത്മകമായി വിളമ്പിത്തരുന്ന വിഭവങ്ങൾ രുചിച്ചറിഞ്ഞ് പെൺകുട്ടികൾ പ്രേമാർദ്രമായി ചിരിച്ചു. ഇഷ്ടക്കേടിനെ തൊട്ടു നക്കി മുഖം ചുളിച്ചവൾ നിഷേധിക്കുകയും ചെയ്തു. പന്തലിന് നടുവിൽ നിന്ന് കൈകൊണ്ടും നാവുകൊണ്ടും നിയന്ത്രണം മൊത്തം ഏറ്റെടുക്കുന്ന ശബ്ദങ്ങൾ വിളമ്പക്കാരെ എല്ലാ കാലത്തും ചൊടിപ്പിച്ച് കൊണ്ടിരുന്നു. എച്ചിലിലകൾ ചാക്കിലെടുത്ത് വിയർത്ത് കുളിച്ചവർ കല്യാണപ്പെണ്ണിൻ്റെ ആങ്ങളച്ചെക്കൻ്റെ മുന്നിൽ ചാക്ക് അല്പനേരം താഴ്ത്തിവെച്ച് നെറ്റിയിലെ വിയർപ്പ് തുടച്ച് ആത്മാർത്ഥത പ്രകാശിപ്പിച്ചു.
 

ചെക്കൻ പെണ്ണിൻ്റെ കഴുത്തിൽ താലികെട്ടുമ്പോൾ, എല്ലാ കണ്ണുകളും അവരിലേക്ക് മാത്രം ആണ്ടിറങ്ങുന്ന സമയത്ത് തിക്കിയും തിരക്കിയും ഞങ്ങളാണ് ഏറ്റവും മുമ്പിലുണ്ടാവുക. ഇന്നേവരെ ഒരു കല്യാണച്ചെക്കനും കൈ വിറക്കാതെ പെണ്ണിൻ്റെ കഴുത്തിൽ താലികെട്ടിയിട്ടില്ല. മാലയിടലിൻ്റെ മണ്ഡപക്കാഴ്ചകളെ ശ്രദ്ധിക്കാതെ പരസ്പരം കണ്ണെറിഞ്ഞ് സംസാരിക്കുന്ന എത്രയോ പേർ കല്യാണപ്പൊരയുടെ മണവും മയിൽപ്പീലിയും സ്വന്തം പ്രണയ പുസ്തകത്തിൽ രഹസ്യമായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്.
 

അവൾ അണിഞ്ഞൊരുങ്ങി ആനന്ദത്തോടെ കല്യാണം കൂടാനെത്തിയത് അവന് വേണ്ടിയാണെന്ന് അവൻ തിരിച്ചറിഞ്ഞ ആ ധന്യ മുഹൂർത്തം, ആൾക്കൂട്ടത്തിൻ്റെ ആഘോഷത്തിരക്കിനിടയിലൂടെ അവളവൻ്റെ നെഞ്ചിലേക്കെറിഞ്ഞ മുല്ലപ്പൂ മണമുള്ള നോട്ടം ഒരു കല്യാണ വീടിനെ പിന്നെയും ഒരു പാട് താലിച്ചരടുകളിലൂടെ ബന്ധിപ്പിച്ച് കൊണ്ടേയിരിക്കുന്ന നിഗൂഢതയാണ്. ഓർമ്മയുടെ കല്യാണ മുറ്റത്ത് ഇനിയുമെന്തൊക്കെയോ ബാക്കിയുണ്ട്...
അന്നത്തെ എല്ലാ വിവാഹവിരുന്നിലും വിളമ്പിയിരുന്നത് സ്നേഹത്തിൻ്റെയും കൂട്ടുചേരലിൻ്റെയും പങ്കുവെക്കലിൻ്റെയും തീരാത്ത മധുരമാണ്...

 

Full View

 

Tags:    
News Summary - wedding house in good old days -facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.