തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖക്കരാറിലെ അഴിമതിയെ സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താനുള്ള തീരുമാനം സ്വാഗതാർഹമാണെന്ന് വി.എസ് അച്യുതാനന്ദൻ. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ അദാനി ഗ്രൂപ്പിന് അനുകൂലമായി കരാർ പൊളിച്ചെഴുതുകയായിരുന്നു. ആ ഘട്ടത്തിൽത്തന്നെ പ്രതിപക്ഷം ഇക്കാര്യം നിയമസഭയിലും പുറത്തും ശക്തമായി ഉന്നയിച്ചതാണ്. പക്ഷേ, ഉണ്ട ചോറിന് കൂറ് കാണിക്കുന്നതിൽ നിന്ന് യു.ഡി.എഫിനെ പിന്തിരിപ്പിക്കാനായില്ല. കരാറിനെക്കുറിച്ച് ഓഡിറ്റ് റിപ്പോർട്ടിൽ ഗുരുതരമായ ക്രമക്കേടുകൾ ചൂണ്ടിക്കാണിച്ചിട്ടും അത് തിരുത്താനോ കരാറിൽ എന്തെങ്കിലും മാറ്റം വരുത്താനോ യു.ഡി.എഫ് സർക്കാർ തയ്യാറായില്ലെന്നും വി.എസ് കുറ്റപ്പെടുത്തി.
സംസ്ഥാന താല്പര്യത്തിന് പുല്ലുവില കൽപിച്ച് അദാനിക്ക് വേണ്ടി തട്ടിക്കൂട്ടിയ കരാറാണിതെന്ന് മുമ്പ് പ്രസ്താവിച്ചത് ശരിവെക്കുന്നതാണ് സി.എ.ജി റിപ്പോർട്ട്. ഈ സാഹചര്യത്തിൽ, സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള, സിറ്റിംഗ് ജഡ്ജിയെ വച്ചുള്ള ജുഡിഷ്യൽ അന്വേഷണം തികച്ചും സ്വാഗതാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.