പൊന്നാനി: രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും പട്ടിണിയിലാണെന്നതാണ് മോദി ഭരണകൂടത്തിന്‍റെ നേട്ടമെന്ന് വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ഷീമ മുഹ്സിൻ പറഞ്ഞു.
സാധാരണക്കാരുടെ പണം കോർപറേറ്റുകൾക്ക് വീതം വെച്ച് കൊടുക്കുന്ന ദല്ലാൾ പണിയാണ് ഭരണകൂടം നിർവഹിക്കുന്നതെന്നും അവർ ആരോപിച്ചു. വിലക്കയറ്റം തടയുക, തൊഴിലില്ലായ്‌മ പരിഹരിക്കുക, ഗ്യാസ് സബ്‌സിഡി പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി സംഘടിപ്പിക്കുന്ന ദേശീയ കാമ്പയിന്‍റെ സംസ്ഥാനതല ഉദ്ഘാടനം പൊന്നാനിയിൽ നിർവഹിക്കുകയായിരുന്നു അവർ.
സാധാരണക്കാരുടെ ക്ഷേമ പദ്ധതികൾക്ക് പണമില്ല എന്നുപറയുന്ന സർക്കാർ കോർപറേറ്റുകൾക്ക് വേണ്ട ഇളവുകൾ പ്രഖ്യാപിക്കുന്നു. രണ്ട് കോടി ജനങ്ങൾക്ക് ജോലി നൽകും എന്നുപറഞ്ഞ് അധികാരത്തിലേറിയവർ ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കൾക്ക് ജോലി നൽകാൻ കഴിയുന്നില്ലെന്ന് മാത്രമല്ല, വലിയ തൊഴിൽ നഷ്ടമാണ് രാജ്യത്ത് സംഭവിച്ചതെന്നും അവർ ചൂണ്ടിക്കാട്ടി.
സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ല പ്രസിഡന്‍റ് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി ജില്ല പ്രസിഡന്‍റ് കൃഷ്ണൻ കുനിയിൽ, വിമൻ ജസ്റ്റിസ് മൂവ്‌മെന്‍റ് ജില്ല പ്രസിഡന്‍റ് നസീറ ബാനു, പ്രവാസി വെൽഫെയർ ഫോറം ജില്ല പ്രസിഡന്‍റ് മുഹമ്മദ് പൊന്നാനി, ഇബ്രാഹിംകുട്ടി മംഗലം എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി വഹാബ് വെട്ടം സ്വാഗതവും മണ്ഡലം പ്രസിഡന്‍റ് സി.വി. ഖലീൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.